

ലോകകപ്പ് ഡി ഗ്രൂപ്പിൽ ഓസ്ട്രേലിയയും യുഎസ്എയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
സിയാറ്റിൽ: പ്രതിരോധ തന്ത്രങ്ങളുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് യുഎസ്എ ഫിഫ ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു. സിയാറ്റിലിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ആദ്യ പകുതിയിൽ നേടിയ ഗോളുകളുടെ കരുത്തിലാണ് ആതിഥേയരായ അമെരിക്കയുടെ വിജയം. ഒരു സെൽഫ് ഗോളും, വാർ (VAR) പരിശോധനയിലൂടെ അനുവദിച്ച ഗോളുമാണ് യുഎസ്എയ്ക്ക് തുണയായത്.
തോറ്റെങ്കിലും ആദ്യ മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയ്ക്ക് ഇപ്പോഴും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ വ്യക്തമായ സാധ്യതയുണ്ട്.
തുർക്കിക്കെതിരായ ആദ്യ മത്സരത്തിൽ ഗോളുകൾ നേടിയ നെസ്റ്റോറി ഇരങ്കുണ്ട, കോനർ മെറ്റ്കാഫ് എന്നീ യുവതാരങ്ങളെ ബെഞ്ചിലിരുത്തിയാണ് ഓസ്‌ട്രേലിയൻ പരിശീലകൻ ടോണി പോപോവിച്ച് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ആരാധകരെ അദ്ഭുതപ്പെടുത്തിയ ഈ തീരുമാനം ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി.
കളിയുടെ പത്താം മിനിറ്റിൽ തന്നെ യുഎസ്എ മുന്നിലെത്തി. ഫോളാരിൻ ബലോഗൻ ഇടതു വിങ്ങിലൂടെ ഓടിക്കയറി ബോക്സിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ശ്രമിച്ച ഓസ്‌ട്രേലിയൻ ഡിഫെൻഡർ കാം ബർഗെസിന്‍റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു (1-0). ഈ നിർഭാഗ്യകരമായ ഓസ്ട്രേലിയൻ സെൽഫ് ഗോൾ യുഎസ്എയ്ക്ക് മികച്ച തുടക്കം നൽകി.
തുടർന്ന് പരുക്കൻ കളി പുറത്തെടുത്ത ഓസ്‌ട്രേലിയൻ താരങ്ങളായ ജോർഡി ബോസ്, അലസാൻഡ്രോ സിർക്കാറ്റി എന്നിവർക്ക് ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ (44-ാം മിനിറ്റ്) യുഎസ്എ ലീഡ് ഇരട്ടിപ്പിച്ചു. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് ലഭിച്ച ഫ്രീ കിക്ക് പാസ് സ്വീകരിച്ച് സെർജിന്യോ ഡെസ്റ്റ് തൊടുത്ത ഷോട്ട് ഓസ്‌ട്രേലിയൻ ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി ഉയർന്നു പൊങ്ങി. ഈ പന്തിനെ അലക്സ് ഫ്രീമാൻ ഹെഡറിലൂടെ വലയിലാക്കി (2-0). ലൈൻ റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാർ (VAR) പരിശോധനയ്ക്ക് ശേഷം റഫറി യുഎസ്എയ്ക്ക് ഗോൾ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ പരിശീലകൻ പോപോവിച്ച് മാറ്റങ്ങൾക്ക് തയ്യാറായി. കാം ബർഗെസ്, നിഷാൻ വേലുപ്പിള്ള, മോ ടൂറെ എന്നിവർക്ക് പകരം സൂപ്പർ താരം നെസ്റ്റോറി ഇരങ്കുണ്ട, കോനർ മെറ്റ്കാഫ്, ജേസൺ ഗെരിയ എന്നിവരെ കളത്തിലിറക്കി. ഇരങ്കുണ്ടയുടെ വരവോടെ ഓസ്‌ട്രേലിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടിയെങ്കിലും അമെരിക്കൻ പ്രതിരോധം തകർക്കാൻ അവർക്കായില്ല.
ഈ വിജയത്തോടെ യുഎസ്എ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യതയേറി. തുർക്കി - പരാഗ്വെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ സ്ഥാനം. ഗ്രൂപ്പിലെ അവസാന മത്സരത്തോടെയേ അന്തിമ ചിത്രം വ്യക്തമാകൂ.