പകരക്കാരന്‍റെ ഇരട്ട ഗോൾ; ബോസ്നിയയെ തകർത്ത് സ്വിസ് തേരോട്ടം

യൊഹാൻ മാൻസാംബിയുടെ ഇരട്ട ഗോളും ഗ്രാനിറ്റ് ഷാക്കയുടെ പെനാൽറ്റിയും സ്വിറ്റ്സർലൻഡിനെ ഗ്രൂപ്പ് ബി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തി
Switzerland vs Bosnia FIFA world cup 2026

കളിയുടെ ഗതി മാറ്റിയ സ്വിറ്റ്സർലൻഡ് താരം  യൊഹാൻ മാൻസാംബിയുടെ ഗോൾ ആഘോഷം.

Updated on

ലോസ് ഏഞ്ചൽസ്: രണ്ടാം പകുതിയിലെ തകർപ്പൻ ഗോൾ വേട്ടയിലൂടെ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ തകർത്ത് 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്ത്. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകളുമായി തിളങ്ങിയ യുവതാരം ‍യൊഹാൻ മാൻസാംബിയുടെ കരുത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് (4-1) സ്വിസ് പട ബോസ്നിയയെ തകർത്തത്. സ്വിറ്റ്സർലൻഡിനായി റൂബൻ വർഗാസ്, ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക എന്നിവരും ലക്ഷ്യം കണ്ടപ്പോൾ, എർമിൻ മഹ്മിക് ബോസ്നിയയുടെ ആശ്വാസ ഗോൾ നേടി.

ആദ്യ മത്സരത്തിൽ ഖത്തറിനോട് 1-1 ന് സമനില വഴങ്ങി സമ്മർദത്തിലായിരുന്ന സ്വിറ്റ്സർലൻഡിന് ഈ ജയം ഗ്രൂപ്പിൽ വ്യക്തമായ മേധാവിത്വം നൽകുന്നു. 10 പേരുമായാണ് ബോസ്നിയ മത്സരം അവസാനിപ്പിച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പന്ത് കൈവശം വയ്ക്കുന്നതിൽ സ്വിറ്റ്സർലൻഡ് മുന്നിട്ടുനിന്നെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. എന്നാൽ, രണ്ടാം പകുതിയിൽ സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ കളി ആകെ മാറ്റിമറിച്ചു.

72-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി വെറും രണ്ട് മിനിറ്റിനുള്ളിൽ ഫ്രെയ്ബർഗ് മധ്യനിര താരം യൊഹാൻ മാൻസാംബി ആദ്യ ഗോൾ നേടി സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചു (1-0). ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ഫസ്റ്റ്-ടൈം ഷോട്ടായിരുന്നു അത്.

ഇതിനുപിന്നാലെ താരിഖ് മുഹറെമോവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബോസ്നിയയ്ക്ക് കനത്ത തിരിച്ചടിയായി. 10 പേരുമായി ചുരുങ്ങിയ ബോസ്നിയക്കെതിരെ സ്വിസ് പട ആക്രമണം കടുപ്പിച്ചു. 84-ാം മിനിറ്റിൽ മറ്റൊരു പകരക്കാരനായ റൂബൻ വർഗാസ് വലങ്കാൽ ഷോട്ടിലൂടെ സ്വിറ്റ്സർലൻഡിന്‍റെ ലീഡ് രണ്ടാക്കി (2-0). തുടർന്ന് 90-ാം മിനിറ്റിൽ വർഗാസിന്‍റെ പാസിൽ നിന്ന് മാൻസാംബി തന്‍റെ രണ്ടാം ഗോളും നേടി സ്വിറ്റ്സർലൻഡിന്‍റെ വിജയം ഉറപ്പിച്ചു (3-0).

Switzerland vs Bosnia FIFA world cup 2026

സ്വിറ്റ്സർലൻഡ് താരങ്ങളോടൊപ്പം വിജയം ആഘോഷിക്കുന്ന ഗ്രാനിറ്റ് ഷാക്ക.

