ഞാനാരാണെന്ന് നിനക്കറിയില്ല; എംബാപ്പെയെ ഭീഷണിപ്പെടുത്തി പരാഗ്വെ സെനറ്റർ

ഫ്രാന്‍സ് സൂപ്പർ താരത്തിനെതിരേ വംശീയ പരാമര്‍ശം നടത്തിയ പരാഗ്വെ സെനറ്റർ സെലസ്റ്റെ അമരില്ല, കിലിയൻ എംബാപ്പെ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുന്നു
 Kylian Mbappé,  Celeste Amarilla

കൈലിയന്‍ എംബാപ്പെ, സെലസ്റ്റെ അമരില്ല

Updated on

ലോക ഫുട്‌ബോളിലെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ചുറ്റിപ്പറ്റിയ വംശീയ വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രാന്‍സും പരാഗ്വെയും തമ്മിലുള്ള ഫിഫ ലോകകപ്പ് മത്സരത്തിന് പിന്നാലെ തുടങ്ങിയ വാക്കേറ്റം ഇപ്പോള്‍ നിയമനടപടിയിലേക്കും രാഷ്ട്രീയ വിവാദത്തിലേക്കും നീങ്ങുകയാണ്. പരാഗ്വെ സെനറ്റര്‍ സെലസ്റ്റെ അമരില്ല എംബാപ്പെയെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തി. എംബാപ്പെ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട അമരില്ല അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി.

ഫ്രാന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ എംബാപ്പെയെ ലക്ഷ്യമിട്ട് അമരില്ല നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. താരത്തിന്‍റെ വംശീയ പശ്ചാത്തലത്തെയും ഫ്രഞ്ച് ദേശീയതയെയും ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു അവ. ഈ പ്രസ്താവനകള്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.

വിവാദത്തിന് പിന്നാലെ എംബാപ്പെ ശക്തമായ മറുപടിയുമായി രംഗത്തെത്തി. 'നിങ്ങള്‍ ആ സ്ഥാനത്തിന് അര്‍ഹയല്ല. പരാഗ്വെ ജനതയെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല,' എന്നായിരുന്നു ഫ്രഞ്ച് നായകന്‍റെ പ്രതികരണം. വംശീയ അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കില്ലെന്ന വ്യക്തമായ സന്ദേശം കൂടിയായിരുന്നു അത്.

എന്നാല്‍ എംബാപ്പെയുടെ പ്രതികരണമാണ് തന്നെ അപമാനിച്ചതെന്ന് ആരോപിച്ച അമരില്ല വീണ്ടും രംഗത്തെത്തി. 'നിനക്ക് ഞാന്‍ ആരാണെന്ന് യാതൊരു ധാരണയും ഇല്ല. എന്നോട് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും,' എന്നായിരുന്നു സെനറ്ററുടെ മുന്നറിയിപ്പ്. ഇതോടെയാണ് വിവാദം വീണ്ടും കത്തിപ്പടര്‍ന്നത്.

സംഭവം ഗൗരവമായി എടുത്ത ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും നിയമനടപടിക്ക് തയ്യാറെടുക്കുകയാണ്. വംശീയ അധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പരാഗ്വെ സര്‍ക്കാർ സെനറ്ററുടെ പ്രസ്താവനകളില്‍ നിന്ന് അകലം പാലിച്ചു. അമരില്ലയുടെ അഭിപ്രായം സര്‍ക്കാരിന്‍റെയോ രാജ്യത്തിന്‍റെയോ ഔദ്യോഗിക നിലപാടല്ലെന്നും വംശീയതയ്ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കും യാതൊരു പിന്തുണയും ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com