ചരിത്രത്തിന്‍റെ ഗ്യാലറിയിലെ ജീവനുള്ള പ്രതിമ

പാട്രിസ് ലുമുംബയുടെ വേഷത്തിൽ മിഷേൽ എൻകുക്ക എംബൊളാഡിംഗ ഗ്യാലറിയിൽ നിശ്ചലനായി നിൽക്കുമ്പോൾ, കോംഗോയുടെ രക്തസാക്ഷിത്വവും കോളനിവിരുദ്ധ പോരാട്ടവും ലോകകപ്പിൽ വീണ്ടും ചർച്ചയായി
ണ ചരിത്രവും നീതിക്കായുള്ള പോരാട്ടവും. Lumumba Fan: Congo supporter evokes colonial past at World Cup gallery

ലോകകപ്പിൽ കോംഗോ - കൊളംബിയ മത്സരത്തിനിടെ ഗ്യാലറിയിൽ മിഷേൽ എൻകുക്ക എംബൊളാഡിംഗ.

Updated on

ഫുട്ബോൾ മൈതാനങ്ങളിൽ ആവേശത്തിന്‍റെ ആരവങ്ങൾ മാത്രമല്ല ഉയരാറുള്ളത്; ചിലപ്പോഴെങ്കിലും ചരിത്രത്തിന്‍റെ ചോരയും കണ്ണീരും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ വേദികൾ കൂടിയായി അവ മാറാറുണ്ട്. കഴിഞ്ഞ ദിവസം ഗ്വാഡലജാരയിലെ എസ്റ്റാഡിയോ അക്രോൺ സ്റ്റേഡിയത്തിൽ നടന്ന കോംഗോ-കൊളംബിയ മത്സരത്തിൽ കണ്ട കാഴ്ച ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വികാരനിർഭരമായ ഒന്നായിരുന്നു. കോംഗോയുടെ കളി കാണാനെത്തിയ മിഷേൽ എൻകുക്ക എംബൊളാഡിംഗ എന്ന ആരാധകൻ ഗാലറിയിൽ നിലയുറപ്പിച്ചത് കേവലമൊരു കാണിയായല്ല, മറിച്ച് കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ പാട്രിസ് ലുമുംബയുടെ 'ജീവിച്ചിരിക്കുന്ന പ്രതിമ'യായാണ്.

ഈ പ്രതിമ വെറുമൊരു വേഷപ്പകർച്ചയല്ല. ബെൽജിയത്തിന്‍റെ നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1960-ൽ കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റ നേതാവായിരുന്നു പാട്രിസ് ലുമുംബ. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ ജനാധിപത്യ സ്വപ്നങ്ങളുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. പക്ഷേ, ഖനികളാൽ സമ്പന്നമായ കാറ്റംഗ മേഖലയിലെ വിഘടനവാദികൾക്ക് പിന്തുണ നൽകിയ ബെൽജിയൻ താത്പര്യങ്ങൾ ലുമുംബയുമായി ഒത്തുപോകുന്നതായിരുന്നില്ല.

കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ, അന്താരാഷ്ട്ര ഗൂഢാലോചനകളുടെ ഭാഗമായി പാട്രിസ് ലുമുംബ അതിദാരുണമായി വധിക്കപ്പെട്ടു. പാശ്ചാത്യ ശക്തികളുടെ കോളനിവത്കരണവും ആഫ്രിക്കൻ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള തന്ത്രങ്ങളും എത്രമാത്രം ക്രൂരവും ഹീനവുമായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു ലുമുംബയുടെ അന്ത്യം.

വർഷങ്ങൾക്കിപ്പുറവും ആ മുറിവ് ഉണങ്ങിയിട്ടില്ല. ഈ അടുത്തിടെയാണ് ലുമുംബയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ച് 93 വയസുകാരനായ മുൻ ബെൽജിയൻ നയതന്ത്രജ്ഞൻ എറ്റിയൻ ഡേവിഗ്നോണിനെതിരെ 'യുദ്ധക്കുറ്റകൃത്യങ്ങൾ' ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിചാരണയ്ക്ക് ഉത്തരവിട്ടത്. ലോകശക്തികൾ നടത്തിയ ഇത്തരം കൊളോണിയൽ ഇടപെടലുകൾ എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്‍റെ ഭാവിയെ തന്നെ തകിടം മറിച്ചതെന്ന് ലോകം ഇന്നും ചർച്ച ചെയ്യുന്നു.

52 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തിയ കോംഗോയുടെ ചരിത്രപരമായ നിമിഷമാണിത്. വിസ ലഭിക്കാത്തതിന്‍റെ പേരിലും എബോള ക്വാറന്‍റൈൻ നിയന്ത്രണങ്ങൾ കാരണവും ആദ്യ മത്സരങ്ങൾ കാണാൻ മിഷേൽ എൻകുക്കയ്ക്ക് അവസരം കിട്ടിയില്ല. എന്നാൽ രണ്ടാം മത്സരത്തിൽ ആ വേദനകളെല്ലാം മറന്ന്, ലുമുംബയുടെ വേഷം ധരിച്ച്, വലംകൈ ഉയർത്തി നിശ്ചലനായി നിൽക്കുന്ന മിഷേലിന്‍റെ ചിത്രം വലിയൊരു രാഷ്ട്രീയ പ്രഖ്യാപനം പോലെ ഗ്യാലറിയിലുണ്ടായിരുന്നു.

ണ ചരിത്രവും നീതിക്കായുള്ള പോരാട്ടവും. Lumumba Fan: Congo supporter evokes colonial past at World Cup gallery

കോംഗോയുടെ സ്വാതന്ത്ര്യ സമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ പാട്രിസ് ലുമുംബ.

File

ലോകം മുഴുവൻ പന്തുകളി കാണുമ്പോൾ, ഈ മനുഷ്യൻ ഓർമിപ്പിക്കുന്നത് തങ്ങളുടെ പൂർവികർ അനുഭവിച്ച ചൂഷണത്തെക്കുറിച്ചും, ഒരു രാഷ്ട്രമെന്ന നിലയിൽ തങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചും, ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്ന ഒരു വലിയ ചരിത്രത്തെക്കുറിച്ചുമാണ്.

ഒരുപക്ഷേ, ഫുട്ബോളിന്‍റെ ചരിത്രത്തിൽ ഇത്രയും അഗാധമായ രാഷ്ട്രീയവും ചരിത്രവും പേറുന്ന മറ്റൊരു ആരാധകൻ വേറെയുണ്ടാകില്ല. മൈതാനത്തിന്‍റെ പച്ചപ്പുകളിൽനിന്ന് അകലെയല്ലാതെ, ചരിത്രത്തിന്‍റെ ഗ്യാലറിയിലെ തീച്ചൂളയിൽ ലുമുംബ വീ എന്നറിയപ്പെടുന്ന ആ മനുഷ്യൻ, ഒരക്ഷരം മിണ്ടാതെ ചരിത്രത്തോട് സംസാരിക്കുകയാണ്- നീതി കിട്ടാത്ത രക്തസാക്ഷികൾക്കുവേണ്ടി, അടിച്ചമർത്തപ്പെട്ട ജനതയ്ക്കു വേണ്ടി.

logo
Metro Vaartha
www.metrovaartha.com