
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എലിമിനേറ്ററില്‍ കേരള ബ്ലാസ്റ്റേഴ്സ്,ഇന്ന് ബംഗളൂരു എഫ്സിയെ നേരിടും. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ ലീഗില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ നേരിടും. തോല്‍ക്കുന്ന ടീം പുറത്താകും. അതുകൊണ്ടുതന്നെ ഈ മത്സരം ഇരുടീമിനും ഡു ഓര് ഡൈ പോരാട്ടമാണ്. ഇരുവരും തമ്മില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം ബംഗളൂരുവിനാണെന്നതും മത്സരം നടക്കുന്നത് സ്വന്തം തട്ടകത്തിലാണെന്നതും ബംഗളൂരുവിന് മേല്‍ക്കൈ സമ്മാനിക്കുന്നു. എന്നാല്‍, അത്രവേഗം രാജയപ്പെടുത്താനാവില്ലാത്ത ടീമാണ് തങ്ങളെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകനും പറഞ്ഞു.കണ്ഠീരവ സ്റ്റേഡിയത്തില്‍ അവസാന അഞ്ച് കളിയിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു.
അവസാന ഹോം മത്സരത്തിലും നിരാശയായിരുന്നു ഫലം. ഇതുകൊണ്ടുതന്നെ ബംഗളൂരുവില്‍ പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്കിടിപ്പേറും. ലീഗ് ഘട്ടത്തില്‍ ബംഗളൂരൂവില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒറ്റഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. കൊച്ചിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.
കലിയൂഷ്നി ഇല്ല
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ പോരായ്മ സൂപ്പര്‍ താരം ഇവാന് കലിയൂഷ്നിക്ക് സസ്പെന്‍ഷനെ തുടര്‍ന്ന് കളിക്കാനാവില്ല എന്നതാണ്.
അതേസമയം, സസ്പെന്‍ഷനില്‍ ആയിരുന്ന കെ. പി. രാഹുല്‍ മടങ്ങി എത്തും, എതിര് വശത്ത് 2023 ല്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ബംഗളൂരു തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ലീഗ് റൗണ്ടില്‍ ഇതുവരെ ഉള്ള മത്സരങ്ങളില്‍ ഇവാന് കലിയൂഷ്നി ഇല്ലാത്തപ്പോള്‍ അഡ്രിയാന്‍ ലൂണ മധ്യനിരയിലേക്ക് ഇറങ്ങുകയും പകരം അപ്പൊസ്തൊലസ് ജിയാനു സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിക്കുകയുമായിരുന്നു.ഇതേ നിലപാട് തന്നെ ആയിരിക്കും ബംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകന് സ്വീകരിക്കുക. ദിമിത്രിയോസ് ഡയമാന്റകോസിന് ഒപ്പം അപ്പസ്തൊലസ് ജിയാനു സെക്കന്‍ഡ് സ്ട്രൈക്കര്‍ ആകും.എ ടി കെ മോഹന്‍ ബഗാന് എതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ കെ. പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ തിരിച്ചെത്തും എന്നത് ടീമിന് ആശ്വാസമാണ്.
കെ. പി. രാഹുലിന്റെ ലോംഗ് ഷോട്ട് ആക്രമണം ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ അപകടകാരികളാക്കുന്നു. എന്നാല്‍, കെ. പി. രാഹുലിന്റെ ലോംഗ് ഷോട്ടുകളില്‍ കൃത്യത കൂടി ഉണ്ടെങ്കില്‍ ലെവല്‍ വേറെ ആകും. പ്ലേ ഓഫ് എലിമിനേറ്ററില്‍ കെ. പി. രാഹുലിന്റെ ലോംഗ് റേഞ്ചുകള്‍ ലക്ഷ്യം കാണട്ടെ എന്ന പ്രാര്‍ഥനയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകര്‍.അതേസമയം, ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിര്‍ദേശവുമായി മുഖ്യപരിശീലകന്‍ ഇവാന് വുകമാനോവിച്ച് രംഗത്തെത്തി.
പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മനോഹര ഫുട്ബോള്‍ പ്രതീക്ഷിക്കരുതെന്നാണ് വുകോമനോവിച്ച് പറയുന്നത്. ''പരീക്ഷണങ്ങളുടെ സമയം കഴിഞ്ഞു. പ്ലേ ഓഫില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കളിമാറും. അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, എങ്ങനെയും ജയിക്കുക മാത്രമാണ് ലക്ഷ്യം. തോറ്റാല്‍ സീസണ് അവസാനിക്കും. എന്നതിനാല്‍ പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകളും ഇതേരീതിയിലാവും കളിക്കുക.'' കോച്ച് പറഞ്ഞു. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നിലെ ആവേശപ്പോരാട്ടം ബംഗളൂരുവിലും ആവര്‍ത്തിക്കാന്‍ ഇവാന് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.പ്ലേ ഓഫ് മത്സരത്തിന് മുമ്പ് മഞ്ഞപ്പട ആരാധകര്‍ക്ക് നിര്‍ദേശവുമായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയിരുന്നു.
മത്സരം കാണാനെത്തുന്നവര്‍ നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റില്‍ പറയുന്നു. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബെംഗളൂരുവില്‍ ആരാധകര്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.-
പ്ലേ ഓഫില്‍ ആറ് ടീമുകള്‍
മുംബൈയും ഹൈദരാബാദും സെമിയില്ഈ സീസണിലെ പ്ലേ ഓഫ് ഫോര്‍മാറ്റില്‍ കാര്യമായ മാറ്റം സംഘാടകര്‍ വരുത്തിയിട്ടുണ്ട്. ഇതേ ഫോര്മാറ്റാകും ഇനി അങ്ങോട്ടുള്ള സീസണുകളിലുണ്ടാവുക. ഇത്തവണ മുതല്‍ പ്ലേ ഓഫില്‍ കളിക്കുന്നത് ആറ് ടീമുകളാണ്. ഇതില്‍ രണ്ട് ടീമുകള്‍ നേരിട്ട് സെമി കളിക്കും. മുംബൈ സിറ്റി, ഹൈദരാബാദ്, എടികെ മോഹന്‍ ബഗാന്, ബെംഗളൂരു, കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എന്നിവരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയപ്പോള്‍ ആദ്യരണ്ട് സ്ഥാനക്കാരായ മുംബൈ സിറ്റിയും ഹൈദരാബാദും നേരിട്ട് സെമി ഫൈനല്‍ കളിക്കും. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു, എടികെ ബഗാന്, ഒഡീഷ എന്നിവരാണ് നോക്കൗട്ട് പ്ലേഓഫില്‍ കളിക്കുക. ബംഗളൂരു, ബ്ലാസ്റ്റേഴ്സ് വിജയികള്‍ സെമിയില്‍ മുംബൈ സിറ്റിയും എടികെ ബഗാന്, ഒഡീഷ വിജയികള്‍ ഹൈദരാബാദിനെയും നേരിടും. സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ്. മാര്‍ച്ച് ഏഴിനും ഒമ്പതിനും ആദ്യപാദ സെമിയും പന്ത്രണ്ടിനും പതിമൂന്നിനും രണ്ടാംപാദ സെമിയും നടക്കും.
മാര്‍ച്ച് പതിനെട്ടിന് ഗോവയിലാണ് ഐഎസ്എല്‍ ഫൈനല്‍. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ് ഹൈദരാബാദ് എഫ് സി ചാംപ്യന്മാരായത്.ഒന്‍പതാം സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്നത് 334 ഗോള്‍. മുംബൈ സിറ്റിയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം. ആദ്യ ഘട്ടത്തിലെ 110 കളിയില്‍ നിന്നാണ് 334 ഗോളുകള്‍. ഓരോ കളിയിലും ശരാശരി 3.04 ഗോള്‍ വീതം. ഗോള്‍വേട്ടയില്‍ മുന്നില്‍ പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായ മുംബൈ സിറ്റി. 20കളിയില്‍ 54 ഗോള്‍. രണ്ടാം സ്ഥാനത്ത് മൂന്ന് ടീമുകള്‍. എഫ് സി ഗോവ, ചെന്നൈയിന് എഫ് സി, ഹൈദരബാദ് എഫ് സി. 36 ഗോള്‍ വീതം. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത് ഇരുപത്തിയെട്ട് ഗോള്‍.
ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ മുന്നില്‍ 12 ഗോളുമായി ഒഡിഷയുടെ ഡീഗോ മൗറിഷ്യോയും ഈസ്റ്റ് ബംഗാളിന്റെ ക്ലെയ്റ്റന്‍ സില്‍വയും. ദിമിത്രോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍, പത്തുഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.