
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കവേ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒരു പഞ്ച് ഡയലോഗ് പറഞ്ഞു: എതിരാളികളുടെ ആരാധകരെ നിശബ്ദരാക്കുന്ന പ്രകടനം പുറത്തെടുക്കുന്നതാണ് ഓസ്ട്രേലിയൻ ടീമിന്‍റെ ഏറ്റവും വലിയ ലഹരിയെന്ന്.
ആ വാക്കുകൾ പ്രവചനാത്മകമായിരുന്നു എന്ന് ലോകകപ്പ് ഫൈനൽ തെളിയിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരം കാണികൾ തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മത്സരത്തിൽ ഏറിയ പങ്കും നിശബ്ദം തന്നെയായിരുന്നു.
രോഹിത് ശർമയുടെ വെടിക്കെട്ടിനു ശേഷം, വിരാട് കോലിയുടെയും കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ചുറികൾക്കു ശേഷം, ഓസ്ട്രേലിയയുടെ ആദ്യ മൂന്നു വിക്കറ്റുകളും വീണ ശേഷം.... അത്രമാത്രമായിരുന്നു ഗ്യാലറിയിലെ നീലക്കടലിൽ ഇരമ്പമുണ്ടായിരുന്നത്. അല്ലാത്ത സമയമത്രയും, കളിയുടെ മൂന്നു മേഖലകളിലും ഇന്ത്യയെ മറികടന്ന പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയക്കു വേണ്ടി ആർപ്പുവിളിക്കാൻ ഉണ്ടായിരുന്നത് ടെലിവിഷൻ കമന്‍റേറ്റർമാർ മാത്രം!