

മെസി സ്റ്റേഡിയത്തിൽ ചെലവഴിച്ചത് 10 മിനിറ്റ് മാത്രം; രോഷാകുലരായി ആരാധകർ, കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലെത്തി. മിയാമിയില്‍ നിന്ന് ദുബായ് വഴിയാണ് കോല്‍ക്കത്തയിൽ വിമാനമിറങ്ങിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് താരം ഇന്ത്യയിലെത്തിയത്.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ കോൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്‍റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്.
കോൽക്കത്തയിലെ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമായി. മെസിയെ ഒരു നോക്ക് കാണാൻ നിരവധിപേരാണ് ഒത്തു കൂടിയത്. എന്നാൽ സ്റ്റേഡിയത്തിൽ നിന്നും മെസി വേഗത്തിൽ മടങ്ങിയത് ആരാധകർക്കിടയിൽ വലിയ രോഷത്തിന് കാരണമായി.
ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു. താരത്തിനെ കാണാനായി 3,800 മുതൽ 11,800 രൂപവരെയാണ് പലരും നൽകിയിരിക്കുന്നത്. അദ്ദേഹം വെറും 20 മിനിറ്റ് മാത്രമേ സ്റ്റേഡിയത്തിലുണ്ടായിരുന്നത്.
'നേതാക്കളും മന്ത്രിമാരും അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു കിക്കോ പെനാൽറ്റിയോ എടുത്തില്ല. ഞങ്ങളുടെ പണവും സമയവും പാഴായി. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല," ആരാധകൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.