

കിലിയൻ എംബാപ്പെയും ലയണൾ മെസിയും, ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിൽ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത്.
File photo
2022 ഡിസംബർ 18. അർജന്‍റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയ ദിവസം. അന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ അതിനൊപ്പം ഫുട്ബോൾ ലോകത്ത് മറ്റൊരു മാറ്റം കൂടിയുണ്ടായി- ലയണൽ മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നു പറഞ്ഞിരുന്ന പല ഫുട്ബോൾ ആറാധകരും ലയണൽ മെസി vs കിലിയൻ എംബാപ്പെ എന്നു മാറ്റിപ്പറഞ്ഞു തുടങ്ങി. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമുള്ള ഇതിഹാസ ദ്വന്ദങ്ങളിലൊന്ന്, ഒരു പുതിയ യുഗപ്പിറവി അവിടെ സംഭവിക്കുകയായിരുന്നു!
ലയണൽ ആന്ദ്രെസ് മെസിയും കിലിയൻ എംബാപ്പെയും ഫുട്ബോൾ മൈതാനത്തെ പോരാട്ടത്തിന് മറ്റൊരു തലം നൽകിയ ലുസൈലിലെ രാത്രിക്കു നാല് വർഷം പ്രായമാകുന്നു. അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച ആ ഫൈനലിനു മുൻപ്, ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ 11 ഗോളുകളുമായി എട്ടാം സ്ഥാനത്തായിരുന്നു മെസി. എംബാപ്പെ ആദ്യ പത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ, ആ ഫൈനലിന് അവസാന വിസിൽ മുഴങ്ങുമ്പോൾ മെസി ഇരട്ട ഗോളുകളുമായും എംബാപ്പെ അവിസ്മരണീയമായ ഹാട്രിക്കുമായും ലോകത്തെ അദ്ഭുതപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതൊരു കൊടുങ്കാറ്റിന്‍റെ തുടക്കമായിരുന്നു.
നാല് വർഷങ്ങൾക്കിപ്പുറം, കളിമുറ്റത്തെ എല്ലാ അതിരുകളും അതിലംഘിച്ച് ഇരുവരും കുതിപ്പ് തുടരുകയാണ്. അവിടെ ക്രിസ്റ്റ്യാനോയുടെയും നെയ്മറുടെയും പേരുകൾ ചടങ്ങിനു വേണ്ടി മാത്രം അവർക്കൊപ്പം കൂട്ടിവായിക്കപ്പെടുന്നു. 2026 ഫിഫ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മെസിയും എംബാപ്പെയും ലോകകപ്പ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിക്കഴിഞ്ഞു.
ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരേ ഹാട്രിക്കും, തൊട്ടടുത്ത മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഇരട്ട ഗോളും നേടി ലയണൽ മെസി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡ് തകർത്തു. 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന സിംഹാസനത്തിലാണ് ഇപ്പോൾ റോസാരിയോയിൽ നിന്നുള്ള മന്ത്രവാദി ഇരിക്കുന്നത്.
തന്‍റെ ഈ പുതിയ റെക്കോർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ പതിവുപോലെ തികഞ്ഞ വിനയത്തോടെ മെസി പ്രതികരിച്ചു:
"സത്യസന്ധമായി പറഞ്ഞാൽ എനിക്കറിയില്ല. എനിക്ക് ആ ഗോളുകളൊന്നും ഇപ്പോൾ ഓർമ പോലുമില്ല. ഞാൻ അത്രമേൽ തളർന്നിരിക്കുന്നു. സഹതാരങ്ങൾക്കൊപ്പം ഈ നിമിഷം ആഘോഷിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മനസ്സിൽ. ഞങ്ങൾ ഒരുമിച്ച് എത്രത്തോളം മുന്നോട്ട് പോകുമെന്ന് നോക്കാം."
38-ാം വയസ്സിലും മെസി വിസ്മയങ്ങൾ കാട്ടുമ്പോൾ, പാരീസ് സെന്‍റ് ഷെർമൈനിൽ അദ്ദേഹത്തിന്‍റെ സഹതാരമായിരുന്ന, ഇപ്പോഴത്തെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഒട്ടും പിന്നിലല്ല. ഗ്രൂപ്പ് ഘട്ടത്തിൽ സെനഗലിനും ഇറാഖിനുമെതിരെ തുടർച്ചയായി ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, വെറും മൂന്ന് ലോകകപ്പുകളിൽ നിന്ന് തന്നെ ക്ലോസെയുടെ 16 ഗോളുകൾ എന്ന നേട്ടത്തിനൊപ്പമെത്തിക്കഴിഞ്ഞു. മെസിയെ മറികടക്കുന്നത് ഈ ലോകകപ്പിലോ അതോ അടുത്ത ലോകകപ്പിലോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്!
"അവൻ ലിയോ മെസിയാണ്, അവൻ എപ്പോഴും ഗോളുകൾ നേടും. നിലവിൽ റെക്കോർഡ് അദ്ദേഹത്തിന്‍റെ പക്കലാണ്, ഞാൻ പിന്നാലെയുണ്ട്. എന്‍റെ ഗോളുകളിലൂടെ ടീമിനെ എത്രയും ദൂരം മുന്നോട്ട് കൊണ്ടുപോകുക എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം"- മത്സരശേഷം എംബാപ്പെ പറഞ്ഞു.
മെസി എന്ന ഇതിഹാസത്തോടുള്ള ആദരവ് എംബാപ്പെ ഒരിക്കലും മറച്ചുവച്ചിട്ടില്ല. ഇറാഖിനെതിരായ മത്സരത്തിന് തൊട്ടുതലേന്ന് എംബാപ്പെ പറഞ്ഞിരുന്നു: "ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ലോകത്തെ ഏറ്റവും മികച്ച കളിക്കാർ. കഴിഞ്ഞ 15 വർഷമായി മെസി അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഈ വലിയ വേദിയിൽ എന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കുന്നു, അത്രമാത്രം."
ലുസൈലിലെ ആ ഇതിഹാസ പോരാട്ടത്തിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോഴും ലോക ഫുട്ബോളിലെ വീരകഥകൾ സ്പന്ദിക്കുന്നത് ഇവർ പന്തു തട്ടുന്ന താളത്തിലാണ്. ലോകത്തൊരു ഫുട്ബോൾ താരത്തിനു നേടാവുന്നതെല്ലാം മെസി നേടിക്കഴിഞ്ഞു എന്നു കരുതിയടത്തുനിന്നാണ് അദ്ദേഹം ചരിത്രത്തിൽ പുതിയ താളുകൾ എഴുതിച്ചേർക്കുന്നത്; മറുഭാഗത്ത് എംബാപ്പെ ആ ചരിത്രത്തെ മുഴുവൻ തിരുത്തിക്കുറിക്കാനുള്ള കുതിപ്പിലാണ്.
രണ്ട് ഇതിഹാസങ്ങൾക്കും തങ്ങളുടെ ഗോൾ സമ്പാദ്യം ഉയർത്താൻ ഇനിയും ആറ് മത്സരങ്ങൾ വരെ ബാക്കിയുണ്ടാവാം. വരുന്ന ജൂലൈ 19-ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസും അർജന്‍റീനയും വീണ്ടും മുഖാമുഖം നിൽക്കുകയാണെങ്കിൽ അതു മറ്റൊരു ചരിത്രത്തിന്‍റെ പിറവിയാകാം.