40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെക്സിക്കോ പ്രീ-ക്വാർട്ടറിൽ; ഇക്വഡോർ വീണു

ഹാവിയർ അഗ്യുറെയുടെ പരിശീലനത്തിൽ ജൂലിയൻ ക്വിനോണസും റൗൾ ജിമെനെസും ഗോളുകൾ നേടി; 1986ന് ശേഷം ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ജയം മെക്സിക്കോയ്ക്ക്
Mexico vs Ecuador FIFA world cup 2026

ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച മെക്സിക്കോ താരങ്ങളുടെ ആഹ്ളാദം.

Updated on

മെക്സിക്കോ സിറ്റി: നാല് പതിറ്റാണ്ടായുള്ള മെക്സിക്കൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ് ഒടുവിൽ സഫലമായി. ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായി തോൽവികൾ മാത്രം രുചിച്ചിരുന്ന മെക്സിക്കോ, ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇത്തവണ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി.

1986-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ബൾഗേറിയയെ തോൽപ്പിച്ച ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചിരുന്നില്ല. 1994 മുതൽ 2018 വരെയുള്ള ഏഴ് ലോകകപ്പുകളിലും ഈ ഘട്ടത്തിൽ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. 2022-ൽ ഗ്രൂപ്പ് ഘട്ടം കടക്കാനും ടീമിനായില്ല.

2024 ഓഗസ്റ്റിൽ മെക്സിക്കോയുടെ പരിശീലകനായി തിരിച്ചെത്തിയ ഹാവിയർ അഗ്യുറെയുടെ തന്ത്രങ്ങൾ ടീമിന് വലിയൊരു കുതിപ്പാണ് നൽകിയിരിക്കുന്നത്. 1986-ലെ ആ ചരിത്ര വിജയത്തിൽ ടീമിലുണ്ടായിരുന്ന അഗ്യുറെ, ഇപ്പോൾ പരിശീലകനായി ആ വിജയം ആവർത്തിച്ചതിൽ ഏറെ സന്തോഷവാനാണ്.

മെക്സിക്കൻ കടന്നാക്രമണം

ഒന്നാം പകുതിയിൽ തന്നെ ജൂലിയൻ ക്വിനോണസും റൗൾ ജിമെനെസും മെക്സിക്കോയ്ക്കായി ഗോളുകൾ നേടി, വെറും ഒമ്പത് മിനിറ്റിന്‍റെ ഇടവേളയിൽ. 22-ാം മിനിറ്റിൽ ക്വിനോണസ് മെക്സിക്കോയ്ക്ക് ആദ്യ ലീഡ് നൽകി. 31-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡ് ഉയർത്തി. കൊടുങ്കാറ്റിനെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ ഇക്വഡോറിനെതിരേ സമ്പൂർണ ആധിപത്യം പുലർത്താൻ മെക്സിക്കോയ്ക്ക് കഴിഞ്ഞു.

ഈ ടൂർണമെന്‍റിലെ തന്‍റെ മൂന്നാമത്തെ ഗോൾ നേടിയ ക്വിനോണസ്, മെക്സിക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനായി മാറി. നാല് ഗോളുകൾ വീതം നേടിയ ലൂയിസ് ഹെർണാണ്ടസ്, ഹാവിയർ ഹെർണാണ്ടസ് എന്നിവരാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. കൊളംബിയയിൽ നിന്ന് മെക്സിക്കോയിലെത്തി അവിടെ പൗരത്വം സ്വീകരിച്ച ക്വിനോണസ്, മെക്സിക്കോയുടെ ആക്രമണ നിരയിലെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

ദേശീയ ടീമിനായുള്ള തന്‍റെ 47-ാം ഗോൾ നേടിയ ജിമെനെസ്, ജാരെഡ് ബോർഗെറ്റിയുടെ റെക്കോർഡിനെ മറികടന്നു. മെക്സിക്കോയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഹാവിയർ ഹെർണാണ്ടസിന്‍റെ റെക്കോർഡിന് അഞ്ച് ഗോളുകൾ മാത്രം അകലെയാണ് ജിമെനെസ് ഇപ്പോൾ.

ഇനി കടുത്ത പോരാട്ടം

ബുധനാഴ്ച രാത്രി ഇംഗ്ലണ്ടും കോംഗോയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ മെക്സിക്കോ നേരിടുക.

റെക്കോഡ് മുന്നേറ്റം

ഐതിഹാസികമായ അസ്തെക്ക സ്റ്റേഡിയത്തിൽ നടന്ന പത്ത് ലോകകപ്പ് മത്സരങ്ങളിലും പരാജയമറിയാത്ത റെക്കോർഡ് മെക്സിക്കോ തുടരുകയാണ്. 2013-ന് ശേഷം ഈ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക മത്സരങ്ങളിൽ മെക്സിക്കോ തോറ്റിട്ടില്ല. നവംബറിൽ പരാഗ്വെയോട് നടന്ന സൗഹൃദ മത്സരത്തിന് ശേഷം തോൽവിയറിയാതെ 12 മത്സരങ്ങൾ പൂർത്തിയാക്കാനും മെക്സിക്കോയ്ക്കായി.

ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ തെക്കേ അമേരിക്കൻ (CONMEBOL) ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ കോൺകാകാഫ് (CONCACAF) രാജ്യമായും മെക്സിക്കോ മാറി. മുൻപ് നടന്ന അഞ്ച് തവണയും തെക്കേ അമെരിക്കൻ ടീമുകൾ തന്നെയായിരുന്നു വിജയിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com