

സ്പെയിന്‍റെ ലോകകപ്പ് ടീമംഗങ്ങളായ ഫെറാൻ ടോറസ്, എറിക് ഗാർഷ്യ.
File
വി.കെ. സഞ്ജു
ഒമ്പത് വർഷം മുൻപ് ഒരു ഒക്റ്റോബർ സന്ധ്യ. സ്ഥലം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഇന്ത്യ ആതിഥ്യം വഹിച്ച ഏറ്റവും വലിയ ഫിഫ ടൂർണമെന്‍റ് നടക്കുന്നു. അണ്ടർ-17 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ. അന്നു സ്പെയിൻ ഇറാനെ തോൽപ്പിക്കുമ്പോൾ നിർണായക ഗോളടിച്ച ഒരു പതിനേഴുകാരനുണ്ട്; പിന്നീട് കോൽക്കത്തയിലെ ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റ് കണ്ണീരോടെ കളം വിട്ടവൻ. ഇന്നവൻ ഫിഫ ലോകകപ്പിൽ അർജന്‍റീനയെ കരയിച്ച ഗോളിനുടമയാണ്; ലോകകപ്പ് ജേതാവാണ്- അതെ, ഫെറാൻ ടോറസ് എന്നു തന്നെയാണ് അവന്‍റെ പേര്!
കൊച്ചിയുടെ മണ്ണിൽ ലോക ഫുട്ബോളിന്‍റെ ആവേശം അലതല്ലിയ നാളുകളിൽ അവനൊപ്പം എറിക് ഗാർഷ്യയുമുണ്ടായിരുന്നു സ്പെയിനു വേണ്ടി പന്തുതട്ടാൻ. ഇത്തവണത്തെ ഫൈനലിനു ശേഷം ലിയാൻഡ്രോ പരെഡെസ് കഴുത്തിനു കുത്തിപ്പിടിച്ചു നിലത്തിട്ടില്ലേ, അതേ ഗാർഷ്യ തന്നെ.
അണ്ടർ-17 ലോകകപ്പിൽ കൊച്ചിയിൽ സ്പെയിന്‍റെ ആദ്യ മത്സരം ബ്രസീലിനെതിരേ ആയിരുന്നു. റിപ്പോർട്ട് ചെയ്യാനിരിക്കുമ്പോൾ പ്രസ് ബോക്സിൽ കിട്ടിയ ടീം ലിസ്റ്റിൽ ആരെയുമറിയില്ല. പക്ഷേ, ഫെറാൻ ടോറസ് എന്ന പേരിൽ കണ്ണുടക്കി. സാക്ഷാൽ ഫെർണാണ്ടോ ടോറസ് കത്തിനിൽക്കുന്ന കാലത്ത് ആ സെക്കൻഡ് നെയിമിനോടു തോന്നിയ കൗതുകം മാത്രം. പക്ഷേ, പേരിനപ്പുറം സമാനതകൾ അവകാശപ്പെടാനുണ്ടെന്ന് ആ ടൂർണമെന്‍റിൽ തന്നെ ജൂനിയർ ടോറസ് തെളിയിച്ചു- രണ്ട് ഗോളും രണ്ട് അസിസ്റ്റുകളുമായി, അതിനപ്പുറം ഒരുപാട് ക്യാമറകളെ ആകർഷിച്ച ഡ്രിബിളുകളുമായി.
അന്നത്തെ ആ കളി ബ്രസീൽ ജയിച്ചു. രണ്ടാമത് കൊച്ചിയിൽ കളിക്കാനിറങ്ങിയ സ്പെയിൻ നൈജീരിയയെ തകർത്തു. മൂന്നാമത്തെ കളിയിലാണ് ഇറാനെ തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുന്നത്. ആ ടൂർമെന്‍റിൽ റണ്ണറപ്പുകളായ സ്പെയിൻ ടീമിൽനിന്ന് ടോറസും ഗാർഷ്യയും മാത്രമാണ് ഇത്തവണ ലോകകപ്പ് ഉയർത്തിയ ടീമിൽ ഉൾപ്പെടുന്നത്.
2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്‍റീനക്കെതിരേ വിജയ ഗോൾ നേടിയ സ്പെയിൻ താരം ഫെറാൻ ടോറസ്.
വലൻസിയയുടെ യൂത്ത് അക്കാഡമിയിൽ നിന്നാണ് അന്ന് ഫെറാൻ ടോറസിന്‍റെ വരവ്. അതേസമയം, ബാഴ്സലോണയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ യൂത്ത് അക്കാഡമിയിലേക്കു മാറിയ എറിക് ഗാർഷ്യ അന്നും ഇന്നും പകരക്കാരനാണ്. അണ്ടർ-17 ലോകകപ്പിൽ റിസർവ് സെന്‍റർ ബാക്കായിരുന്ന ഗാർഷ്യ ആകെ കളിച്ചത് ഒരു മത്സരത്തിൽ മാത്രം, അതും വെറും 17 മിനിറ്റ്. പതിനാറാം വയസിൽ ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അവൻ.
ഈ ലോകകപ്പിലും റിസർവ് ബെഞ്ചിലെ പതിവുകാരനായിപ്പോയ ഗാർഷ്യക്ക് ആദ്യമായി പന്തു തട്ടാൻ അവസരം കിട്ടുന്നത് ഫൈനലിലാണ്. ഇവിടെയും സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഗാർഷ്യ രണ്ട് ക്ലീൻ ടാക്കിളുകളും ഷോർട്ട് പാസുകളിൽ നൂറ് ശതമാനം കൃത്യതയുമായി തന്‍റെ റോൾ ഭംഗിയാക്കി. പക്ഷേ, അതിനു ശേഷമുള്ള കൈയാങ്കളിക്കിടെ പരെഡെസ് കഴുത്തിനു കുത്തിപ്പിടിക്കുന്നതോടെയാണ് അയാൾ ശരിക്കും ആ ഫൈനലിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി മാറുന്നത്.
2026 ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരം എറിക് ഗാർഷ്യയെ ആക്രമിക്കുന്ന അർജന്‍റീനയുടെ ലിയാൻഡ്രോ പരെഡെസ്.
അന്ന് കൊച്ചിയിലെ ഗാലറിയിൽ കളി കണ്ടവർ ഗാർഷ്യയെ ഓർക്കണമെന്നില്ല, പക്ഷേ, ടോറസിനെ ഓർക്കും. കാലത്തിന് ഫുട്ബോളിനെക്കാൾ വേഗം. അന്ന് കൊച്ചിയിലെ ഫ്ളഡ് ലൈറ്റിൽ തിളങ്ങിയ കുഞ്ഞ് നക്ഷത്രങ്ങൾ, ഇന്നിതാ ലോകത്തിന്‍റെ നെറുകയിൽ സൂര്യശോഭയായിരിക്കുന്നു.