ഹാട്രിക് മോഹം തടഞ്ഞ് ഷാക്ക

മത്സരത്തിന്‍റെ നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിൽ (90+3 മിനിറ്റ്) എർമിൻ മഹ്മിക് ബോസ്നിയക്കായി ഒരു ഗോൾ മടക്കി (3-1). എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ (90+7 മിനിറ്റ്) സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. 20-കാരനായ മാൻസാംബിക്ക് ഹാട്രിക് തികയ്ക്കാനുള്ള അവസരം നൽകുമെന്ന് ആരാധകർ കരുതിയെങ്കിലും, പെനാൽറ്റി കിക്ക് എടുത്തത് ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയായിരുന്നു. പിഴവുകളില്ലാതെ ഷാക്ക പന്ത് വലയിലെത്തിച്ചതോടെ സ്വിറ്റ്സർലൻഡ് 4-1 ന്‍റെ ആധികാരിക വിജയം സ്വന്തമാക്കി. തന്‍റെ നാലാം ലോകകപ്പ് കളിക്കുന്ന വെറ്ററൻ താരം ഗ്രാനിറ്റ് ഷാക്ക ഈ ഗോളോടെ മറ്റൊരു ചരിത്ര നേട്ടത്തിനർഹനായി. ഷെർദാൻ ഷാക്കിരിക്ക് ശേഷം മൂന്ന് വ്യത്യസ്ത ലോകകപ്പുകളിൽ സ്വിറ്റ്സർലൻഡിനായി ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം സ്വിസ് താരം എന്ന റെക്കോർഡാണ് 33 വയസുകാരനായ ഷാക്ക സ്വന്തമാക്കിയത്.

പരിചയസമ്പത്ത് മുൻനിർത്തിയാണ് സ്വയം പെനൽറ്റി എടുത്തതെന്ന് മത്സരശേഷം ഷാക്ക പറഞ്ഞു. ജോഹാൻ ചെറുപ്പമാണ്, അവന് മുന്നിൽ വലിയൊരു ഭാവിയുണ്ടെന്നും ഷാക്ക. ഖത്തറിനെതിരെയുള്ള നിരാശാജനകമായ തുടക്കത്തിന് ശേഷം ഈ വിജയം ഞങ്ങൾക്ക് ഒരുപാട് അർഥമുള്ളതാണ്. ഇപ്പോൾ രണ്ട് കളികളിൽ നാല് പോയിന്‍റായി, ഞങ്ങൾ നന്നായി കളിക്കുകയും ചെയ്തു. ആദ്യ പകുതിയേക്കാൾ മികച്ചതായിരുന്നു രണ്ടാം പകുതിയെന്ന് ഞാൻ കരുതുന്നില്ല. വ്യത്യാസം ഞങ്ങൾ രണ്ടാം പകുതിയിൽ ഗോളുകൾ നേടി എന്നതാണ്. പകരക്കാരായി ഇറങ്ങിയ മാൻസാംബി, റൂബൻ വർഗാസ്, ജിബ്രിൽ സോ എന്നിവരാണ് കളി മാറ്റിയത്. ഞങ്ങൾക്ക് എത്രത്തോളം മികച്ചൊരു സ്ക്വാഡ് ഉണ്ടെന്ന് അവർ തെളിയിച്ചു- ഷാക്ക കൂട്ടിച്ചേർത്തു.

അതേസമയം, ജോഹാൻ മാൻസാംബിയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്'. 1950-ലെ ബ്രസീൽ ലോകകപ്പിന് ശേഷം സ്വിറ്റ്സർലൻഡിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാൻസാംബി മാറിയിരിക്കുകയാണ് (20 വയസും 247 ദിവസവും). കൂടാതെ സ്വിസ് ഫുട്ബോൾ ചരിത്രത്തിൽ ലോകകപ്പിൽ പകരക്കാരനായി വന്ന് ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും മാൻസാംബി കുറിച്ചു.

എതിരാളികൾക്ക് പ്രതികരിക്കാൻ സമയം നൽകാതിരിക്കാൻ ഹൈഡ്രേഷൻ ബ്രേക്ക് വരെ കാത്തിരുന്ന ശേഷമാണ് തന്ത്രപരമായ മാറ്റങ്ങൾ വരുത്തിയതെന്ന് സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ വെളിപ്പെടുത്തി. വേഗതയേറിയ താരങ്ങളെ ഇറക്കിയതോടെ കൂടുതൽ സ്പേസ് ലഭിച്ചു, കളി അനുകൂലമാക്കാനും സാധിച്ചു- അദ്ദേഹം വിലയിരുത്തി.

യാകിന്‍റെ ഈ തന്ത്രം ബോസ്നിയ പരിശീലകൻ സെർഗെജ് ബാർബറെസും പരോക്ഷമായി ശരിവച്ചു. ഹൈഡ്രേഷൻ ബ്രേക്ക് വരെ തങ്ങൾ തന്നെയാണ് മികച്ച രീതിയിൽ കളിച്ചതും സമ്മർദം ചെലുത്തിയതും- അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലൻഡിന് വ്യക്തിഗത മികവുള്ള നല്ല കളിക്കാരുണ്ട്, അവർ സ്പേസ് കൃത്യമായി ഉപയോഗിച്ചു. കഴിഞ്ഞ 10 മത്സരങ്ങളിലെ ഞങ്ങളുടെ ആദ്യ തോൽവിയാണിത്. ലോകം ഇവിടെ അവസാനിക്കുന്നില്ല, ഞങ്ങൾക്ക് ഒരു മത്സരം കൂടിയുണ്ട്, അത് ജയിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.- ബാർബറെസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com