ലോകകപ്പിലും ഇറാന് യുഎസ് നിയന്ത്രണം; രാവിലെ വന്ന് കളിച്ച് വൈകിട്ട് മ‌ടങ്ങണം

ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിക്കുന്ന വിസ നിയന്ത്രണങ്ങളുമായി യുഎസ്; സ്പോർട്സിൽ രാഷ്ട്രീയം പാടില്ലെന്നു പറയുന്ന ഫിഫയ്ക്ക് പ്രതികരണമില്ല
US Visa Curbs on Iran World Cup Team

ഇറാന്‍റെ ലോകകപ്പ് ടീമിന് യുഎസിൽ നിയന്ത്രണം.

Representative image

Updated on

വാഷിങ്ടൺ ഡിസി: സ്പോർട്സിനെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്ന രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഇറാന്‍റെ ലോകകപ്പ് ഫുട്ബോൾ ടീമിന് യുഎസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് യുഎസും മെക്സിക്കോയും ക്യാനഡയും ചേർന്നാണ്. യുഎസിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കളി നടക്കുന്ന ദിവസം രാവിലെ മാത്രം ഇറാൻ ടീമിന് രാജ്യത്ത് പ്രവേശിക്കാമെന്നും, മത്സരം കഴിയുന്ന രാത്രി തന്നെ സ്ഥലം വിടണമെന്നുമാണ് യുഎസിന്‍റെ വിചിത്രമായ നിർദേശം.

മെക്സിക്കോയിലെ ഇറാന്‍റെ അംബാസഡർ അബുൽഫസൽ പസന്ദീദെയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കിട്ടിയതായി വെളിപ്പെടുത്തിയത്. യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിനും തുടർന്നുണ്ടായ തിരിച്ചടിക്കും ശേഷമാണ് പുതിയ ഉപരോധം. നേരത്തെ തന്നെ കടുത്ത നിയന്ത്രണങ്ങൾ കാരണം യുഎസിലെ ട്യൂസണിൽ നിശ്ചയിച്ചിരുന്ന തങ്ങളുടെ ലോകകപ്പ് പരിശീലന ക്യാംപ് ഇറാൻ മെക്സിക്കോയിലേക്കു മാറ്റിയിരുന്നു.

"ഞങ്ങൾക്ക് മത്സര ദിവസം രാവിലെ മാത്രമേ അമെരിക്കയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. കളി കഴിഞ്ഞാൽ അന്നുതന്നെ ഞങ്ങൾ രാജ്യം വിടുകയും വേണം," വിസ നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിക്കവെ ഇറാൻ പ്രതിനിധി മാധ്യമങ്ങളോടു പറഞ്ഞു. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമായി മൂന്ന് മത്സരങ്ങളാണ് ഇറാൻ അമെരിക്കൻ മണ്ണിൽ കളിക്കേണ്ടത്.

എന്നാൽ, അമെരിക്കയിൽ നടക്കുന്ന മത്സരങ്ങൾക്ക് മാത്രമാണ് ഈ കടുത്ത വിവേചനം. സഹ ആതിഥേയരായ ക്യാനഡയിലെയും മെക്സിക്കോയിലെയും മത്സരങ്ങളിൽ ഇറാന് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. സാധാരണയായി ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകളിൽ പങ്കെടുക്കുന്ന ടീമുകൾ ആതിഥേയ രാജ്യങ്ങളിൽ മുൻകൂട്ടി ക്യാംപ് ചെയ്താണ് പരിശീലനവും വിശ്രമവും പൂർത്തിയാക്കാറുള്ളത്. യുഎസ് നിയന്ത്രണങ്ങൾ നടപ്പായാൽ അത് ഇറാൻ കളിക്കാരുടെ ശാരീരികക്ഷമതയെയും ടീമിന്‍റെ തന്ത്രങ്ങളെയും സാരമായി ബാധിക്കും. ഓരോ മത്സരത്തിനും വേണ്ടി മണിക്കൂറുകളോളം വിമാനയാത്ര ചെയ്യുകയും കളി കഴിഞ്ഞ ഉടൻ മടങ്ങുകയും ചെയ്യേണ്ടി വരുന്നത് കായികതാരങ്ങളുടെ ആരോഗ്യത്തിനു തന്നെ ഹാനികരമാകും.

രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച്, ലോകകപ്പിന് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ആതിഥേയ രാജ്യങ്ങൾ ഒരുക്കണമെന്നാണ് ഫിഫയുടെ (FIFA) കർശനമായ ചട്ടം. എന്നാൽ, അമെരിക്കൻ ഭരണകൂടത്തിന്‍റെ ഏകപക്ഷീയമായ നീക്കത്തിനെതിരേ ഫിഫയോ ലോകകപ്പ് സംഘാടക സമിതി അംഗങ്ങളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇറാൻ പ്രതിനിധിയുടെ ആരോപണങ്ങൾക്കു വിശദീകരണം നൽകാനും വാഷിങ്ടണും തയാറായിട്ടില്ല. ഏഷ്യൻ മേഖലയിൽ നിന്ന് മികച്ച ഫോമിൽ യോഗ്യത ഉറപ്പാക്കിയെത്തുന്ന മുൻനിര ടീമുകളിലൊന്നാണ് ഇറാൻ.

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് 2026-ൽ അരങ്ങുണരാൻ പോകുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കിയ ശേഷമുള്ള ആദ്യ ടൂർണമെന്‍റ്. ഭൂരിഭാഗം മത്സരങ്ങൾക്കും വേദിയാകുന്നത് അമെരിക്കയാണ്. കായികരംഗത്തെ വംശീയവും രാഷ്ട്രീയവുമായ വേർതിരിവുകൾക്കെതിരേ അന്താരാഷ്ട്ര ഫുട്ബോൾ അധികൃതരും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി രംഗത്തുവരണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com