
പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ തുടരാന്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരത്തെ ക്ലബ് വിറ്റേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നെയ്മറിന്റെ പുതിയ തീരുമാനം. ചെല്‍സിയിലേക്ക് മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, നെയ്മറിനെ വാങ്ങുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി ഇംഗ്ലീഷ് ക്ലബ് ചെല്‍സി അധികൃതര്‍ കഴിഞ്ഞ ദിവസം പാരീസില്‍ എത്തിയിരുന്നു. നെയ്മര്‍ക്കായി ചെല്‍സി ചോദിച്ച തുക വളരെ കൂടുതലായതിനാലാണ് അദ്ദേഹത്തെ വില്ക്കാന് സാധിക്കാത്തതെന്ന സൂചനയുമുണ്ട്.
2017ല്‍ ബാഴ്സലോണയില്‍ നിന്ന് അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മര്‍ ജൂനിയറെ പി എസ് ജി റാഞ്ചിയത്. മിന്നുന്ന ഫോമില്‍ കളിക്കുന്ന നെയ്മര്‍ 112 മത്സരങ്ങളില്‍ കളിച്ച താരം 82 ഗോളും പിഎസ്ജിയില്‍ നേടി.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ വരവോടെ നെയ്മര്‍ക്ക് ക്ലബിലിപ്പോള് രണ്ടാം സ്ഥാനമേ ഉള്ളൂ. നെയ്മര്‍ എംബപ്പെ തര്‍ക്കത്തിലും ഫ്രഞ്ച് താരത്തിന് ഒപ്പമായിരുന്നു ക്ലബ്.
കരാര്‍ അവസാനിക്കുന്നത് വരെ പിഎസ്ജിയില്‍ തന്നെ തുടരാനാണ് നെയ്മറുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2027 വരെ കരാറുള്ള നെയ്മര്‍ ചാംപ്യന്‍സ് ലീഗ് നേടിക്കൊടുത്തേ ക്ലബ് വിടുകയുള്ളൂവെന്ന തീരുമാനത്തിലാണത്ര. നെയ്മറിന്റെ അടുത്ത സുഹൃത്തും അര്‍ജന്റൈന്‍ സൂപ്പര്‍ താരവുമായ ലയണല്‍ മെസി ഈ സീസണിനൊടുവില്‍ പി എസ് ജി വിട്ടാലും ക്ലബില്‍ തുടരാനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ തീരുമാനം.
നെയ്മറുടെ മികവില്‍ പി എസ് ജിക്ക് ഒരിക്കല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനായില്ല. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ടീം. പക്ഷെ സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണിനോട് ഒരു ഗോളിന് തോറ്റത് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. രണ്ടാം പാദത്തില്‍ ബയേണിന്റെ മൈതാനത്ത് രണ്ട് ഗോള്‍ വ്യത്യാസത്തിസ് ജയം നേടിയാലെ പി എസ് ജിക്ക് ക്വാര്‍ട്ടറിലെത്താനാവു. അതു സാധിക്കുമെന്നുതന്നെയാണ് പിഎസ്ജിയുടെ വിശ്വാസം.