അന്നു മെസിക്ക് റെഡ് കാർഡ് കൊടുക്കാഞ്ഞത് എന്തുകൊണ്ട്?

അൾജീരിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ അർജന്‍റീനയുടെ ലയണൽ മെസി നടത്തിയ ഫൗളിന് റഫറി റെഡ് കാർഡ് നൽകാത്തതിനു കാരണം വിശദീകരിക്കുന്നു
Messi VAR foul debate in Algeria clash

ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അൾജീരിയൻ താരം ഐസ മാൻഡിയെ ഫൗൾ ചെയ്യുന്ന അർജന്‍റീനയുടെ ലയണൽ മെസി.

Updated on

ലോകകപ്പിൽ അൾജീരിയക്കെതിരായ അർജന്‍റീനയുടെ മത്സരത്തിനിടെ ലയണൽ മെസി നടത്തിയ ഫൗളിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം തുടരുകയാണ്. ഗോൾവേട്ടയുടെ റെക്കോഡുകൾ മെസി ഒന്നൊന്നായി ഭേദിക്കുമ്പോൾ തർക്കത്തിനും മൂർച്ചയേറുന്നു. അൾജീരിയൻ താരം ഐസ മാൻഡിയെ മെസി ഫൗൾ ചെയ്തതിന് റഫറി ചുവപ്പ് കാർഡ് നൽകണമായിരുന്നു എന്നാണ് വിമർശകർ വാദിക്കുന്നത്. എന്നാൽ, റഫറിയുടെ തീരുമാനം നിയമപരമായി കൃത്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനിടെ മെസിയുടെ ബൂട്ട് എതിരാളിയുടെ കാലിന്‍റെ പിൻഭാഗത്ത് പതിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ, വീഡിയോ അസിസ്റ്റന്‍റ് റഫറി (VAR) ഉൾപ്പെടെയുള്ള ഒഫീഷ്യലുകൾ പരിശോധിച്ച ശേഷം അതൊരു സാധാരണ ഫൗളായി മാത്രം കണക്കാക്കുകയായിരുന്നു. ഫുട്ബോൾ നിയമങ്ങൾ പ്രകാരം ഈ തീരുമാനത്തിലെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:

പന്താണ് ലക്ഷ്യം: മെസിയുടെ നീക്കം പന്ത് കൈക്കലാക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്നും എതിരാളിയെ മനഃപൂർവം പരുക്കേൽപ്പിക്കാനുള്ള ശ്രമമായിരുന്നില്ലെന്നും ഒഫീഷ്യൽസ് കണ്ടെത്തി.

ബലപ്രയോഗത്തിന്‍റെ അഭാവം: ഫുട്ബോൾ നിയമങ്ങളിൽ 'എക്സസീവ് ഫോഴ്സ്' (Excessive Force) അഥവാ അമിത ബലപ്രയോഗം ഉണ്ടെങ്കിൽ മാത്രമാണ് റെഡ് കാർഡ് നൽകേണ്ടത്. എന്നാൽ, മെസിയുടെ ടാക്കിളിൽ അത്തരമൊരു കാഠിന്യം ഉണ്ടായിരുന്നില്ലെന്നാണ് റഫറിയുടെ വിലയിരുത്തൽ.

മിസ്‌ടൈംഡ് ടാക്കിൾ: ഫുട്ബോളിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു 'മിസ്‌ടൈംഡ് ടാക്കിൾ' അഥവാ ടൈമിങ് പിഴച്ചു പോയ ഒരു പന്തെടുക്കൽ ശ്രമം മാത്രമായി ഇതിനെ ചുരുക്കാമെന്ന് റൂൾ ബുക്ക് വ്യക്തമാക്കുന്നു.

