പറങ്കിപ്പടയ്ക്ക് കോംഗോക്കെണി

ലോകകപ്പ് നേടാൻ വരെ സാധ്യത കൽപ്പിക്കപ്പെടുന്ന പോർച്ചുഗലിനെ, 52 വർഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം ലോകകപ്പ് കളിക്കുന്ന കോംഗോ 1-1 സമനിലയിൽ പിടിച്ചുകെട്ടി
Portugal vs Congo FIFA world cup football 2026

പോർച്ചുഗൽ ഗോൾ വലയിലേക്ക് കോംഗോ ഫോർവേഡ് യോനെ വിസയുടെ പിഴയ്ക്കാത്ത ഹെഡ്ഡർ, സമനില ഉറപ്പിച്ച ഗോൾ.

Updated on

കൊടുങ്കാറ്റിൽ ദിശ തെറ്റിയ പോർച്ചുഗീസ് കപ്പലിലെ ദിക്കറിയാത്ത നാവികനെപ്പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ കോംഗോ ഗോൾമുഖത്ത് ഉഴറി നടന്നു. ലോകകപ്പ് വേദിയിലെ 52 വർഷത്തിന്‍റെ അപരിചിതത്വമൊന്നും പുറത്തുകാണിക്കാതെ കോംഗോയുടെ കൊമ്പൻ സ്രാവുകൾ പോർച്ചുഗീസ് രക്തം മണത്ത് പാഞ്ഞുനടന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഫാൻ ഫേവറിറ്റ് ടീമിനു മുന്നിൽ ജയത്തിനൊത്ത സമനിലയുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ വിരിഞ്ഞുനിന്നു.

സ്കോർ

പോർച്ചുഗൽ 1 - 1 കോംഗോ

കുഞ്ഞൻ ടീമുകൾ വമ്പൻമാരെ നേരിടുമ്പോൾ പതിവുള്ള ബസ് പാർക്കിങ് ഡിഫൻസിന്‍റെ വിരസതയില്ല. പോർച്ചുഗൽ നടത്തിയ ഓരോ മുന്നേറ്റത്തിനും കോംഗോയുടെ പ്രത്യാക്രമണങ്ങളുണ്ടായി. ബ്രൂണോ ഫെർണാണ്ടസിന്‍റെ മിഡ്‌ഫീൽഡ് മികവിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷാർപ്പ് ഷൂട്ടിങ് എബിലിറ്റിക്കും മറികടക്കാനാവാതെ പോയ ക്ലാസിക് ഡിഫൻസ്! യൂറോപ്യൻ സ്കില്ലിനെ അതിശയിച്ച ആഫ്രിക്കൻ കരുത്തിന്‍റെ അഗ്രസീവ് റെയ്ഡുകൾ, ഡിയോഗോ കോസ്റ്റ കാത്ത പോർച്ചുഗീസ് ഗോൾമുഖത്തെ നിരന്തരം പ്രകമ്പനം കൊള്ളിച്ചു.

കിക്കോഫ് മുതൽ ജോവോ നെവസ് പോർച്ചുഗലിനു ലീഡ് നേടിക്കൊടുത്ത ആറാം മിനിറ്റ് വരെയുള്ള സമയം ഒഴിച്ചുനിർത്തിയാൽ തുല്യ ശക്തികളുടെ പോരാട്ടം മാത്രമാണ് ഗ്രൗണ്ടിൽ കണ്ടത്.

  • ഷോട്ടുകൾ: പോർച്ചുഗൽ 9, കോംഗോ 8

  • ഓൺ ടാർഗറ്റ്: പോർച്ചുഗൽ 3, കോംഗോ 2

  • കോർണറുകൾ: പോർച്ചുഗൽ 5, കോംഗോ 4

പൊസഷൻ ഫുട്ബോളിന്‍റെ പ്രത്യേകത കൊണ്ട് പന്ത് കൂടുതൽ നേരം നിയന്ത്രിച്ചത് പോർച്ചുഗലായിരുന്നു എന്നു പറയാം. എന്നാൽ, പാസുകളുടെ അതിപ്രസരം അവർക്ക് മത്സരത്തിൽ ആനുപാതികമായ ആധിപത്യമൊന്നും നേടിക്കൊടുത്തില്ല.

