
ഗൗതം ഗംഭീർ
ലണ്ടൻ: ജൂൺ 20ന് ഇംഗ്ലണ്ട് പര‍്യടനം ആരംഭിക്കാനിരിക്കെ ഇന്ത‍്യൻ ടീമിന് തിരിച്ചടി. കോച്ച് ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായതിനാലാണ് ഗംഭീർ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത‍്യ എ ടീമിന്‍റെ അനൗദ‍്യോഗിക ടെസ്റ്റ് മത്സരം നിരീക്ഷിക്കുന്നതിനായി ഗംഭീർ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തി ചേർന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഗംഭീറിന്‍റെ അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐസിയുവിൽ തന്നെ തുടരുകയാണ്. അതിനാൽ ആദ‍്യ ടെസ്റ്റിന് മുമ്പേ ഗംഭീർ തിരിച്ചെത്തുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
ഗംഭീറിന്‍റെ അഭാവത്തിൽ അസ്റ്റിസ്റ്റന്‍റ് കോച്ച് റിയാൻ ടെൻ ഡസ്ചേറ്റിനായിരിക്കും ഇന്ത‍്യ- ഇന്ത‍്യ എ ടീമുകളുടെ നാലുദിവസത്തെ ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ ടീമിന്‍റെ ചുമതല.
രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വിരമിച്ചതിനാൽ യുവതാരങ്ങളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത‍്യൻ ടീമിന്‍റെ ഉത്തരവാദിത്തം ഗംഭീറിനായിരുന്നു. ഗംഭീർ നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിന്‍റെ തയാറെടുപ്പുകളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നു.