സ്പെയിൻ ലോക ചാംപ്യൻമാർ

ഫിഫ ലോകകപ്പ് ഫുട്ബോൾ 2026 ഫൈനലിൽ അർജന്‍റീനയെ എക്സ്ട്രാ ടൈമിൽ നേടിയ ഒറ്റ ഗോളിനു മറികടന്ന് സ്പെയിൻ ചാംപ്യൻമാരായി
Spain vs Argentina FIFA world cup 2026 Final

ഫിഫ ലോകകപ്പ് ഫുട്ബോൾ 2026 ഫൈനലിൽ അർജന്‍റീനക്കെതിരേ സ്പെയിന്‍റെ വിജയ ഗോൾ നേടിയ ഫെറാൻ ടോറസ്.

Updated on

കളി തുടങ്ങി ഏതു സമയവും വീഴാമായിരുന്ന ഗോൾ, അത് 106-ാം മിനിറ്റ് വരെ വൈകിയെന്നു മാത്രം. 1-0 എന്ന സ്കോർ നില സൂചിപ്പിക്കുന്നതിനെക്കാളൊക്കെ ഏകപക്ഷീയമായ മത്സരത്തിൽ അർജന്‍റീനയെ ആധികാരികമായി കീഴടക്കി സ്പെയിന്‍റെ യുവനിര രണ്ടാം ലോകകപ്പ് സ്വന്തമാക്കി.

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ കണ്ടത് സ്പെയിന്‍റെ സമ്പൂർണ ആധിപത്യം. സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച അതേ പ്ലെയിങ് ഇലവനെ അണിനിരത്തിയ സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്‍റയ്ക്ക് പിഴച്ചില്ല. പ്രതിരോധവും മധ്യനിരയും അർജന്‍റീനയെ കാതങ്ങൾ പിന്നിലാക്കിയപ്പോൾ, മുന്നേറ്റ നിരയ്ക്കു മാത്രമാണ് ഫിനിഷിങ്ങിൽ അൽപ്പം പിഴവുണ്ടായത്.

മത്സരത്തി.ന്‍റെ മുക്കാൽപ്പങ്കും പന്ത് നിയന്ത്രിച്ചത് സ്പെയിൻ തന്നെ. അർജന്‍റീനയുടെ നാനൂറ് പാസിന്‍റെ സ്ഥാനത്ത് സ്പെയിൻ അതിന്‍റെ ഇരട്ടി. ഇരുപത് ഷോട്ടുകളാണ് അർജന്‍റീനയുടെ ഗോൾ മുഖത്തേക്ക് സ്പെയിൻ തൊടുത്തത്, അതിൽ 11 എണ്ണവും ഓൺ ടാർജറ്റ്. ഗോളി എമി മാർട്ടിനസ് റെക്കോഡ് സ്ഥാപിച്ച 12 സേവുകൾ അർജന്‍റീനയെ എക്സ്ട്രാ ടൈം വരെ കാത്തു.

അതേസമയം, അർജന്‍റീന‍യ്ക്ക് ഗോൾ വീഴുന്നതു വരെ ഒരു ഗോൾ അറ്റംപ്റ്റ് പോലും നടത്താനായില്ല. ഗോൾ വീണ ശേഷം നടത്തിയത് മൂന്ന് ഗോൾ ശ്രമങ്ങൾ. ഒന്നു പോലും ലക്ഷ്യത്തിലേക്ക് ആയതുമില്ല. സ്പെയിൻ ഗോളി ഉനായ് സിമോൺ ഏറെ നേരവും വിശ്രമിച്ച കളിയായി ഈ ഫൈനൽ.

ഈ ലോകകപ്പിൽ ആകമാനം സ്പെയിന്‍റെ വലയിൽ വീണത് ഒരേയൊരു ഗോൾ. പോറോയും ലാപോർട്ടെയും കുബാർസിയും കുക്കുറെയയും അടങ്ങിയ സ്പാനിഷ് പ്രതിരോധത്തെ കാര്യമായൊന്നു പരീക്ഷിക്കാൻ പോലും ലയണൽ മെസിക്കും സംഘത്തിനും സാധിച്ചില്ല.

Spain vs Argentina FIFA world cup 2026 Final

ഫൈനലിൽ സ്പെയിനോടു തോറ്റ ശേഷം നിരാശനായി മൈതാനത്തിരിക്കുന്ന അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി.

റെഗുലർ സമയം 0-0 എന്ന നിലയിൽ അവസാനിപ്പിക്കാൻ അർജന്‍റീനയ്ക്കു സാധിച്ചു. എന്നാൽ, അതിനകം രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് എൻസോ ഫെർണാണ്ടസ് കളം വിടേണ്ടി വന്നത് അവർക്കു കനത്ത തിരിച്ചടിയായി. ചിലന്തു വല പോലെ മൈതാനത്താകമാനം പടർന്നു പന്തലിച്ച സ്പാനിഷ് പാസുകളുടെ കണ്ണി മുറിക്കാൻ അവർക്കു കഴിഞ്ഞില്ല.

കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയത്തിന്‍റെ വക്കിൽ നിന്നു തിരിച്ചുകയറിയ പോരാട്ടവീര്യം പുറത്തെടുക്കാൻ സ്പാനിഷ് പ്രതിരോധവും മധ്യനിരയും അനുവദിച്ചതുമില്ല. ഒടുവിൽ, എക്സ്ട്രാ ടൈമിലേക്കു നീങ്ങിയ മത്സരത്തിൽ നിക്കോ വില്യംസിന്‍റെ ഗോൾ നിഷേധിക്കപ്പെട്ടതിനു പിന്നാലെ, 106-ാം മിനിറ്റിൽ വില്യംസിന്‍റെ തന്നെ അസിസ്റ്റിൽ നിന്ന് ഫെറാൻ ടോറസിന്‍റെ വിജയ ഗോൾ പിറന്നു. രണ്ടു പേരും ലാ ഫ്യൂന്‍റെ നടത്തിയ സമയോചിത സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലിറങ്ങിയവർ.

മറുവശത്ത് റോഡ്രിഗോ ഡീപോളിനു പകരം ലയണൽ സ്കലോണി കളിക്കാനിറക്കിയ ഗിലിയാനോ സിമിയോണി അവസാന മിനിറ്റുകളിൽ അർജന്‍റീനയ്ക്കു കിട്ടിയ കച്ചിത്തുരുമ്പ് ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേക്കടിക്കുകയും ചെയ്തതോടെ 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്‍റെ വിധി എഴുതപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com