നാല് ഫാസ്റ്റ് ബൗളർമാരെ ഉറപ്പായും കളിപ്പിക്കും: ഗിൽ

ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ നാല് ഫാസ്റ്റ് ബൗളർമാരെ ഉറപ്പായും കളിപ്പിക്കുമെന്ന് ശുഭ്മൻ ഗിൽ; പന്തിൽ ആശങ്കയില്ല, ഏഴു സ്പെഷ്യലിസ്റ്റ് ബാറ്റർമാർ, ടെസ്റ്റ് വ്യാഴാഴ്ച വെല്ലിങ്ടണിൽ
Gill Four Fast Bowlers Wellington Test

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലനത്തിനിടെ.

Updated on: 

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാല് ഫാസ്റ്റ് ബൗളർമാരെ 'ഉറപ്പായും' കളിപ്പിക്കുമെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിന്‍റെ ഫോമിനെയും ഫിറ്റ്നസിനെയും ചൊല്ലിയുള്ള ആശങ്കകൾ അദ്ദേഹം തള്ളുകയും ചെയ്തു.

''ഞങ്ങൾ ഉറപ്പായും നാല് ഫാസ്റ്റ് ബൗളർമാരെ കളിപ്പിക്കും'', വ്യാഴാഴ്ച ഇവിടെ ആരംഭിക്കുന്ന രണ്ടു മത്സരങ്ങളുടെ പരമ്പരയ്ക്കു മുന്നോടിയായി ഗിൽ പ്രഖ്യാപിച്ചു.

''ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു. ഇത് നല്ലൊരു തലവേദനയാണ്'', ഇന്ത്യ 3-1ന് ജയിച്ച സമീപകാല ഏകദിന പരമ്പരയിൽ യുവ പേസ് നിര കാഴ്ചവച്ച മികച്ച പ്രകടനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സീനിയർ താരം ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് പേസ് നിരയ്ക്ക് കരുത്തേകും. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ടെസ്റ്റ് ടീമിൽ നിന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ റിലീസ് ചെയ്ത്, മികച്ച പ്രകടനം കാഴ്ചവച്ച ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

''ഞങ്ങൾക്ക് നാല് ഫാസ്റ്റ് ബൗളർമാരെ വേണം. പക്ഷേ, ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. മൂന്നാം ദിനം മുതൽ പിച്ച് ഫ്ളാറ്റ് ആകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. പിച്ചിൽ ശക്തമായി പന്ത് കുത്തിയുയർത്താൻ കഴിയുന്ന ഒരാളെ വേണം'', ഗിൽ പറഞ്ഞു.

ഫിറ്റ്നസ് പ്രശ്നങ്ങളുമായി പോരാടുന്ന ഋഷഭ് പന്തിനെ ക്യാപ്റ്റൻ പിന്തുണയ്ക്കുകയും ചെയ്തു. ''ഋഷഭ് പന്തിന്‍റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. അദ്ദേഹം 50 ടെസ്റ്റ് കളിച്ചു, ലോകമെമ്പാടും റൺസ് നേടി. ഓസ്ട്രേലിയയിൽ സെഞ്ച്വറിയുള്ള വിക്കറ്റ് കീപ്പറാണ് അദ്ദേഹം'', ഗിൽ പറഞ്ഞു.

ആകാശ് ദീപും പ്രസിദ്ധ് കൃഷ്ണയും പേസ് സഖ്യത്തിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ടീമിന്‍റെ തയാറെടുപ്പുകൾക്കിടെ അൻഷുൽ കാംഭോജ് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെയും ബൗളിങ് കോച്ച് മോണി മോർക്കലിന്‍റെയും ശ്രദ്ധ ഏറെ പിടിച്ചുപറ്റിയിട്ടുണ്ട്.

ആകാശിനെയും കാംഭോജിനെയും ലോവർ ഓർഡർ ബാറ്റിങ്ങിൽ സംഭാവന ചെയ്യാൻ കഴിയുന്ന കളിക്കാരായി ടീം മാനേജ്മെന്‍റ് കാണുന്നുണ്ടെന്ന് ഗിൽ സൂചിപ്പിച്ചു. ഏഴു സ്പെഷ്യലിസ്റ്റ് ബാറ്റർമാരെയും, എട്ടിലും ഒൻപതിലും ബാറ്റ് ചെയ്യാൻ കഴിയുന്ന പേസർമാരെയും ആശ്രയിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. പേസ് ബൗളിങ് ഓൾറൗണ്ടർമാരിൽ ഒരാൾ നിതീഷ് കുമാർ റെഡ്ഡി ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹിറ്റ് ദ ഡെക്ക് ബൗളർമാരുടെ കാറ്റഗറിയിൽ പ്രസിദ്ധ് കൃഷ്ണ അല്ലെങ്കിൽ ഗുർപ്രീത് ബ്രാർ ടീമിലെത്തും.

ഏകദിന മത്സരങ്ങളിൽനിന്ന് കളിക്കാരെ പിൻവലിച്ച്, ദൈർഘ്യമേറിയ ഫോർമാറ്റിനായി പൊരുത്തപ്പെടാനും തയാറെടുക്കാനും മതിയായ സമയം നൽകിക്കൊണ്ട്, രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ മുൻഗണന നൽകിയിട്ടുണ്ട്. 'ഈ രണ്ടു ടെസ്റ്റുകളും ജയിച്ചാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ കളിക്കാൻ നല്ല സാധ്യതയുണ്ട്. അതുകൊണ്ടാണ് ഏകദിനങ്ങളിൽനിന്ന് ടെസ്റ്റ് കളിക്കാരെ കളിക്കാരെ ഞങ്ങൾ പിൻവലിച്ചത്,' ഗിൽ പറഞ്ഞു.