വീണ്ടും മുൻ ചാംപ്യൻമാരെ തളച്ച് കേപ്പ് വെർദെ

ഫിഫ ലോകകപ്പിൽ, മുൻ ലോക ചാംപ്യന്മാരായ ഉറുഗ്വെയെ സമനിലയിൽ തളച്ച് കേപ്പ് വെർദെ വീണ്ടും ചരിത്രം കുറിച്ചു
Uruguay vs Cabo Verde FIFA world cup 2026

ഫിഫ ലോകകപ്പ് മത്സരത്തിൽ ഉറുഗ്വെക്കെതിരേ കേപ്പ് വെർദെയുടെ ആദ്യ ഗോൾ നേടിയ കെവിൻ പിന.

Updated on

മയാമി: ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർദെ ഫിഫ ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. ആദ്യ മത്സരത്തിൽ മുൻ ചാംപ്യന്മാരായ സ്പെയിനിനെ സമനിലയിൽ തളച്ച 'ബ്ലൂ ഷാർക്സ്', ഇത്തവണ മുൻ ചാംപ്യന്മാരായ ഉറുഗ്വെയെയാണ് 2-2 എന്ന സ്കോറിന് സമനിലയിൽ കുരുക്കിയത്. മയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കെവിൻ പിന, ഹീലിയോ വരേല എന്നിവർ കേപ്പ് വെർദെയ്ക്കായും മാക്സി അരൗഹോ, അഗസ്റ്റിൻ കനോബിയോ എന്നിവർ ഉറുഗ്വെയ്ക്കായും ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ബുബിസ്റ്റയുടെ ശിക്ഷണത്തിലിറങ്ങിയ കേപ്പ് വെർദെ ശക്തമായി തിരിച്ചടിച്ച് സമനില പിടിച്ചെടുത്തത്. കേപ്പ് വെർദെയുടെ മിഡ്ഫീൽഡർ കെവിൻ പിനയാണ് മത്സരത്തിലെ മികച്ച താരം.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. എന്നാൽ 21-ാം മിനിറ്റിൽ ഉറുഗ്വെയെ ഞെട്ടിച്ചുകൊണ്ട് കേപ്പ് വെർദെ ആദ്യ ഗോൾ നേടി. ടെൽമോ അർക്കാഞ്ചോയെ ഫൗൾ ചെയ്തതിന് ബോക്സിനു പുറത്ത് (34 യാർഡ് അകലെ) ലഭിച്ച ഫ്രീകിക്ക് കെവിൻ പിന ഉറുഗ്വെ പ്രതിരോധ മതിലിനിടയിലൂടെ തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ ഗോൾവലയുടെ താഴത്തെ മൂലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച മാഴ്സെലോ ബിയൽസയുടെ ഉറുഗ്വെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഗോളുകൾ നേടി കളി തങ്ങളുടെ വരുതിയിലാക്കി.

44-ാം മിനിറ്റിൽ റോഡ്രിഗോ ബെന്‍റാങ്കൂറിന്‍റെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങിയപ്പോൾ റീബൗണ്ടിൽ നിന്നും അറൗഹോ ഒരു ഹെഡറിലൂടെ ഉറുഗ്വെയ്ക്ക് സമനില സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്‍റെ ആറാം മിനിറ്റിൽ അറൗഹോ നൽകിയ ഹെഡർ സ്വീകരിച്ച് കനോബിയോ കേപ്പ് വെർദെ കീപ്പർ വോസീന്യയെ മറികടന്ന് ഉറുഗ്വെയ്ക്ക് ലീഡും നൽകി.

രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാൻ കേപ്പ് വെർദെ ശക്തമായി ശ്രമിച്ചു. 61-ാം മിനിറ്റിൽ ഉറുഗ്വെ പ്രതിരോധ നിര വരുത്തിയ പിഴവ് മുതലെടുത്ത് ഹീലിയോ വരേല സമനില ഗോളും നേടി (2-2). തന്‍റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ദേശീയ ടീമിനായി ആദ്യ ഗോൾ നേടാൻ കഴിഞ്ഞതിന്‍റെ സന്തോഷം വരേല മത്സരശേഷം പങ്കുവെച്ചു.

ഗാലറിയിൽ ഇതിഹാസ താരം ലൂയിസ് സുവാരസിന്‍റെ സാന്നിധ്യത്തിൽ പിന്നീട് ഉറുഗ്വെ വൻ ആക്രമണങ്ങൾ നടത്തിയെങ്കിലും, കേപ്പ് വെർദെ ഡിഫെൻഡർമാരായ പിക്കോ ലോപ്പസും സിഡ്നി ലോപ്പസ് കബ്രാളും ചേർന്ന് ആക്രമണങ്ങളെല്ലാം തട്ടിയകറ്റി. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ കേപ്പ് വെർദെയുടെ പല താരങ്ങളും പേശിവലിവ് കാരണം ബുദ്ധിമുട്ടിയെങ്കിലും അവർ പോരാട്ടവീര്യം കൈവിട്ടില്ല.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നാല്‍പ്പതുകളിൽ (40s) പ്രായമുള്ള രണ്ട് ഗോൾകീപ്പർമാർ ഒരു മത്സരത്തിൽ ഒന്നിച്ച് ആദ്യ ഇലവനിൽ കളത്തിലിറങ്ങുന്നത്. ഉറുഗ്വെയുടെ ഫെർണാണ്ടോ മുസ്ലേരയും കേപ്പ് വെർദെയുടെ വോസീന്യയുമാണ് ഈ അപൂർവ റെക്കോർഡിന് ഉടമകളായത്.

ഈ സമനിലയോടെ ഗ്രൂപ്പ് എച്ചിൽ സ്പെയിൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഉറുഗ്വെയും കേപ്പ് വെർദെയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ സ്പെയിൻ ഉറുഗ്വെയെയും കേപ്പ് വെർദെ സൗദി അറേബ്യയെയും നേരിടും. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ വരാനിരിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്.

logo
Metro Vaartha
www.metrovaartha.com