റെക്കോഡ് നേട്ടവുമായി ജര്‍മനി, ഫ്രാന്‍സിനെ മലര്‍ത്തി

ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല
റെക്കോഡ് നേട്ടവുമായി ജര്‍മനി, ഫ്രാന്‍സിനെ മലര്‍ത്തി

ബർലിൻ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജര്‍മനി ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജര്‍മനിയുടെ വിജയം. യൂറോ കപ്പിനൊരുങ്ങുന്ന ജര്‍മനിക്ക് ആത്മവിശ്വാസം പകരുന്ന വിജയമാണിത്. സമീപകാലത്ത് ജര്‍മനിയെ ഏറ്റവും മികച്ച ഫോമില്‍ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഏഴാം സെക്കന്‍ഡില്‍ ഫ്‌ലോറിയന്‍ വിര്‍ട്സും 49-ാം മിനിറ്റില്‍ കെയ് ഹാവെര്‍ട്‌സുമാണ് ജര്‍മനിയുടെ ഗോളുകള്‍ സ്വന്തമാക്കിയത്. കളി തുടങ്ങി ഏഴാം സെക്കന്‍റില്‍ തന്നെ ഫ്‌ലോറിയന്‍ വിര്‍ട്സ് ആദ്യഗോള്‍ നേടി ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. ജര്‍മനിയുടെ അതിവേഗ അന്താരാഷ്ട്ര ഗോള്‍ എന്ന നേട്ടവും ഇതോടെ ഫ്‌ലോറിയന്‍ വിര്‍ട്സ് സ്വന്തമാക്കി.

എന്നാല്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും വേഗമേറിയ ഗോളെന്ന നേട്ടം ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഫ്‌ലോറിയന്‍ വിര്‍ട്സിന് നഷ്ടമായത്. സ്ലൊവാക്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ഓസ്ട്രിയയുടെ ക്രിസ്റ്റഫ് ബൗംഗാര്‍ട്‌നര്‍ ആറാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും വേഗമേറിയ ഗോള്‍.

കിക്കോഫില്‍ നിന്ന് ടോണി ക്രൂസിന്‍റെ പാസ് സ്വീകരിച്ച വിര്‍ട്സ് ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത ലോങ് റേഞ്ചര്‍ വലയിലേക്കു കയറുകയായിരുന്നു, ചരിത്രത്തിലേക്കും. വിരമിച്ച ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിലേക്കു മടങ്ങിയെത്തിയ താരമാണ് ക്രൂസ്. 2023-24 വര്‍ഷങ്ങളില്‍ 49 മത്സരങ്ങളില്‍ കളിച്ച ഹാവെര്‍ട്‌സ് 12 ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കി. ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ജര്‍മനിയുടെ പുതിയ പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന് എവേ മൈതാനത്തെ ഈ വിജയം ആത്മവിശ്വാസം പകരും. നാളെ ജര്‍മനി നെതര്‍ലന്‍ഡ്‌സിനെതിരേയും ഫ്രാന്‍സ് ചിലെയ്‌ക്കെതിരേയും കളിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മറ്റ് സൗഹൃദ മത്സരങ്ങളില്‍ ബല്‍ജിയത്തെ അയര്‍ലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡിനെ ഡെന്മാര്‍ക്കും ക്രൊയേഷ്യയെ ടുണീഷ്യയും ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സ്ലൊവാക്യയെ ഓസ്ട്രിയ 2-0ന് പരാജയപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com