ഓരോ മത്സരത്തിലും റഫറിയുടെ തീരുമാനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത് പതിവാണ്. മെസിയുടെ കാര്യത്തിൽ താരത്തിന്‍റെ പ്രശസ്തിയും സ്വാധീനവും റഫറിയെ സ്വാധീനിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും, സാങ്കേതികമായി ഫുട്ബോൾ നിയമങ്ങൾക്കനുസൃതമായാണ് റഫറിമാർ പ്രവർത്തിക്കുന്നത്.

ചുവപ്പ് കാർഡിന് അർഹമായ സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മെസിക്ക് പിഴവ് നേരിടേണ്ടി വരാതിരുന്നത്. ഇനി ചുവപ്പ് കാർഡ് നൽകാവുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്നു നോക്കാം:

  • ഗുരുതരമായ ഫൗൾ പന്തിനായി മത്സരിക്കുമ്പോൾ അമിതമായ ബലപ്രയോഗം നടത്തുകയോ ക്രൂരമായി പെരുമാറുകയോ ചെയ്യുമ്പോൾ.

  • ആക്രമണോത്സുകമായ പെരുമാറ്റം: പന്തുമായി ബന്ധമില്ലാത്ത സാഹചര്യത്തിൽ പോലും എതിരാളിയെയോ മറ്റാരെയെങ്കിലുമോ അക്രമിക്കുകയോ പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.

  • കടിക്കുകയോ തുപ്പുകയോ ചെയ്യുക: കളിക്കാരോ ഒഫീഷ്യലുകളോ ഉൾപ്പെടെ ആരെങ്കിലുമൊരാൾക്കെതിരെ കടിക്കുകയോ തുപ്പുകയോ ചെയ്യുന്നത്.

  • ചട്ടവിരുദ്ധമായി ഗോൾ നിഷേധിക്കൽ: പന്ത് കൈകൊണ്ട് മനഃപൂർവം തടഞ്ഞ് എതിർ ടീമിന് ലഭിക്കുമായിരുന്ന ഒരു ഗോളോ അല്ലെങ്കിൽ വ്യക്തമായ ഗോൾ അവസരമോ നിഷേധിക്കുക (ഗോൾകീപ്പർ സ്വന്തം പെനാൽറ്റി ഏരിയയിൽ വെച്ച് അല്ലാത്ത സാഹചര്യങ്ങളിൽ).

  • ഫൗളിലൂടെ ഗോൾ നിഷേധിക്കൽ: ഒരു ഫൗളിലൂടെ എതിർ ടീമിന്‍റെ വ്യക്തമായ ഗോൾ അവസരം നിഷേധിക്കുന്നത്.

  • അപമര്യാദയായ പെരുമാറ്റം: മോശമായതോ അധിക്ഷേപകരമായതോ ആയ ഭാഷ ഉപയോഗിക്കുകയോ അത്തരം ആംഗ്യങ്ങൾ കാണിക്കുകയോ ചെയ്യുമ്പോൾ.

  • രണ്ടാമത്തെ മഞ്ഞ കാർഡ്: ഒരേ മത്സരത്തിൽ ഒരു കളിക്കാരന് രണ്ടാമതും മഞ്ഞ കാർഡ് ലഭിക്കുകയാണെങ്കിൽ, സ്വാഭാവികമായും ചുവപ്പ് കാർഡ് നൽകി പുറത്താക്കും.

  • വായ പൊത്തി സംസാരിക്കുന്നത്: ഈ ലോകകപ്പിനു മുൻപ് ഫിഫ നടപ്പാക്കിയ ചട്ടം അനുസരിച്ച്, എതിർ കളിക്കാരുമായോ ഒഫീഷ്യലുകളുമായോ തർക്കുക്കുമ്പോൾ കളിക്കാർ വായ പൊത്തിപ്പിടിച്ചാൽ റെഡ് കാർഡ് നൽകാം. വംശീയ വിദ്വേഷം പോലുള്ള സംഭാഷണം ഒഴിവാക്കുന്നതിനാണ് ഈ പുതിയ ചട്ടം.

logo
Metro Vaartha
www.metrovaartha.com