അമെരിക്കയിലും ചരിത്രമെഴുതി മെസി

അമെരിക്കൻ മേജർ സോക്കർ ലീഗിന്‍റെ ചരിത്രത്തിൽ തുടർച്ചയായി നാലു മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരം
Messi rewrites history in Major Soccer League USA

ലയണൽ മെസി

Updated on

അമെരിക്കൻ മേജർ സോക്കർ ലീഗിന്‍റെ ചരിത്രത്തിൽ തുടർച്ചയായി നാലു മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് മെസി സ്വന്തം പേരിലാക്കി. വ്യാഴാഴ്ച മസാച്ചുസെറ്റ്സിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് മെസി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്‍റർ മയാമി ജയിച്ചു. ഫിഫ ക്ലബ് ലോകകപ്പ് ടൂർമെന്‍റിന് മുമ്പ് ലീഗിൽ സിഎഫ് മൊൺട്രീലിനെതിരേ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയാണ് മെസി ചരിത്രത്തിലേക്ക് കാൽവച്ചത്. പിന്നാലെ കൊളംബസിനെതിരായ മത്സരത്തിലും താരം രണ്ടു തവണ വലകുലുക്കി. ഫിഫ ക്ലബ് ലോകകപ്പിനു ശേഷം ലീഗിലെ ആദ്യ മത്സരത്തിൽ മൊൺട്രീലിനെതിരേ താരം വീണ്ടും രണ്ടു ഗോൾ നേടി. ഇന്ന് ന്യൂ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലും ഗോൾ നേട്ടം ആവർത്തിച്ചതോടെയാണ് താരം ചരിത്രത്തിന്‍റെ ഭാഗമായത്. ലീഗിലെ കഴിഞ്ഞ നാലു മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം എട്ടായി.

സീസണിൽ 15 മത്സരങ്ങളിൽനിന്ന് മെസി നേടിയത് 14 ഗോളുകൾ. ഏഴ് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. മത്സരശേഷം മെസിയെ മയാമി പരിശീലകനും മുൻ സഹതാരവുമായ ഹവിയർ മസ്കരാനോ വാനോളം പുകഴ്ത്തി. 'ലിയോ ഒരു സ്പെഷൽ കളിക്കാരനാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് എനിക്ക് മെസി. അവിശ്വസനീയമായ നേട്ടങ്ങളാണ് അദ്ദേഹം കൈവരിക്കുന്നത്. മെസിയെ ടീമിന് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്' -മസ്കരാനോ കൂട്ടിച്ചേർത്തു. ഇന്‍റർ മയാമിക്കായി ഏറ്റവും കൂടുതൽ ഗോളുകൾ (58 ഗോളുകൾ) നേടുന്ന താരമെന്ന റെക്കോഡ് മെസി നേരത്തെ സ്വന്തമാക്കിയിരുന്നു.

ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരവും (അഞ്ചു തവണ) ഒരു മത്സരത്തിൽ കൂടുതൽ തവണ ഗോൾ സംഭാവന (ആറു തവണ) ചെയ്ത താരവും മെസിയാണ്. കഴിഞ്ഞ അഞ്ച് മേജർ ലീഗ് മത്സരങ്ങളിൽ ഇന്‍റർ മയാമിക്കായി ഒമ്പത് ഗോളുകൾ നേടിയ മെസി, നാലു ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യ പകുതിയിലായിരുന്നു മെസിയുടെ രണ്ടു ഗോളുകൾ. 27-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. പ്രതിരോധ പിഴവ് മുതലെടുത്ത മെസി അനായാസം പന്ത് വലയിലാക്കി. 38ാം മിനിറ്റിൽ താരം വീണ്ടും വലകുലുക്കി. സെർജിയോ ബുസ്കെറ്റ്സ് നൽകിയ ലോങ് പാസാണ് മനോഹരമായി മെസ്സി ഫിനിഷ് ചെയ്തത്. 80ാം മിനിറ്റിൽ കാൾസ് ഗിൽ ന്യൂ ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com