ഗംഭീറിന്‍റെ കാലം കഴിഞ്ഞോ?

ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആരാധകരും മുൻ താരങ്ങളും ഒരേ സ്വരത്തിൽ പറയുന്നത്.
gautam gambhir indian cricket team test downfall decoded

ഗൗതം ഗംഭീർ

Updated on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് 30 റൺസിന് പരാജയപ്പെട്ടതിനു ശേഷം ടീമിന്‍റെ മുഖ‍്യ പരിശീലകനായ ഗൗതം ഗംഭീർ വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നു മാറ്റണമെന്നാണ് ഇന്ത്യൻ ആരാധകരും മുൻ താരങ്ങളും ഒരേ സ്വരത്തിൽ പറയുന്നത്.

ചാംപ‍്യൻസ് ട്രോഫി, ഏഷ‍്യ കപ്പ് കിരീടം ഉൾപ്പടെയുള്ളവ ഗംഭീറിന്‍റെ കാലഘട്ടത്തിൽ ഇന്ത‍്യൻ ടീം നേടിയെടുത്തതാണെങ്കിലും, കണക്കുകൾ പരിശോധിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ കോച്ചിങ് അത്ര മികച്ചതല്ലെന്നു പറയേണ്ടി വരും.

2024 ജൂലൈയിലാണ് ഗംഭീർ ഇന്ത‍്യൻ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഗംഭീർ പരിശീലകനായ ശേഷം 18 ടെസ്റ്റ് മത്സരങ്ങൾ ഇന്ത‍്യ കളിച്ചിട്ടുണ്ട്. ഇതിൽ 9 തവണയും തോൽവിയായിരുന്നു ഫലം. 7 മത്സരങ്ങൾ വിജയിക്കുകയും 2 മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ന‍്യൂസിലൻഡിനെതിരേ സ്വന്തം നാട്ടിൽ നേരിട്ട വൈറ്റ് വാഷിലൂടെയാണ് ഇന്ത‍്യൻ ടീമിന്‍റെ പതനത്തിന്‍റെ ആരംഭം.

36 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു സ്വന്തം നാട്ടിൽ ഇന്ത‍്യ ന‍്യൂസിലൻഡിനെതിരേ ഒരു പരമ്പര തോൽക്കുന്നത്. എന്നാൽ, അതുകൊണ്ട് അവസാനിച്ചില്ല ഇന്ത‍്യയുടെ തോൽവികൾ. പിന്നീട് നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇന്ത‍്യ ദയനീയമായി പരാജയപ്പെട്ടു. 3-1നായിരുന്നു ഇന്ത‍്യ ഓസീസിനോട് പരാജയപ്പെട്ടത്.

തുടർന്നാണ് ദക്ഷിണാഫ്രിക്കയോടും ഇന്ത‍്യ തോൽക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീമിന്‍റെ മോശം റെക്കോഡ് ആശങ്ക ഉണർത്തുന്നു.

ഗോഹട്ടി ടെസ്റ്റിലും ഇന്ത‍്യ തോൽക്കുകയാണെങ്കിൽ പരിശീലകനെന്ന നിലയിൽ ഗംഭീറിന്‍റെ സ്ഥാനം ചോദ‍്യം ചെയ്യപ്പെടും. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ഉണ്ടായിരുന്ന ഇന്ത‍്യയുടെ ആധിപത‍്യം നഷ്ടപ്പെട്ടതായാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഗംഭീർ സ്ഥാനത്തു നിന്നും മാറിയാൽ ഒരു പക്ഷേ മുൻ ഇന്ത‍്യൻ താരം വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരായിരിക്കും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലപ്പത്തുള്ള ലക്ഷ്മൺന് പരിശീലകനെന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോഡാണുള്ളത്. അതേസമയം, നിലവിൽ സൗരവ് ഗാംഗുലി ദക്ഷിണാഫ്രിക്ക പ്രീമിയർ ലീഗിൽ പ്രിട്ടോറിയ ക‍്യാപിറ്റൽസിന്‍റെ പരിശീലക സ്ഥാനം വഹിക്കുകയാണ്. ഐപിഎല്ലിൽ ഡൽഹി ക‍്യാപിറ്റൽസിനൊപ്പം ക്രിക്കറ്റ് ഡയറക്റ്ററായും മെന്‍ററായും പ്രവർത്തിച്ചുള്ള പരിചയ സമ്പത്ത് ഗാംഗുലിക്ക് ഗുണം ചെയ്തേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com