ആറാം മിനിറ്റിൽ നെവസിന്‍റെ ഹെഡ്ഡർ കോംഗോ ഗോൾ പോസ്റ്റിൽ നിക്ഷേപിക്കപ്പെട്ട ശേഷം ആക്രമണങ്ങളുടെ മൂർച്ച കുറച്ചതാണ് പോർച്ചുഗലിന് വിനയായത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് ലഭിച്ച കോർണറിൽ നിന്ന് കോംഗോ സമനില ഗോൾ കണ്ടെത്തി. മാർക്ക് ചെയ്യപ്പെടാതെ നിന്ന യോനെ വിസയുടെ ഹെഡ്ഡർ, കോസ്റ്റയ്ക്ക് ഒന്നു ശ്രമിച്ചു നോക്കാൻ പോലും അവസരം കൊടുക്കാതെ പോർച്ചുഗീസ് വലയിൽ പതിച്ചു.

Portugal vs Congo FIFA world cup football 2026

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കം തടയുന്ന കോംഗോയുടെ ആക്സൽ ടുവാൻസെബെ.

ആദ്യ പകുതിയിൽ ഉടനീളം കോംഗോ ഗോൾ പോസ്റ്റിൽ നങ്കൂരമിട്ട സിആർ7 ആകട്ടെ, ആരാധകർക്ക് നിരാശയുടെ നേർചിത്രമായി. പതിവിലേറെ ഇറങ്ങിക്കളിച്ച മിഡ്‌ഫീൽഡ് മാന്ത്രികൻ ബ്രൂണോ ഫെർണാണ്ടസിന്‍റെ നിലപാട് മാറ്റം ടീമിന്‍റെ നീക്കങ്ങൾക്ക് ഗതിവേഗം കുറച്ചു. കിട്ടിയ മൂന്ന് അവസരങ്ങൾ ക്രിസ്റ്റ്യാനോ പുറത്തേക്കടിച്ചു പാഴാക്കി. ലക്ഷ്യത്തിലേക്കു നീണ്ട ഷോട്ടുകൾക്ക് കോംഗോ ഗോളി ലയണൽ എംപാസിയുടെ ചോരാത്ത കൈകൾ വിലങ്ങിട്ടു.

കോംഗോ മിഡ്‌ഫീൽഡിൽ ഇന്ത്യൻ വംശജൻ സാമുവൽ മുത്തുസാമി പലപ്പോഴും പോർച്ചുഗീസ് മിഡ്‌ഫീൽഡർമാരെ കടത്തിവെട്ടുന്ന പ്രകടനം പുറത്തെടുത്തു. തുടക്കത്തിലെ പോർച്ചുഗീസ് പോർവിളി കണ്ട് ഇരട്ടയക്ക സ്കോർ സ്വപ്നം കണ്ടു കിടന്നവവർ 1-1 സമനില എന്ന ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു.

1974ൽ സയർ എന്ന പേരിലാണ് ഇന്നത്തെ ഡിആർ കോംഗോ ഇതിനു മുൻപ് ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. ഈ വേദിയിൽ പന്തു തട്ടിയ ആദ്യ സബ് സഹാറൻ ആഫ്രിക്കൻ ടീം അവരുടേതായിരുന്നു. എന്നാൽ, ആ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളിയും തോറ്റ് 14 ഗോളും വാങ്ങി, ഒന്നു പോലും തിരിച്ചടിക്കാനാവാതെയാണ് അവർ മടങ്ങിപ്പോയത്.

ഇപ്പോഴത്തെ തിരിച്ചുവരവിൽ അവർ തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മാത്രമല്ല, ആദ്യ പോയിന്‍റും സ്വന്തമാക്കിയിരിക്കുന്നു. ലോകകപ്പ് പങ്കാളിത്തം 32 രാജ്യങ്ങളിൽ നിന്ന് 48 ആക്കിയതിനെ വിമർശിച്ചവർക്കുള്ള മറുപടിയായി കേപ്പ് വെർദെയ്‌ക്കൊപ്പം കോംഗോയും തലയുയർത്തി നിൽക്കുന്നു.

logo
Metro Vaartha
www.metrovaartha.com