കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

ഡാനിയൽ മുൻയോസ് നേടിയ ഏക ഗോൾ നിർണായകമായി; നാല് പോയിന്‍റുമായി ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്ത് എത്തി കൊളംബിയ
Colombia vs DR Congo FIFA world cup 2026

കൊളംബിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ കോംഗോ ഗോളി ലയണൽ എംപാസിയുടെ ഡൈവ്.

Updated on

ഗ്വാഡലഹാര (മെക്സിക്കോ): ലയണൽ എംപാസി എന്ന കോംഗോ ഗോൾകീപ്പറുടെ അമാനുഷിക പ്രകടനങ്ങൾക്കും കൊളംബിയൻ പടയുടെ വിജയക്കുതിപ്പിനെ തടയാനായില്ല. കളി അവസാനിക്കാൻ 14 മിനിറ്റ് ശേഷിക്കെ ഡാനിയൽ മുൻയോസ് നേടിയ തകർപ്പൻ ഗോളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ 1-0 എന്ന സ്കോറിനു കീഴ്പ്പെടുത്തി കൊളംബിയ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ വിജയത്തോടെ നാല് പോയിന്‍റുമായി കൊളംബിയ ഗ്രൂപ്പ് കെ-യിൽ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്‍റെ ആദ്യ പകുതി പൂർണമായും കൊളംബിയൻ മുന്നേറ്റ നിരയും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയും തമ്മിലുള്ള യുദ്ധമായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ കൊളംബിയയുടെ ഡാനിയൽ മുൻയോസിന് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഏഴാം മിനിറ്റിൽ മുൻയോസ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് വിസിലൂതി.

ഹമിഷ് റോഡ്രിഗസ്, ലൂയിസ് ഡയസ് എന്നിവരുടെ ലോങ് റേഞ്ചറുകൾ കോംഗോ ഗോൾവലയെ ലക്ഷ്യമാക്കി പാഞ്ഞടുത്തെങ്കിലും എംപാസിയുടെ അസാധ്യ ഡൈവിങ് സേവുകൾ കോംഗോയ്ക്ക് രക്ഷയായി. ആദ്യ പകുതിയിൽ മാത്രം ഗോൾ ഉറപ്പായ ആറോളം ഷോട്ടുകളാണ് എംപാസി തട്ടിയകറ്റിയത്. മറുഭാഗത്ത് ഒന്നാം മിനിറ്റിൽ എദോ കയേംബെ തൊടുത്ത ഒരു ലോങ് ഷോട്ടൊഴിച്ചാൽ കോംഗോ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു.

രണ്ടാം പകുതിയിലും കൊളംബിയ സമ്മർദം തുടർന്നു. സൂപ്പർ താരം ലൂയിസ് ഡയസിന്‍റെ മനോഹരമായൊരു ഗോൾ ഫൗളിനെ തുടർന്ന് റഫറി നിഷേധിച്ചു. ഒടുവിൽ 76-ാം മിനിറ്റിൽ ഗ്വാഡലഹാര സ്റ്റേഡിയത്തെ ആവേശക്കടലാക്കി ആ വിജയഗോൾ പിറന്നു.

പെനാൽറ്റി ബോക്സിന് തൊട്ടുമുന്നിൽ നിന്നും യുവാൻ ക്വിന്‍റേറോ നൽകിയ ത്രൂ-ബോൾ സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച മുൻയോസ് കോംഗോ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്ത് വലയുടെ താഴത്തെ മൂലയിലേക്ക് അടിച്ചുകയറ്റി (1-0). എംപാസിയുടെ കൈകളിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്.

Colombia vs DR Congo FIFA world cup 2026

ഡിആർ കോംഗോക്കെതിരേ വിജയ ഗോൾ നേടിയ കൊളംബിയ താരം ഡാനിയൻ മുൻയോസ്.

ഗോൾ വഴങ്ങിയതോടെ കോംഗോ ഉണർന്നു കളിച്ചു. പകരക്കാരനായി ഇറങ്ങിയ നഥാനിയൽ എംബുകുവിന്‍റെ നേതൃത്വത്തിൽ അവർ കൊളംബിയൻ ബോക്സിലേക്ക് നിരന്തരം പന്തുകളെത്തിച്ചു. എന്നാൽ, 90-ാം മിനിറ്റിൽ എംബുകു തൊടുത്ത ഒരു വെടിയുണ്ട പോലുള്ള ഷോട്ട് കൊളംബിയൻ കീപ്പർ വാർഗാസ് ഡൈവ് ചെയ്ത് രക്ഷപെടുത്തിയതോടെ കോംഗോയുടെ സമനില പ്രതീക്ഷകൾ പൂർണമായും അവസാനിക്കുകയായിരുന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയ പോർച്ചുഗലിനെയും, ഡിആർ കോംഗോ ഉസ്ബെക്കിസ്ഥാനെയും നേരിടും. കോംഗോയ്ക്ക് നോക്കൗട്ടിൽ കയറാൻ അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.

logo
Metro Vaartha
www.metrovaartha.com