

ഗായത്രി ഗോപീചന്ദും ട്രീസ ജോളിയും
ന‍്യൂഡൽഹി: നീണ്ട16 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോക ബാഡ്മിന്‍റ ചാംപ‍്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത‍്യ. ചൈനയുടെ നാലാം സീഡ് സഖ‍്യമായ ജി യി ഫാൻ- ഷാങ് ഷു ഷിയാൻ സഖ‍്യത്തെ പരാജയപ്പെടുത്തികൊണ്ടാണ് ഇന്ത‍്യയുടെ ഗായത്രി ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും സെമിയിലേക്ക് മുന്നേറിയത്.
ഇതോടെയാണ് ടൂർണമെന്‍റിൽ ഇന്ത‍്യ മെഡലുറപ്പിച്ചത്. നിലവിൽ വെങ്കല മെഡലിനാണ് സാധ‍്യതയുള്ളതെങ്കിലും സെമിയും ഫൈനലും വിജയിച്ച് അത് സുവർണ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആദ‍്യ സെറ്റ് കൈവിട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് ഗായത്രി- ട്രീസ സഖ‍്യം കാഴ്ചവച്ചത്. സ്കോർ: 16-21, 21-15, 21-13. 2011ലാണ് ഇന്ത‍്യ അവസാനമായി വനിതാ ഡബിൾസിൽ മെഡൽ സ്വന്തമാക്കുന്നത്. നേരത്തെ 2022, 2023 വർഷങ്ങളിൽ തുടർച്ചയായി ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റെ സെമിയിൽ എത്തിയിട്ടുണ്ട് ഇരുവരും. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ മെഡൽ നേടിയിട്ടുള്ള സഖ‍്യത്തിന്‍റെ കരിയറിലെ മികച്ച നേട്ടങ്ങളിലൊന്നാണിത്.