2025: ഇന്ത്യൻ കായിക രംഗത്ത് മാറ്റത്തിന്‍റെ അലയൊലി

2025ൽ ദേശീയ കായിക നയം (എൻഎസ്പി) അംഗീകരിച്ചതോടെ കായികരംഗം നിർണായക വഴിത്തിരിവിലെത്തി.
2025: Ripples of change in Indian sports

2025: ഇന്ത്യൻ കായിക രംഗത്ത് മാറ്റത്തിന്‍റെ അലയൊലി

symboilc image 

Updated on

രാഹുൽ ബോസ്

പ്രസിഡന്‍റ്, റഗ്ബി ഇന്ത്യ

ഇന്ത്യൻ കായിക രംഗത്തെ സംബന്ധിച്ചിടത്തോളം യഥാർഥ പരിവർത്തനത്തിന്‍റെ വർഷമായിരുന്നു 2025. അന്താരാഷ്‌ട്ര മെഡൽ നേട്ടങ്ങളാൽ മാത്രമല്ല-കായികതാരങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിൽ അവശ്യ ഘടകമാണത്-രാജ്യത്തിന്‍റെ കായിക സമീപനം സാക്ഷ്യം വഹിക്കുന്ന വ്യവസ്ഥാപരമായ പരിഷ്കാരങ്ങളുടെ സ്വാഗതാർഹമായ ലക്ഷണങ്ങളാലും നിർവചിക്കപ്പെട്ട കാലഘട്ടമാണത്.

വർധിച്ചു വരുന്ന പൊതു, സ്വകാര്യ നിക്ഷേപങ്ങൾ, നയ പരിഷ്കാരങ്ങൾ, വിപുലമാകുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്ന് ഇന്ത്യയുടെ കായിക മികവിനെ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട ശക്തമായ അടിത്തറ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റം നിലനിർത്തുക എന്നതാണ് പ്രധാനം. 2025ൽ ദേശീയ കായിക നയം (എൻഎസ്പി) അംഗീകരിച്ചതോടെ കായികരംഗം നിർണായക വഴിത്തിരിവിലെത്തി.

സ്ഥിരതയാർന്ന അന്താരാഷ്‌ട്ര പ്രകടനം ലക്ഷ്യമിടുന്ന ദീർഘകാല ദർശനമാണ് ഈ നയം മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യ ഇതിനോടകം 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും, 2036ലെ ഒംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അഭിലാഷം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഈ ദർശനത്തിന് പ്രാധാന്യമുണ്ട്.

ഇതിന്‍റെ തുടർച്ചയെന്നോണം ദേശീയ കായിക ഭരണ നിർവഹണ നിയമം- 2025 നടപ്പാക്കുകയും ചെയ്തു. വ്യക്തമായി നിർവചിക്കപ്പെട്ട നിയമങ്ങൾ, മാനദണ്ഡങ്ങൾ, സമയപരിധികൾ എന്നിവയിൽ അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് പ്രക്രിയകളും ഫണ്ടിങ് തീരുമാനങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ മുഖേന കായിക താരങ്ങളിൽ വിശ്വാസം വളർത്താനുള്ള വ്യക്തമായ ഉദ്ദേശ്യവും ഇതിൽ പ്രതിഫലിക്കുന്നു. ചെറുപട്ടണങ്ങളിലുള്ള വലിയ ബന്ധങ്ങളില്ലാത്ത താരങ്ങൾ നേരിടാനിടയുള്ള വിവേചനം ഒഴിവാക്കുകയും വിശ്വാസം വളർത്തുകയും ചെയ്യും.

