

ഗൗതം ഗംഭീർ.
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന T20 ലോകകപ്പിനായുള്ള ഒരുക്കങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെങ്കിലും, അവിടേക്ക് എത്താൻ വേണ്ടത്ര സമയം ടീമിന്‍റെ പക്കലുണ്ടെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഫിറ്റ്‌നസിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞു.
ഗംഭീർ പറയുന്നത് ഇങ്ങനെ: ''ഇതൊരു വളരെ സുതാര്യമായ ഡ്രസ്സിങ് റൂം ആണ്, വളരെ സത്യസന്ധമായ ഡ്രസ്സിങ് റൂം. ഈ ഡ്രസ്സിങ് റൂം അങ്ങനെ ആയിരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എങ്കിലും T20 ലോകകപ്പിനായി ഞങ്ങൾ എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്ത് ഇപ്പോഴും എത്തിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.''
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന T20 ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് നടത്തുക. ഇന്ത്യയാണ് നിലവിലുള്ള ചാംപ്യന്മാർ.
കളിക്കാർക്ക് പ്രതിസന്ധികൾ നേരിടാനുള്ള ശേഷി മനസിലാക്കാൻ കടുപ്പമേറിയ വെല്ലുവിളികൾ നൽകണമെന്ന തന്‍റെ തത്വശാസ്ത്രം ഗംഭീർ ആവർത്തിച്ചു.
''കളിക്കാരെ ആഴക്കടലിലേക്ക് എറിയുക, എത്ര ലളിതമായി ഇത് ചെയ്യാൻ കഴിയുമോ അത്രയും നല്ലതാണ്. ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചപ്പോഴും ഞങ്ങൾ ചെയ്തത് അതുതന്നെയാണ്'', അദ്ദേഹം പറഞ്ഞു.
തന്‍റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരേ നായകനായ ഗിൽ ബാറ്റുകൊണ്ട് പ്രചോദനാത്മകമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഗില്ലിനു കീഴിൽ കളിച്ച ഇന്ത്യൻ ടീം, അഞ്ചാം ദിവസം വരെ നീണ്ട മത്സരങ്ങൾക്കൊടുവിൽ പരമ്പര 2-2ന് സമനിലയിൽ പിടിക്കുകയും ചെയ്തു.