ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻസി ഒഴിഞ്ഞു

അഞ്ച് വട്ടം കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി
ഐപിഎൽ ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ ഋതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സിനെ പ്രതിനിധീകരിച്ചപ്പോൾ.
ഐപിഎൽ ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ ഋതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സിനെ പ്രതിനിധീകരിച്ചപ്പോൾ.

ചെന്നൈ: ഐപിഎൽ പതിനേഴാം സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ രാജി പ്രഖ്യാപനം. ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും ഈ സീസണിൽ ടീമിനെ നയിക്കുക. ഐപിഎല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ചെന്നൈയുടെ ക്യാപ്റ്റൻസി മാറ്റം വ്യക്തമായത്. ഐപിഎൽ സീസൺ തുടങ്ങും മുൻപുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ ചെന്നൈയെ പ്രതിനിധീകരിച്ച് ധോണിക്കു പകരം ഗെയ്ക്ക്‌വാദ് എത്തിയതോടെയായിരുന്നു സ്ഥിരീകരണം.

നേരത്തെ, പുതിയ ഐപിഎൽ സീസണിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ധോണി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പുതിയ റോളിലെത്തും എന്നായിരുന്നു അതിലെ സൂചന. എന്നാൽ, ബാറ്റിങ് ഓർഡറിലെ മാറ്റം പോലുള്ള പ്ലസന്‍റ് സർപ്രൈസുകൾ ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രാജിവാർത്ത എത്തിയത്.

എം.എസ്. ധോണിയും ഋതുരാജ് ഗെയ്ക്ക്‌വാദും ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഉൾപ്പെട്ട പരസ്യചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ.
എം.എസ്. ധോണിയും ഋതുരാജ് ഗെയ്ക്ക്‌വാദും ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഉൾപ്പെട്ട പരസ്യചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ.

2008ൽ ഐപിഎൽ തുടങ്ങിയതു മുതൽ ചെന്നൈയുടെ ക്യാപ്റ്റനാണ് ധോണി. അന്നത്തെ ക്യാപ്റ്റൻമാരിൽ അവസാനമായി സ്ഥാനമൊഴിയുന്ന ആളായും അദ്ദേഹം മാറി. ധോണി 226 മത്സരങ്ങളിൽ ചെന്നൈയെ നയിച്ചപ്പോൾ ബാക്കിയുള്ള ഒൻപത് ടീമുകളുടെ നായകന്മാരെല്ലാവരും ചേർന്ന് അതതു ടീമുകളെ നയിച്ചത് 261 മത്സരങ്ങളിൽ മാത്രമാണ്.

2022 സീസണിനു മുന്നോടിയായും ധോണി ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു. രവീന്ദ്ര ജഡേജയെയാണ് അന്നു പകരക്കാരനായി നിയോഗിച്ചത്. ജഡേജയുടെ കീഴിൽ ടീമിന്‍റെ പ്രകടനം ദയനീയമായതോടെ, ടീം മാനേജ്മെന്‍റിന്‍റെ അഭ്യർഥനപ്രകാരം ധോണി ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ടീമിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. അതോടെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ശരീരം അനുവദിച്ചാൽ അടുത്ത സീസണിലും കാണാം എന്നാണ് അന്നു ധോണി ആരാധകർക്കു വാക്കു കൊടുത്തത്. ഇത്തവണ ക്യാപ്റ്റനായല്ലെങ്കിലും വിക്കറ്റിനു പിന്നിൽ ധോണി ഉണ്ടാകുമെന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഐപിഎല്ലിൽ ഇത് അദ്ദേഹത്തിന്‍റെ അവസാന സീസൺ തന്നെയാകാനുള്ള സാധ്യതയും ഏറെയാണ്.

പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് 2020ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചതു മുതൽ ചെന്നൈ ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. ഇതുവരെ 52 മത്സരങ്ങളിൽ 1797 റൺസ് നേടിയിട്ടുണ്ട്. 39 റൺസാണ് ഓപ്പണറുടെ ബാറ്റിങ് ശരാശരി. 135.5 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്. 2021 സീസണിൽ 16 മത്സരങ്ങളിൽ 635 റൺസ് വാരിയിരുന്നു. 45 റൺസായിരുന്നു അന്നത്തെ ശരാശരി.

ഇത്തവണത്തെ ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരം തന്നെയായിരിക്കും ഗെയ്ക്ക്‌വാദിന്‍റെ ക്യാപ്റ്റൻസി അരങ്ങേറ്റം. മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ആതിഥേയരുടെ എതിരാളികൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com