ഈ നിയമത്തിനു കീഴിൽ ആദ്യമായി വനിതകൾ, പ്രായപൂർത്തിയാകാത്ത താരങ്ങൾ, ദുർബല വിഭാഗങ്ങൾ എന്നിവരെ സംരക്ഷിക്കുന്ന "സുരക്ഷിത കായിക നയം' സ്വീകരിക്കാൻ സ്പോർട്സ് ഭരണസമിതികൾ ബാധ്യസ്ഥരാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം അതാണ്. ഒപ്പം, അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്ക് അനുപൂരകമായ കോഡ് ഓഫ് എത്തിക്‌സും നിയമം നിർബന്ധമാക്കുന്നു.

ദേശീയ കായിക ബോർഡും സ്പോർട്സ് ട്രൈബ്യൂണലും മുഖേന നടപ്പിലാക്കുന്ന സ്വതന്ത്ര മേൽനോട്ടം, കായിക ഭരണത്തിൽ സ്ഥിരതയും തുടർച്ചയും ഉറപ്പാക്കുന്നു. കായിക താരങ്ങളുടെ നിർബന്ധിത പ്രാതിനിധ്യവും തീരുമാനമെടുക്കൽ പ്രക്രിയകളിലെ വനിതാ പങ്കാളിത്തവും ഫെഡറേഷനുകൾക്കുള്ളിൽ അധികാര സന്തുലനം പുനഃസ്ഥാപിക്കും. എല്ലാ പരിഷ്കാരങ്ങളും ചേർന്ന്, സുസ്ഥിരമായ അന്താരാഷ്‌ട്ര മത്സരക്ഷമതയ്ക്ക് അനിവാര്യമായ നീതിയും വിശ്വാസ്യതയും ഈടും സൃഷ്ടിക്കുന്നു.

ഔപചാരികമായ അഭിനന്ദനങ്ങൾക്കപ്പുറം, താരങ്ങൾക്കും ടീമുകൾക്കും സ്വവസതിയിൽ ആതിഥേയത്വം വഹിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക രംഗത്തോടും താരങ്ങളോടുമുള്ള തന്‍റെ താത്പര്യം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കായിക ഇനങ്ങളിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതി ഞാൻ നിരീക്ഷിച്ചുവരികയാണ്.

* ജോഷ്‌ന ചിന്നപ്പ, അഭയ് സിങ്, അനഹത് സിങ് എന്നിവർ ചേർന്ന് ഹോങ്കോങ്ങിനെതിരേ 3–0 എന്ന നിർണായക വിജയത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി സ്ക്വാഷ് ലോക കപ്പ് കിരീടം സമ്മാനിച്ച് ചരിത്രം കുറിച്ചു.

* ആഗോള കായിക വേദിയിൽ ഇന്ത്യൻ വനിതകൾ ഇന്ന് മുൻനിരയിലുണ്ട്. നവംബറിൽ വനിതാ ക്രിക്കറ്റ് ടീം ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി രാജ്യത്തിന് അഭിമാനം സമ്മാനിച്ചു. ഇന്ത്യൻ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ആദ്യ ടി20 ലോക കപ്പ് കിരീടം നേടി ചരിത്രം കുറിച്ചു.

* ലോക ബോക്സിങ് കപ്പ് ഫൈനലിൽ 9 സ്വർണ മെഡലുകളോടെയാണ് ഇന്ത്യ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.

* 2025ലെ ഏഷ്യൻ യൂത്ത് ഗെയിംസിലും ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു.

* ബിഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ ദക്ഷിണ കൊറിയയെ 4 – 1ന് പരാജയപ്പെടുത്തി 8 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു.

* 18 വയസ് മാത്രം പ്രായമുള്ള ശീതൾ ദേവി പാരാ- ആർച്ചറിയിൽ ലോക ചാംപ്യനായി. സഹ ഇന്ത്യൻ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ് ഫിഡേ വനിതാ ചെസ് ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.

* റഗ്ബിയിലും രാജ്യത്തിനു ശ്രദ്ധേയ നേട്ടങ്ങളുണ്ടായി.

