

Gautam Gambhir
ന്യൂഡൽഹി: റെഡ് ബോൾ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഗൗതം ഗംഭീർ എതെങ്കിലും രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ നീക്കം നടത്തിയതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻതാരം വി.വി.എസ്. ലക്ഷ്മണിനെ ഗംഭീറിന് പകരം ടെസ്റ്റ് ടീം പരിശീലകനാക്കാനാണ് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നതെന്നുമാണ് വിവരം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീർ നല്ല പരിശീലകനാണ്. കാരണം അദ്ദേഹം അതിൽ വിജയിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ പരിശീലകനാകുന്നത് ഗംഭീറിന് ഗുണം ചെയ്യും.
റെഡ് ബോൾ ക്രിക്കറ്റിൽ ഒരു ടീം എങ്ങനെ കെട്ടിപ്പടുക്കണമെന്ന് രഞ്ജിട്രോഫിയിൽ പരിശീലനം നൽകിയവരുമായി സംസാരിക്കണമെന്നും പനേസർ പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ദുർബലമാണ്. വലിയ മൂന്ന് കളിക്കാർ വിരമിക്കുമ്പോൾ ബാക്കിയുള്ളവരെ തയ്യാറാക്കി നിർത്താൻ ബുദ്ധിമുട്ടാണെന്നും പനേസർ പറഞ്ഞു. 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് കരാറുണ്ട്. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഗംഭീറിന്‍റെ കീഴിൽ ടീം മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാൽ ടെസ്റ്റ് പരമ്പരയിലെ തോൽവിയാണ് ബിസിസിഐയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വരാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പിലെ ടീമിന്‍റെ പ്രകടനം ഗംഭീറിന് നിർണായകമാണ്. ഇന്ത്യയുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ പരിശീലക സ്ഥാനം തെറിച്ചേക്കും. അതേസമയം ടെസ്റ്റിൽ മാത്രം വേറൊരുയാളെ പരിശീലകനാക്കാൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും വിവരമുണ്ട്. നിലവിൽ ലോക ടെസ്റ്റ് ചാമ്പൻഷിപ്പിൽ ഇന്ത്യക്ക് 9 ടെസ്റ്റുകൾ ബാക്കിയുണ്ട്.