ഹാലൻഡിന് അരങ്ങേറ്റം സ്വപ്നസമാനം; ഇറാഖിനെ തകർത്ത് നോർവേ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ മത്സരത്തിൽ എർലിങ് ഹാലൻഡിന്‍റെ രണ്ട് ഗോളുകളടക്കം ഇറാക്കിനെതിരേ നോർവേയ്ക്ക് 4-1 വിജയം സമ്മാനിച്ചു; ഇറാഖിന്‍റെ ആശ്വാസഗോൾ അയ്മൻ ഹുസൈൻ വക.
Norway vs Iraq FIFA world cup football 2026

കന്നി ലോകകപ്പ് ഗോൾ ആഘോഷിക്കുന്ന നോർവേ സ്ട്രൈക്കർ എർലിങ് ഹാലൻഡ്.

ഇറാക്കിനെതിരായ മത്സരത്തിൽനിന്ന്.

Updated on

ബോസ്റ്റൺ: ലോകകപ്പ് വേദിയിലെ തന്‍റെ കന്നി മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി തിളങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ്. ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർവേ ഏഷ്യൻ കരുത്തരായ ഇറാഖിനെ പരാജയപ്പെടുത്തിയത്.

ഹാലൻഡിന്‍റെ ഇരട്ട ഗോളുകൾക്ക് പുറമെ ലിയോ ഓസ്റ്റിഗാർഡും ക്രിസ്റ്റ്യൻ തോഴ്സ്റ്റ്‌വെഡ്റ്റും നോർവേയ്ക്കായി വലകുലുക്കി. ഇറാഖിന്‍റെ ആശ്വാസ ഗോൾ അയ്മൻ ഹുസൈന്‍റെ വകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐയിൽ ഫ്രാൻസിന് പിന്നാലെ മൂന്ന് പോയിന്‍റുമായി നോർവേയും തങ്ങളുടെ ലോകകപ്പ് ക്യാംപെയ്ൻ ഗംഭീരമായി തുടങ്ങി.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. 29-ാം മിനിറ്റിൽ നോർവേ മത്സരത്തിൽ മുന്നിലെത്തി. ബോക്സിനുള്ളിൽ നിലയുറപ്പിച്ച ഹാലൻഡ്, മൊള്ളർ വോൾഫിന്‍റെ കൃത്യതയാർന്ന ലോ ക്രോസ് സ്വീകരിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0). ഹാലൻഡിന്‍റെ ലോകകപ്പ് കരിയറിലെ ആദ്യ ഗോൾ.

ഗോൾ വഴങ്ങിയതോടെ ഇറാഖ് ശക്തമായ തിരിച്ചടി തുടങ്ങി. 38-ാം മിനിറ്റിൽ അവർ അർഹിച്ച സമനില ഗോൾ പിറന്നു. അമീർ അൽ-അമ്മാരി ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത്, ഇറാഖ് സ്ട്രൈക്കർ അയ്മൻ ഹുസൈൻ ഉജ്ജ്വലമായൊരു ഹെഡ്ഡറിലൂടെ നോർവേ ഗോളി ഓർജൻ ലാൻഡിനെ കാഴ്ചക്കാരനാക്കി വലയിലാക്കി (1-1).

എന്നാൽ, ഇറാഖിന്‍റെ ആഹ്ലാദത്തിന് നാല് മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 42-ാം മിനിറ്റിൽ ഇറാഖ് പ്രതിരോധ നിര താരം സായിദ് തഹ്സീൻ ഗോൾകീപ്പർ ജലാൽ ഹസ്സന് നൽകിയ ബാക്ക് പാസ് പിഴച്ചു. പന്ത് ലക്ഷ്യമാക്കി ഓടിയെത്തിയ ഹാലൻഡിനെയാണ് പിന്നീട് കണ്ടത്. പന്ത് ക്ലിയർ ചെയ്യാനുള്ള കീപ്പർ ഹസ്സന്‍റെ ശ്രമം ഹാലൻഡിന്‍റെ ശരീരത്തിൽ തട്ടി ഇറാഖിന്‍റെ വലയിലേക്കു തന്നെ പതിക്കുകയായിരുന്നു (2-1). ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണെങ്കിലും ഇതോടെ ഹാലൻഡ് മത്സരത്തിൽ തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി.

രണ്ടാം പകുതിയിൽ ഇറാഖ് ഹൈ-പ്രസ്സിങ് ഗെയിമുമായി സമ്മർദം ഉയർത്തിയെങ്കിലും നോർവീജിയൻ ഡിഫൻസ് ഉറച്ചുനിന്നു. നോർവേ താരങ്ങളുടെ ശാരീരികക്ഷമതയും ഉയരക്കൂടുതലും അവർക്ക് തുണയായി.

77-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എടുത്ത മനോഹരമായ കോർണർ കിക്ക്, ഉയർന്നുചാടിയ പകരക്കാരൻ താരം ലിയോ ഓസ്റ്റിഗാർഡ് തലകൊണ്ട് ഇറാഖിന്‍റെ വലയിലേക്ക് വഴിതിരിച്ചുവിട്ടതോടെ നോർവേ ജയം ഉറപ്പിച്ചു (3-1). അവസാന മിനിറ്റുകളിൽ ഒഡെഗാർഡിന് പകരം ആംബാൻഡ് ധരിച്ച് ഹാലൻഡാണ് നോർവേയെ നയിച്ചത്.

മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ (90+7) നോർവേ നാലാം ഗോളും നേടി. ഹാലൻഡിനെ ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീ കിക്കിൽനിന്ന് ക്രിസ്റ്റ്യൻ തോഴ്സ്റ്റ്‌വെഡ്റ്റാണ് സ്കോർ ചെയ്തത്. എന്നാൽ, സ്കോർ സൂചിപ്പിക്കുന്നത്ര ഏകപക്ഷീയമായിരുന്നില്ല മത്സരം. പകുതിയിലധികം സമയം പന്ത് നിയന്ത്രിച്ചത് ഇറാഖാണ്. പോസ്റ്റിലേക്ക് ഉതിർത്ത ഷോട്ടുകളുടെ എണ്ണവും ഏറെക്കുറെ തുല്യം.

ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസും നോർവേയും മൂന്ന് പോയിന്‍റുകളോടെ ഒപ്പത്തിനൊപ്പമാണ്. ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാലൻഡും ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. ജൂൺ 26-ന് ബോസ്റ്റണിൽ നടക്കുന്ന ഫ്രാൻസ് - നോർവേ പോരാട്ടത്തിലാണ് ഇനി ഫുട്ബോൾ ലോകത്തിന്‍റെ കണ്ണ്. നോർവേയുടെ അടുത്ത മത്സരം സെനഗലിനെതിരേയാണ്.

logo
Metro Vaartha
www.metrovaartha.com