2025ൽ ഇന്ത്യൻ കായിക രംഗത്തിന്‍റെ വിജയങ്ങൾ വിപുലവും വികേന്ദ്രീകൃതമായി. രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും വിജയങ്ങൾ എത്തി. അടുത്തിടെ, എഫ്ഐഎച്ച് പുരുഷ ജൂനിയർ ഹോക്കി ലോക കപ്പ് തമിഴ്‌നാട്ടിലും, ലോക ബോക്‌സിങ് കപ്പ് ഫൈനലുകൾ ഗ്രേറ്റർ നോയിഡയിലും നടന്നു. അഹമ്മദാബാദിൽ പുതുതായി നിർമിച്ച, ലോകോത്തര നിലവാരമുള്ള വീര സവർക്കർ സ്‌പോർട്‌സ് കോംപ്ലക്സിൽ 11ാമത് ഏഷ്യൻ ആക്വാട്ടിക്‌സ് ചാംപ്യൻഷിപ്പ് അരങ്ങേറി.

ഏഷ്യ റഗ്ബി എമിറേറ്റ്‌സ് യു20 സെവൻസിന് ബിഹാറിലെ രാജ്ഗിർ ആതിഥേയത്വം വഹിച്ചു. അത്യന്തം മത്സരാധിഷ്ഠിതമായ ഈ കായിക ഇനത്തിൽ ഇന്ത്യൻ വനിതാ ടീം വെങ്കലം നേടി. ഏഷ്യാ റഗ്ബി പ്രസിഡന്‍റ് ഖൈസ് അൽ ദലായി നിരീക്ഷിച്ചതുപോലെ, ബിഹാറിലേക്ക് എലൈറ്റ് യൂത്ത് റഗ്ബി വരുന്നത് ""യൂത്ത് റഗ്ബിയുടെ ആഘോഷം മാത്രമല്ല, ഏഷ്യയുടെ എല്ലാ കോണുകളിലുമുള്ള കായിക വളർച്ചയ്ക്ക് ശക്തമായ ദൃഷ്ടാന്തം കൂടിയാണ്''.

പല തരത്തിലും, റഗ്ബിയുടെ പുരോഗതി ഇന്ത്യയിലെ കായിക വിപ്ലവത്തിന്‍റെ പ്രതിഫലനമാണ്. ജൂണിൽ ലോകത്തെ ആദ്യ ഫ്രാഞ്ചൈസി അധിഷ്ഠിത റഗ്ബി സെവൻസ് ലീഗുകളിലൊന്നായ റഗ്ബി പ്രീമിയർ ലീഗ് (ആർപിഎൽ) മുംബൈയിൽ ആരംഭിച്ചു. 6 നഗര ടീമുകൾ (ചെന്നൈ ബുൾസ്, ഹൈദരാബാദ് ഹീറോസ്, മുംബൈ ഡ്രീമേഴ്സ് തുടങ്ങിയവ) ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഫിജി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 30ലധികം താരങ്ങളെ പ്രാദേശിക താരങ്ങളുമായി ബന്ധിപ്പിച്ചു.

ജൂൺ 15ന് മുംബൈ അന്ധേരി സ്പോർട്‌സ് കോംപ്ലക്സിൽ നടന്ന റഗ്ബി പ്രീമിയർ ലീഗിന്‍റെ ആദ്യ മത്സരം ടെലിവിഷനും ഒടിടി പ്ലാറ്റ്‌ഫോമുകളും തത്സമയം സംപ്രേക്ഷണം ചെയ്തതോടെ, ജനക്കൂട്ടത്തെ ആകർഷിക്കാനായി. റഗ്ബി രാജ്യത്തിന്‍റെ വാണിജ്യ കായിക ഭൂമികയുടെ ഭാഗമാകുമെന്ന് സ്പോൺസർമാരെയും പ്രക്ഷേപകരെയും ബോധ്യപ്പെടുത്തിയ നൂതന ഫോർ- ക്വാർട്ടർ ഗെയിമുകളോടെയാണ് പ്രൊഫൈൽ ലോഞ്ച് പൂർത്തിയായത്.

