
കാര‍്യവട്ടം സ്റ്റേഡിയം
തിരുവനന്തപുരം: സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയായേക്കും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മാറ്റുമെന്നാണ് സൂചന.
ഐപിഎൽ വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും മത്സരങ്ങൾ മാറ്റുന്നത്. അങ്ങനെയെങ്കിൽ ഈ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര‍്യവട്ടം സ്റ്റേഡിയത്തിലായിരിക്കും നടക്കുക. എന്നാൽ ഇക്കാര‍്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത‍്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത‍്യയും ശ്രീലങ്കയും തമ്മിൽ സെപ്റ്റംബർ 30നാണ് ടൂർണമെന്‍റിലെ ആദ‍്യ മത്സരം.
ഒക്റ്റോബർ 3ന് നടക്കുന്ന ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരവും ഒക്റ്റോബർ 26ന് നടക്കുന്ന ഇന്ത‍്യ- ബംഗ്ലാദേശ് മത്സരവുമാണ് തിരുവനന്തപുരത്ത് നടക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം സെമി ഫൈനൽ മത്സരവും നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ വേദി മാറ്റിയാൽ കാര‍്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെ ഈ മത്സരവും നടന്നേക്കും.
ഇന്ത‍്യ, ഇംഗ്ലണ്ട്, ന‍്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിങ്ങനെ 8 ടീമുകൾ ഇത്തവണ ടൂർണമെന്‍റിൽ പങ്കെടുക്കും. അതേസമയം പാക്കിസ്ഥാന്‍റെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടക്കുന്നത്.