
പാരീസ്: ക്ലബ് ഫുട്ബോളില്‍ 700 ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ബാഴ്സലോണയ്ക്കും പിഎസ്ജിക്കുമായി മെസിയുടെ അക്കൗണ്ടില്‍ 699 ഗോളുകളാണ് നിലവിലുള്ളത്.
ഞായറാഴ്ച ലില്ലെയ്ക്കെതിരായ മത്സരത്തില്‍ പിഎസ്ജിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയതോടെയാണ് മെസിയുടെ ഗോള്‍നേട്ടം 699 ആയി ഉയര്‍ന്നത്. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രീകിക്കിലൂടെയാണ് താരം വലകുലുക്കിയത്.
യൂറോപ്പിലെ പ്രശസ്ത ഫുട്ബോള്‍ ലീഗുകളില്‍ 700 ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടം ആദ്യമായി കുറിച്ചത്. ബാഴ്സലോണ, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് മെസി 699 ഗോളുകള്‍ നേടിയത്.
അടുത്ത മത്സരത്തില്‍ മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളി. ഈ മത്സരത്തിലൂടെ മെസി 700 ഗോളിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.