മാഞ്ചസ്റ്ററിൽനിന്ന് റോഡ്രിയെ റാഞ്ചാൻ റയലും ബാഴ്സയും

ടോട്ടനം ഹോട്ട്സ്പറിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോയെ സ്വന്തമാക്കാൻ മൂന്ന് ക്ലബ്ബുകൾ
റോഡ്രിക്കും ക്രിസ്റ്റ്യൻ റൊമേറോയ്ക്കും വേണ്ടി ക്ലബ്ബുകൾ തമ്മിൽ മത്സരം.

റോഡ്രി | ക്രിസ്റ്റ്യൻ റൊമേറോ

Updated on

മാഡ്രിഡ്: ലോകകപ്പ് അവസാനിച്ചതോടെ യൂറോപ്യൻ ഫുട്ബോളിലെ താര കൈമാറ്റ ജാലകം തുറക്കപ്പെട്ടു. സെപ്റ്റംബർ ഒന്നുവരെ പുതിയ കളിക്കാരെ സ്വന്തമാക്കാൻ ക്ലബ്ബുകൾ വലവീശാം. സ്പെയ്നിന്‍റെ ലോകകപ്പ് ഹീറോയും ക്യാപ്റ്റനും ഗോൾഡൻ ബോൾ വിജയിയുമായ റോഡ്രിയിലാണ് ഏവരുടെയും കണ്ണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയും റോഡ്രിയിൽ കണ്ണുവച്ചുകഴിഞ്ഞു. റോഡ്രിക്കായി ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിക്ക് എത്ര തുക നൽകാനും റയലും ബാഴ്സയും തയാർ. എ‍ന്നാൽ, അതിൽ നിർണായകമാകുന്നത് റോഡ്രിയുടെ നിലപാട് തന്നെ. റോഡ്രി തന്‍റെ ലക്ഷ്യം പ്രഖ്യാപിച്ചുകഴിഞ്ഞെന്നാണ് വിവരം.

ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് താൻ താത്പര്യപ്പെടുന്നതെന്ന് റയൽ മാഡ്രിഡ് മാനെജ്മെന്‍റിനെ റോഡ്രി അറിയിച്ചതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ്രിക്കായി മാഞ്ചസ്റ്റർ സിറ്റിയുമായി ബാഴ്സലോണ അധികൃതർ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 40 മില്യൺ പൗണ്ടിനടുത്താണ് റോഡ്രിക്കായി ബാഴ്സ മുന്നിൽവയ്ക്കുന്നത്.

വളരെ മാന്യമായ രീതിയിലാണ് റയൽ മാഡ്രിഡിന്‍റെ പ്രതിനിധികൾ റോഡ്രിയെ കരാറിനായി സമീപിച്ചത്. അതിനാലാണ് റോഡ്രി ബാഴ്സയിലേക്ക് പോകാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് റയൽ മാഡ്രിഡ് മാനെജ്മെന്‍റിനോട് തുറന്നു പറ‍യാൻ കാരണമെന്നും ഇതുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടനത്തിന്‍റെ അർജന്‍റൈൻ സെന്‍റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറയ്ക്കായി മൂന്നു ക്ലബ്ബുകൾ രംഗത്തുണ്ട്. സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ്, ഇറ്റലിയിൽ നിന്നുള്ള ഇന്‍റർ മിലാൻ, ഇംഗ്ലിഷ് ക്ലബ്ബ് ആഴ്സനൽ എന്നിവയാണവ. ഇതിൽ അത്‌ലറ്റിക്കോയ്ക്കാണ് മുൻതൂക്കം. ജൂലൈയിൽ തന്നെ റോമേറോയെ സ്വന്തം പാള‍യത്തിലെത്തിക്കാൻ അത്‌ലറ്റിക്കോ നീക്കമാരംഭിച്ചിരുന്നു.

താര കൈമാറ്റക്കരാറിലെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച ടോട്ടനവുമായി ചർച്ച നടത്തിയെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗിക ഓഫർ മുന്നിൽവച്ചിട്ടില്ല. ഇന്‍റർ മിലാൻ റൊമേറോയ്ക്ക് 34 മില്യ‌ൺ പൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ റോമേറോയുടെ വ്യക്തിഗത വേതന ആവശ്യങ്ങൾ നിറവേറ്റാൻ ഇന്‍ററിന് സാധിക്കില്ലെന്നാണ് സൂചന. ആഴ്സനലും റോമേറോയുടെ ഏജന്‍റുമാരുമായി ആശയവിനിമയം തുടരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com