
സ്പാനിഷ് ഫുട്ബോൾ ലീഗിൽ തുടര്‍ച്ചയായി വംശീയാധിക്ഷേപം നേരിടുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിനു പിന്തുണയായി ബ്രസീല്‍ ജനത. വിനീഷ്യസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീലിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം ഒരു മണിക്കൂര്‍ അണച്ചു. ''കറുപ്പിന് സ്വാഗതം, പോരാട്ടം ജനമനസുകളില്‍'' എന്ന സന്ദേശമാണ് ലോകത്തിനു ബ്രസീല്‍ നല്‍കിയത്. റൊണാള്‍ഡോ നസാരിയോ, നെയ്മര്‍ തുടങ്ങി ബ്രസീലിയന്‍ ഇതിഹാസ താരങ്ങള്‍ വിനിക്ക് പിന്തുണയുമായെത്തി. ''പോരാട്ടത്തില്‍ നീ തനിച്ചല്ല'' എന്നുറക്കെ പ്രഖ്യാപിക്കുകയാണ് ബ്രസീലിയന്‍ ജനതയും ഫുട്ബോള്‍ ലോകവും.
വിനിക്ക് വംശീയ അധിക്ഷേപം നേരിട്ടതിനെതിരെ ഫുട്ബോള്‍ ലോകത്താകമാനം വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്. ഞായറാഴ്ച നടന്ന സ്പാനിഷ് ലീഗ് മത്സരത്തിലാണ് റയലിന്റെ ബ്രസീലിയന്‍ താരത്തിന് നേര്‍ക്ക് വംശീയ അധിക്ഷേപം സകല അതിരുകളും ലംഘിച്ചത്.
വംശീയ അധിക്ഷേപത്തില്‍ ബ്രസീല്‍ സ്പാനിഷ് അംബാസിഡറെ പ്രതിഷേധം അറിയിച്ചു. സ്പാനിഷ് അറ്റോര്‍ണി ജനറലിന് റയല്‍ മാഡ്രിഡും പരാതി നല്‍കിയിട്ടുണ്ട്. വിനിഷ്യസിന് പിന്തുണയുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും ബാഴ്സ പരിശീലകന് ചാവിയുമെല്ലാം രംഗത്തെത്തി.
ഇതിനിടെ, വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് അഞ്ചാം തവണയാണ് വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, മയ്യോര്‍ക്ക, റയല്‍ വയോഡോളിഡ് തുടങ്ങിയ ടീമുകള്‍ക്കെതിരെയെല്ലാം കളിച്ചപ്പോഴും അവരുടെ ചില ആരാധകരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നു. പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ഏറ്റവുമൊടുവിൽ വംശീയാധിക്ഷേപത്തിന് ഇരയായത്. മത്സരത്തിനായി ടീം ബസ് സ്റ്റേഡിയത്തില്‍ എത്തിയതു മുതല്‍ വലന്‍സിയ ആരാധകർ വിനീഷ്യസിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു.
മൈതാനത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിനീഷ്യസിന്റെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം സ്റ്റേഡിയത്തില്‍ കുരങ്ങ് വിളികള്‍ ഉയര്‍ന്നു. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
എന്നാല്‍, ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി കയ്യാങ്കളിയിലേര്‍പ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു. ലാലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസിനെതിരെയും വിനീഷ്യസ് ആഞ്ഞടിച്ചിട്ടുണ്ട്. വംശീയ വാദികളെ എതിര്‍ക്കാതെ തന്നെ വിമര്‍ശിക്കാനാണ് ടെബാസിന്റെ ശ്രമമെന്നും ലാലിഗയുടെ അന്തസ് നഷ്ടമായെന്ന് മനസ്സിലാക്കാന്‍ സാമൂഹമാധ്യമങ്ങള്‍ പ്രസിഡന്റ് നോക്കണമെന്നും വിനീഷ്യസ് പറഞ്ഞു. വംശീയ വിദ്വേഷങ്ങള്‍ക്ക് എതിരെ വിളിച്ച യോഗത്തില്‍ വിനീഷ്യസ് പങ്കെടുത്തില്ലെന്ന ടെബാസ് പറഞ്ഞിരുന്നു. ഇതിനാണ് താരത്തിന്റെ ചുട്ട മറുപടി.
ഇതിനെല്ലാം പിന്നാലെ വിനിയുടെ ചുവപ്പ് കാർഡ് പിൻവലിക്കാനും, കാർഡ് നൽകാൻ നിർദേശിച്ച വാർ അധികൃതരെ പുറത്താക്കാനും ലാ ലിഗ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വലൻസിയയിൽ വിനിക്കെതിരേ അധിക്ഷേപം ഉയർന്ന ഭാഗത്തെ ഗ്യാലറി അടച്ചിടാനും നിർദേശം.