ഒരു മാസത്തിനുശേഷം, രാജ്ഗിർ പോലുള്ള സ്ഥലത്ത് ഇന്ത്യ ഒരു കോണ്ടിനെന്‍റൽ റഗ്ബി ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചു എന്നത് ഈ കായിക ഇനം എത്രത്തോളം മുന്നോട്ടുപോയി എന്നതിന്‍റെ സൂചനയാണ്. "ഖേലോ ഇന്ത്യ' ചട്ടക്കൂടിനു കീഴിൽ വൈവിധ്യമാർന്ന കായിക ഇനങ്ങളിൽ മൾട്ടി- സിറ്റി, ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗുകൾ സ്ഥാപിക്കാനുള്ള സംരംഭത്തിന് കേന്ദ്ര കായിക മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്

. അസ്മിത (ASMITA) വനിതാ റഗ്ബി ലീഗ്, നഗരങ്ങളിലെ യുവതികളിൽ പ്രത്യേകിച്ച്, ശക്തമായ പ്രോത്സാഹനമായി മാറിയതായും ഞാൻ വ്യക്തിപരമായി മനസിലാക്കുന്നു. സ്വകാര്യ മേഖലയിലെ അനുകൂല പ്രതികരണം വളർന്നു വരുന്നു; ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രക്ഷേപണ അവകാശങ്ങൾ സ്വന്തമാക്കുകയും, സ്പോൺസർമാർ ഇന്ത്യൻ കായികരംഗത്തിന്‍റെ യഥാർഥ വാണിജ്യ സാധ്യതകൾ തിരിച്ചറിയുകയും ചെയ്യുന്നു.

യുവജനകാര്യ- കായിക മന്ത്രാലയം ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായ പദ്ധതിയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്നു. ഫെഡറേഷനുകൾക്ക് (ഞങ്ങളുടേത് ഉൾപ്പെടെ) ധനസഹായത്തിന് അർഹത നേടാൻ വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, വാർഷിക ബജറ്റ് ₹10 കോടിയിൽ അധികമുള്ള ഏതൊരു ഫെഡറേഷനും സാങ്കേതിക പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന മുഴുവൻ സമയ ഹൈ- പർഫോമൻസ് ഡയറക്റ്ററെ (എച്ച്പിഡി) നിയമിക്കണം.

ഓരോ കായിക ഇനവും സ്വന്തം ബജറ്റിന്‍റെ കുറഞ്ഞത് 20% അടിസ്ഥാന വികസനത്തിനും (ജൂനിയർ, യുവജന പരിശീലനം) കുറഞ്ഞത് 10% പരിശീലകർക്കും സ്റ്റാഫ് പരിശീലനത്തിനും നീക്കിവയ്ക്കണം. അന്താരാഷ്‌ട്ര തലത്തിലുള്ള അത്‌ലറ്റുകൾക്ക് ക്യാംപുകളിലല്ലാത്ത കാലഘട്ടങ്ങളിൽ ₹10,000 പ്രതിമാസ ഡയറ്റ് അലവൻസ്. ഒളിംപിക് സ്വപ്നങ്ങൾ പിന്തുടരുമ്പോഴും ഒരോ കളിക്കാരനും നിർദ്ദിഷ്ട ഭക്ഷണക്രമം തെറ്റാതെ സൂക്ഷിക്കുന്നതിനുള്ള സഹായം കൂടിയാണിത്.

കേന്ദ്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക പ്രതിവാര പ്രസ്ഥാനമായ ""സൺഡേയ്‌സ് ഓൺ സൈക്കിൾ'' ഫിറ്റ് ഇന്ത്യ പ്രസ്ഥാനം (രണ്ട് പതിപ്പുകളിൽ ഞാൻ പങ്കെടുത്തു), പൗരന്മാർക്കു ശാരീരിക ക്ഷമത വളർത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പായി മാറി. ആവർത്തിച്ച് പറയാം: കായിക ക്ഷമതയും ശാരീരിക ക്ഷമതയും സമൂഹത്തിൽ സ്ഥിരതയാർന്ന ജീവിത ശൈലിയായി മാറണം.

