

ഇന്ത്യയുടെ ആദ്യ സൂപ്പർസ്റ്റാർ ക്രിക്കറ്ററെന്ന വിശേഷണമുണ്ട് സലിം ദുറാനിക്ക്. അറുപതുകളുടെയും എഴുപതുകളുടെയും ക്രിക്കറ്റ് ഗാലറികളിൽ അത്രയധികം ആവേശമൊഴുക്കിയ ഓൾ റൗണ്ടർ. ദുറാനിയുടെ കളി കാണുന്നതാരുമാകട്ടേ, അടുത്ത നിമിഷം തന്നെ അദ്ദേഹത്തിന്‍റെ ആരാധകരായി മാറുമെന്ന അതിശയോക്തി കലർന്ന അങ്ങാടിപ്പാട്ടുണ്ടായിരുന്നു അക്കാലത്ത്. ഇന്നു താരാരാധനയുടെ കഥകൾ പുതുമയല്ലാതായി മാറുമ്പോൾ, ഉറപ്പായും പറയാം തലമുറകളുടെ ക്രിക്കറ്റ് ആരാധനയുടെ ആദ്യപുരുഷനായിരുന്നു സലിം ദുറാനിയെന്ന്. എൺപത്തിയെട്ടാം വയസിൽ സലിം ദുറാനി വിട പറയുമ്പോൾ, ആവേശമേറ്റിയ ഒരു ക്രിക്കറ്റ് കാലം മനസിൽ നിറയുന്ന തലമുറയുണ്ടാകും, ഉറപ്പ്.
അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ പിച്ചിലുണ്ടായിരുന്നതു പന്ത്രണ്ടു വർഷം. 29 ടെസ്റ്റുകൾ. ഒരു സെഞ്ചുറിയും 7 ഹാഫ് സെഞ്ചുറിയുമുൾപ്പടെ 1202 റൺ നേടി. ലെഫറ്റ് ആം സ്പിന്നറായ ദുറാനി 75 വിക്കറ്റുകളാണു നേടിയത്. പക്ഷേ അക്കക്കണക്കായിരുന്നില്ല ദുറാനിയെ പ്രിയപ്പെട്ടവനാക്കിയത്. എത്ര കഠിനമായ മത്സരമാണെങ്കിലും സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ചു പെർഫോം ചെയ്യാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. ഒരിക്കലൊരു അഭിമുഖത്തിൽ ദുറാനി തന്നെ പറഞ്ഞു, പ്രധാനമായും ഞാനൊരു ബോളറാണ്, ബാറ്റും ചെയ്യും. വേണമെങ്കിൽ ബോളിങ് ഓൾ റൗണ്ടർ എന്നു വിശേഷിപ്പിക്കാം. 1934-ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലാണു ദുറാനി ജനിച്ചത്. വളർന്നതും ക്രിക്കറ്റിന്‍റെ ആദ്യപാഠങ്ങൾ പഠിച്ചതും ഗുജറാത്തിലെ ജാംനഗറിലും. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഒരേയൊരു ഇന്ത്യൻ ക്രിക്കറ്ററാണ് ദുറാനി. അർജുന അവാർഡ് നേടുന്ന ആദ്യ ക്രിക്കറ്ററും ഇദ്ദേഹം തന്നെ.
പോയകാലതലമുറയിലെ ഏറ്റവും പോപ്പുലറായ ക്രിക്കറ്ററാണ് ദുറാനി. കാഴ്ചയിലും ആരെയും കീഴടക്കുന്ന വ്യക്തിത്വം. നടി പർവീൺ ബാബിയുടെ നായകനായി ചരിത്ര എന്നൊരു സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഒരിക്കൽ സുനിൽ ഗവാസ്ക്കർ പറഞ്ഞു, സലീം ദുറാനി എന്നെങ്കിലുമൊരിക്കൽ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ ആസ്ക്ക് ഫോർ എ സിക്സ് എന്നായിരിക്കും അതിന്‍റെ ടൈറ്റിലെന്ന്. പലപ്പോഴും സിക്സർ എന്നു ഗ്യാലറികൾ ഏറ്റുവിളിക്കുമ്പോൾ, അടുത്ത ബോളിൽ ഒരു സിക്സിനു മുതിരാൻ ദുറാനി ഒരിക്കലും മടിക്കാറില്ല.