വിജയ വരൾച്ച പരിഹരിച്ച് ജർമനി

സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ചു (2-1)
ജർമനിക്കായി ഗോൾ നേടിയ തോമസ് മുള്ളറുടെ ആഹ്ലാദം.
ജർമനിക്കായി ഗോൾ നേടിയ തോമസ് മുള്ളറുടെ ആഹ്ലാദം.
Updated on

ഡോർട്ട്മുണ്ട്: ജപ്പാനോട് 1-4നു തോറ്റതിനു പിന്നാലെ കോച്ച് ഹാൻസി ഫ്ളിക്കിന്‍റെ കസേരയും തെറിച്ച ശേഷം ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ജർമനിക്കു വിജയം, അതും ഫ്രാൻസിനെതിരേ. അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ജയം.

തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയമില്ലാതെ പിന്നിട്ട ജർമനിയുടെ ആത്മവിശ്വാസം ഉയർത്തുന്ന മത്സരമായി ഇത്, അടുത്ത വർഷം യൂറോപ്യൻ ചാംപ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഫ്ളിക്കിനു പകരക്കാരനെ നിയമിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ സ്പോർട്ടിങ് ഡയറക്റ്റർ റൂഡി വോളറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2002ൽ ലോകകപ്പ് ഫൈനൽ കളിച്ച ജർമൻ ടീമിന്‍റെ പരിശീലകൻ വോളറായിരുന്നു. അതിനു ശേഷം ദേശീയ ടീമിന്‍റെ പരിശീലനച്ചുമതലയിൽ വരുന്നത് ഇതാദ്യം.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജന്‍റീനയോടു തോറ്റ ശേഷം കളിച്ച അഞ്ച് മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടില്ലാത്ത ഫ്രാൻസിന് പരാജയം തിരിച്ചടിയുമായി. കഴിഞ്ഞ ആഴ്ച മാത്രം ടീമിൽ തിരിച്ചെത്തിയ വെറ്ററൻ സ്ട്രൈക്കർ തോമസ് മുള്ളർ നാലാം മിനിറ്റിൽ തന്നെ ജർമനിയെ മുന്നിലെത്തിച്ചു. 87ാം മിനിറ്റിൽ നടത്തിയ കൗണ്ടർ അറ്റാക്കിലൂടെ ലിറോയ് സനെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, തൊട്ടു പിന്നാലെ എഡ്വേർഡോ കാമവിംഗയെ ഫൗൾ ചെയ്തതിനു പെനൽറ്റിയും വഴങ്ങി. ഇതാണ് അന്‍റോയിൻ ഗ്രിസ്മാൻ ഗോളാക്കി മാറ്റിയത്.

പ്രതീക്ഷകളെ കവച്ചുവച്ച പ്രകടനം പുറത്തെടുത്തെങ്കിലും ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോംഗൻ 25ാം മിനിറ്റിൽ പരുക്കേറ്റു പുറത്തായത് ജർമനിക്ക് ആശങ്കയുമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com