സ്വർണ മെഡലുകൾ രാജ്യത്തിന് വലിയ നേട്ടം തന്നെയാണ്, സാർവത്രികവും സുഗമവും പ്രാപ്യവുമായ ഒരു കായിക സംസ്കാരമാണ് കായിക രംഗത്ത് മുന്നേറുന്ന ഒരു രാജ്യത്തിന്‍റെ യഥാർഥവും ശാശ്വതവുമായ മുഖമുദ്ര. ചുരുക്കത്തിൽ; ദേശീയ കായിക നയത്തിലെ 5 സ്തംഭങ്ങൾ ഓരോ കായിക ഇനത്തിനും പ്രകടനത്തിലൂടെയും, ബഹുജന പങ്കാളിത്തത്തിലൂടെയും, സാമൂഹിക- സാമ്പത്തിക സ്വാധീനത്തിലൂടെയും, വിദ്യാഭ്യാസവുമായുള്ള സംയോജനത്തിലൂടെയും, രാഷ്‌ട്രനിർമാണത്തിൽ പങ്കുവഹിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുന്നു.

ദേശീയ കായിക ഭരണനിർവഹണ നിയമം സുതാര്യതയും നിയന്ത്രണ ശേഷിയും കൊണ്ടുവന്ന്, പിരമിഡ് ഘടനയിലൂടെ ശക്തമായ ഭരണം സ്ഥാപിക്കാനും ഫെഡറേഷനുകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. നേതാക്കൾക്ക് സജീവ പങ്കാളികളാകാൻ ഇത് അവസരങ്ങൾ സൃഷ്ടിക്കുന്നു.ദേശീയ, സംസ്ഥാന തലത്തിലെ കായിക താരങ്ങളുടെ പ്രകടനങ്ങളും സജീവ പങ്കാളിത്തവും ഫെഡറേഷനുകൾ മുതൽ സ്പോൺസർമാർ വരെയുള്ള എല്ലാ പങ്കാളികളെയും അവരുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

റഗ്ബി പോലുള്ള കായിക ഇനങ്ങളുടെ വളർച്ചയ്ക്ക് സുരക്ഷിത കായിക വിനോദങ്ങളെയും പ്രായവുമായി ബന്ധപ്പെട്ട തട്ടിപ്പ് പോലുള്ള കാര്യങ്ങളെയും അഭിസംബോധന ചെയ്യുക എന്നത് നിർണായകമാണ്. 2030ലെ കോമൺവെൽത്ത് ഗെയിംസിനും മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങൾക്കുമുള്ള ആതിഥേയത്വം ഇന്ത്യ ഉറപ്പാക്കുന്നത്, താരങ്ങൾക്കും പ്രേക്ഷകർക്കും രാജ്യത്തിന്‍റെ സമസ്ത കോണുകളിലും ലോകോത്തര കായിക വിനോദങ്ങൾ നേരിട്ടനുഭവിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുന്നു.

അടുത്ത ദശകത്തിൽ ഇന്ത്യയെ മികച്ച 10 കായിക രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം. അതിനുള്ള അടിസ്ഥാനം ഉറച്ചു കഴിഞ്ഞു. സ്ഥിരത, അച്ചടക്കം, കൃത്യത എന്നിവ നിലനിർത്തുക എന്നതാണ് വെല്ലുവിളി. ഇന്ത്യയ്ക്കും ഇന്ത്യൻ കായിക രംഗത്തിനും സമൂഹത്തിനും ആവേശകരമായ നിമിഷമാണിത്. കൂടുതൽ മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്!

(അന്താരാഷ്‌ട്ര റഗ്ബി താരമായിരുന്നു ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com