ഫുട്ബോൾ കോച്ച് ടി.കെ. ചാത്തുണ്ണി അന്തരിച്ചു

ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ടി.കെ. ചാത്തുണ്ണി
former indian football player tk chathunni passed away
ടി.കെ. ചാത്തുണ്ണി

തൃശൂർ: മുൻ ഫുട്ബോൾ താരവും, ഇന്ത്യയൊട്ടാകെ ഖ്യാതി നേടിയ പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി അന്തരിച്ചു. എൺപത് വയസായിരുന്നു അദ്ദേഹത്തിന്. ബുധനാഴ്ച രാവിലെ 7.45 ഓടെ അങ്കമാലി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ്ആ ശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ പരിശീലകനുമായിരുന്നു.

മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചു. ഐഎം വിജയനും ജോ പോള്‍ അഞ്ചേരിയും അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു അദ്ദേഹം. ഫുട്ബോൾ താരം എന്ന നിലയിൽ വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

മൃതദേഹം വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെ 9.30ന് ചടങ്ങുകൾക്ക് ശേഷം തൃശൂരിൽ സ്പോർട്സ് കൗൺസിലിൽ പൊതുദർശന‌ത്തിനെത്തിക്കും. അതിനു ശേഷം വടൂക്കര എസ്എൻഡിപി ശമ്ശാനത്തിൽ സംസ്കാരം.

Trending

No stories found.

Latest News

No stories found.