

ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കിടെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പൊളിച്ചെഴുത്തുകൾക്ക് കാരണമാകും. പരിശീലനത്തിനിടെ ഗില്ലിന്‍റെ കാൽവിരലിനാണ് പരിക്കേറ്റത്. ഇതോടെ പരമ്പരയിലെ അവസാന മത്സരത്തിലും, ഒരുപക്ഷേ, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും ഗിൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അടുത്ത കാലത്തായി ശുഭ്മൻ ഗില്ലിനെ പരിക്കുകൾ വിടാതെ പിന്തുടരുകയാണ്. നേരത്തെ കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ ഗില്ലിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാൽവിരലിന് പരിക്കേറ്റിരിക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് ഗില്ലിന്‍റെ കായികക്ഷമത ഉറപ്പാക്കുക എന്നത് ബിസിസിഐ മെഡിക്കൽ ടീമിന് വലിയ വെല്ലുവിളിയാണ്.
ഗില്ലിന്‍റെ അഭാവം ടീം മാനേജ്മെന്‍റിന് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള അവസരമാണ് തുറന്നു കൊടുക്കുന്നത്. ടി20 ലോകകപ്പിനു മുൻപ് ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് ഷോർട്ടസ്റ്റ് ഫോർമാറ്റിൽ കളിക്കാനുള്ളത്. അതുകൊണ്ടു തന്നെ ഇനിയുള്ള അന്താരാഷ്ട്ര ടി20 മത്സരങ്ങളോരോന്നും ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷൻ ട്രയലായി കണക്കാക്കപ്പെടും.
സഞ്ജു സാംസണ് സുവർണാവസരം
ശുഭ്മൻ ഗില്ലിന് വിശ്രമം അനുവദിക്കുന്നതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്താൻ സാധ്യതയേറി. അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട ഗില്ലിന് പകരം സഞ്ജുവിനെപ്പോലെയുള്ള ഒരു സ്ഫോടനാത്മക ബാറ്ററെ പരീക്ഷിക്കുന്നത് ടീമിന് ഗുണകരമാകുമെന്നാണ് ഒരു വിഭാഗം സെലക്റ്റർമാരുടെ അഭിപ്രായം.
ഗില്ലും സൂര്യകുമാർ യാദവും ഫോമൗട്ട് ആയതോടെ മികച്ച തുടക്കങ്ങൾക്ക് അഭിഷേക് ശർമയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലായിട്ടുണ്ട് ഇന്ത്യ. മധ്യനിരയിൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും നടത്തിയ ചില പ്രകടനങ്ങളാണ് സമീപകാലത്ത് ആശ്വാസമായുള്ളത്.
അതേസമയം, ഓപ്പണിങ് റോളിൽ സഞ്ജുവിന് എതിരാളി ഗിൽ മാത്രമല്ല. യശസ്വി ജയ്‌സ്വാളും അവസരത്തിനായി കാത്തിരിക്കുകയാണ്. പവർപ്ലേ ഓവറുകളിൽ ആക്രമിച്ചു കളിക്കാൻ കഴിവുള്ള ജയ്‌സ്വാളിനെ ഓപ്പണറായി ഇറക്കണമെന്ന വാദവും ശക്തമാണ്. ഇന്ത്യ ചാംപ്യൻമാരായ കഴിഞ്ഞ ടി20 ലോകകപ്പിൽ രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി ജയ്സ്വാൾ ആയിരുന്നു.
മധ്യനിരയിലും മാറ്റത്തിനു സാധ്യത
ഓപ്പണിങ് റോളിൽ മാത്രമല്ല, മധ്യനിരയിലും ചില മാറ്റങ്ങൾ സെലക്റ്റർമാരുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ഋഷഭ് പന്ത് നിലവിൽ ടി20 പദ്ധതികളുടെ ഭാഗമല്ല. എന്നാൽ, ടോപ് ഹെവി ആയ ഇന്ത്യൻ ബാറ്റിങ് നിരയെ കൂടുതൽ സന്തുലിതമാക്കാൻ കെ.എൽ. രാഹുലിനെയോ ഋതുരാജ് ഗെയ്ക്ക്വാദിനെയോ മധ്യനിരയിലേക്ക് കൊണ്ടുവരണമെന്ന വാദവും ഉയരുന്നുണ്ട്. തുടക്കത്തിൽ വിക്കറ്റുകൾ പോയാൽ പിടിച്ചു നിൽക്കാനും, അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്താനും ഇരുവർക്കും ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. രാഹുൽ ടീമിലെത്തിയാൽ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറുമായിരിക്കും.
ഓൾറൗണ്ടർമാർ
അക്ഷർ പട്ടേൽ അസുഖം ബാധിച്ച് പുറത്താവുക കൂടി ചെയ്തപ്പോൾ, ഇന്ത്യയുടെ ടി20 പദ്ധതിയിൽ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമായി നാലവോർ എറിയാനും ബാറ്റിങ് നിരയിൽ ഫ്ളോട്ടറായി ഇറക്കാനും കഴിയുന്ന അക്ഷറിന്‍റെ സാന്നിധ്യം ടീം കോംബിനേഷനിൽ നിർണായകമായിരുന്നു. പകരക്കാരനായി ഷഹബാസ് അഹമ്മദിനെയാണ് ടീമിൽ എടുത്തിരിക്കുന്നതെങ്കിലും, പ്ലെയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറിനായിരിക്കും അവസരം കിട്ടുക.
ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുകയും ശിവം ദുബെ ശരാശരിക്കു മുകളിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പേസ് ബൗളിങ് ഓൾറൗണ്ടർമാരുടെ കാര്യം തലവേദനയല്ല. ഇവർ ഇരുവരുണ്ടെങ്കിൽ, സ്പെഷ്യലിസ്റ്റ് പേസ് ബൗളറായി ജസ്പ്രീത് ബുംറയെ മാത്രം ഉൾപ്പെടുത്തിയും ടീമിനെ ഇറക്കാം.
ബൗളിങ് നിര
ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചവരാണ്. ബാക്കപ്പ് ഓപ്ഷനുകളായി ഹർഷിത് റാണയും കുൽദീപ് യാദവുമുണ്ട്. ഓൾറൗണ്ടർമാർ കൂടി ചേരുമ്പോൾ ഇന്ത്യൻ ബൗളിങ് നിര ലോകകപ്പിനു സജ്ജമാണെന്നു പറയാം.