ഗംഭീർ ലോകകപ്പ് സമർപ്പിക്കുന്നത് രണ്ടു പേർക്ക്; പ്രതിസന്ധിയിൽ തുണയായത് ഒരാൾ!

2026 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മനസുതുറന്ന് ഗൗതം ഗംഭീർ. തന്‍റെ പ്രതിസന്ധി ഘട്ടത്തിൽ ജയ് ഷാ നൽകിയ പിന്തുണയെക്കുറിച്ചും സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിനെക്കുറിച്ചും കൂടുതൽ വായിക്കാം.
Gambhir Dedicates World Cup to Dravid, Laxman

ഗൗതം ഗംഭീർ, സൂര്യകുമാർ യാദവ്.

Updated on

അഹമ്മദാബാദ്: ന്യൂസിലൻഡിനും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളിലെ തോൽവിക്കു പിന്നാലെ നേരിട്ട കടുത്ത വിമർശനങ്ങൾക്ക് ടി20 ലോകകപ്പ് നേട്ടത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെ ഗംഭീർ തന്‍റെ നിലപാടുകൾ വ്യക്തമാക്കി.

തന്‍റെ ഈ സുവർണ നേട്ടം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും, ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ്. ലക്ഷ്മണിനുമാണ്ഗംഭീർ സമർപ്പിച്ചത്. "ഇന്ത്യൻ ടീമിനെ ഈ നിലയിലേക്ക് വളർത്തിയെടുത്ത രാഹുൽ ഭായിക്കും, മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള പൈപ്പ് ലൈൻ ഒരുക്കിയ ലക്ഷ്മണിനും ഈ ട്രോഫി സമർപ്പിക്കുന്നു," ഗംഭീർ പറഞ്ഞു.

തന്‍റെ പരിശീലന കാലയളവിൽ നാട്ടിൽ വെച്ച് ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരകൾ തോറ്റപ്പോൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ഗംഭീർ വെളിപ്പെടുത്തി. "ആ മോശം സമയത്ത് എന്നെ വിളിച്ച് ധൈര്യം പകർന്നത് ജയ് ഭായ് (ജയ് ഷാ) ആണ്. കടുത്ത വിമർശനങ്ങൾക്കിടയിലും സത്യസന്ധമായി ജോലി ചെയ്ത ചീഫ് സെലക്റ്റർ അജിത് അഗാർക്കറോടും എനിക്ക് കടപ്പാടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ബാധ്യത ഡ്രസിങ് റൂമിനോടു മാത്രം

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ താൻ ഭയക്കുന്നില്ലെന്ന് ഗംഭീർ വ്യക്തമാക്കി. "എന്‍റെ ഉത്തരവാദിത്വം ഡ്രസിങ് റൂമിലെ ആ 30 പേരോട് മാത്രമാണ്. ഒരു പരിശീലകൻ എന്നത് തന്‍റെ ടീമിനെപ്പോലെയാണ്. താരങ്ങളാണ് എന്നെ ഈ നിലയിലുള്ള കോച്ചാക്കി മാറ്റിയത്," ഗംഭീർ തന്‍റെ പതിവ് ശൈലിയിൽ പറഞ്ഞു.

വ്യക്തിഗത നേട്ടങ്ങളെ ആഘോഷിക്കുന്നത് അവസാനിപ്പിച്ച് ട്രോഫികളെ ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

സഞ്ജുവിന്‍റെ ബാറ്റിങ് വെടിക്കെട്ടും ബുമ്രയുടെ മാജിക്കും

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ (89) തകർപ്പൻ ബാറ്റിങ്ങിലും അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ അർദ്ധ സെഞ്ചുറികളിലും 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുമ്രയുടെയും (4/15) അക്ഷർ പട്ടേലിന്‍റെയും (3/27) ബൗളിങ് മികവിൽ ന്യൂസിലൻഡിനെ 159 റൺസിന് ഇന്ത്യ തകർത്തു.

ഇതോടെ മൂന്ന് ടി20 ലോകകപ്പുകൾ (2007, 2024, 2026) നേടുന്ന ആദ്യ ടീമായും, കിരീടം നിലനിർത്തുന്ന ആദ്യ ടീമായും, സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com