''അതിഥി ദേവോ ഭവ...'', കേരളം ഫൈനലിൽ; നന്ദി ജലജ് സക്സേന, ആദിത്യ സർവാതെ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന്‍റെ 68 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ കടക്കുമ്പോൾ നന്ദി പറയാനുള്ളത് രണ്ട് അതിഥി താരങ്ങൾക്കും, അതിഥിയായ കോച്ചിനും
Jalaj Saxena, Aditya Sarwate
ജലജ് സക്സേന, ആദിത്യ സർവാതെ
Updated on

VK Sanju

കേരള ക്രിക്കറ്റ് ടീം ആദ്യമായൊരു ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത് 68 വർഷം മുൻപാണ്. രാജ്യത്തെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റായ രഞ്ജി ട്രോഫിയിൽ അതിനു ശേഷം പരമാവധി നടത്തിയ മുന്നേറ്റം സെമി ഫൈനൽ വരെയായിരുന്നു... പക്ഷേ, ഈ വർഷം കളി മാറി, കഥ മാറി... ഇതാ കേരളം ഫൈനലിൽ.

കേരള ക്രിക്കറ്റ് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടത്തിൽ എത്തി നിൽക്കുമ്പോൾ, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ എന്നീ ബാറ്റർമാരുടെ നിശ്ചദാർഢ്യത്തിനു മാത്രമല്ല നന്ദി പറയാനുള്ളത്, കേരളത്തിനു വേണ്ടി കളിക്കുന്ന രണ്ട് അതിഥി താരങ്ങൾക്കു കൂടിയാണ്- ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവർക്ക്. അതിഥികൾ ദേവൻമാരായി കേരള ക്രിക്കറ്റിനു മേൽ അനുഗ്രഹം ചൊരിഞ്ഞ ദിവസം....

മധ്യപ്രദേശിൽനിന്നുള്ള സക്സേനയെയും വിദർഭയിൽനിന്നുള്ള ആദിത്യ സർവാതെയെയും കൂടാതെ തമിഴ്നാട്ടുകാരൻ ബാബാ അപരാജിതും കേരള സ്ക്വാഡിലുണ്ടായിരുന്നെങ്കിലും, പരുക്ക് കാരണം ഇടയ്ക്കു വച്ച് പിൻമാറുകയായിരുന്നു.

ബി. രാംപ്രകാശും സുജിത് സോമസുന്ദറും എസ്. രമേശും റോബിൻ ഉത്തപ്പയും അടക്കമുള്ള പ്രഗൽഭർ കേരളത്തിനു വേണ്ടി അതിഥി താരങ്ങളായി ഇറങ്ങിയിട്ടുണ്ട്. എന്നാൽ, അവർക്കാർക്കും സാധിക്കാത്ത നേട്ടത്തിലേക്ക് കേരളം ഇത്തവണ നടന്നുകയറുമ്പോൾ, പരിശീലക സ്ഥാനത്തുള്ളതും ഒരു ഇതര സംസ്ഥാനക്കാരൻ തന്നെ- മധ്യ പ്രദേശിൽനിന്നുള്ള മുൻ ഇന്ത്യൻ താരം അമയ് ഖുറാസിയ.

ജലജ് സക്സേന

Jalaj Saxena
ജലജ് സക്സേന

2005ൽ തന്‍റെ പതിനെട്ടാം വയസിൽ മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജലജ് സക്സേന, ഏഴു വർഷമായി കേരള ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. കേരള ടീം മാനെജ്മെന്‍റോ സഹതാരങ്ങളോ ഒരിക്കലും ഇതര സംസ്ഥാനക്കാരനായി തന്നെ കണക്കാക്കിയിട്ടില്ലെന്ന് ജലജ് പറയും. മുപ്പത്തെട്ടാം വയസിലും ദേശീയ ടീമിൽ ഒരു സ്ഥാനം സ്വപ്നം കാണുന്ന ജലജിന്, അതിലേക്കുള്ള ഊർജം കേരള ടീമിന്‍റെ നെടുന്തൂണെന്ന നിലയിൽ നടത്തിവരുന്ന പ്രകടനങ്ങൾ തന്നെയാണ്. അങ്ങനെയൊരു ലക്ഷ്യം മുന്നിലില്ലെങ്കിൽ തനിക്കെങ്ങനെ ക്രിക്കറ്റ് കളിക്കാനാവുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും തികച്ച ആദ്യ ക്രിക്കറ്ററാണ് ജലജ് സക്സേന. ഇപ്പോൾ 7000 റൺസും 478 വിക്കറ്റുമായിക്കഴിഞ്ഞു. ഓപ്പണിങ് മുതൽ ഏത് റോളിലും കളിക്കാനാവുന്ന ബാറ്റർ; ന്യൂ ബോൾ - ഓൾഡ് ബോൾ വ്യത്യാസമില്ലാതെ ഏതു സാഹചര്യത്തിലും പന്തെറിയുന്ന ഓഫ് സ്പിന്നർ- സമീപ കാലത്ത് കേരള ക്രിക്കറ്റിന് ഇത്രയധികം ഓൾറൗണ്ട് സംഭാവനകൾ നൽകിയ മറ്റൊരു കളിക്കാരനില്ല. ഫസ്റ്റ് ക്ലാസ് കരിയറിൽ പത്ത് വട്ടം പത്തു വിക്കറ്റ് നേട്ടവും, 34 വട്ടം അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ജലജ്, ഇന്ത്യൻ ക്രിക്കറ്റിലെ ഡൊമസ്റ്റിക് ജയന്‍റ് തന്നെയാണിന്ന്.

ഇന്ത്യൻ ടീമിന്‍റെ പടിവാതിൽ വരെ എത്തിയ ശേഷം തലനാരിഴയ്ക്കു നഷ്ടമായ അവസരങ്ങളാണ് അദ്ദേഹത്തിന്‍റെ സുദീർഘമായ കരിയർ. 2012-13 സീസണിൽ വെസ്റ്റിൻഡീസ് എ ടീമിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി അനൗദ്യോഗിക ഏകദിന മത്സരം കളിക്കാനിറങ്ങിയ ജലജ് അന്നു പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോൾ 35 റൺസ്, പിന്നീട് ഏഴോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും.

അന്ന് ഇന്ത്യൻ നിരയിലെ ഉയർന്ന വ്യക്തിഗത സ്കോർ 39 റൺസായിരുന്നു- അതെടുത്തയാൾ ഇന്ന് ഇന്ത്യൻ ക്യാപ്റ്റനാണ്, പേര് രോഹിത് ശർമ! ആ ടീമിൽ ജലജിന്‍റെ സഹതാരങ്ങളായിരുന്ന ശിഖർ ധവൻ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, മനോജ് തിവാരി, ഭുവനേശ്വർ കുമാർ, രാഹുൽ ശർമ, അശോക് ദിൻഡ എന്നിവരെല്ലാം പിന്നീട് സീനിയർ ടീമിലെത്തി. ജലജിനും ഇടങ്കയ്യൻ സ്പിന്നർ അക്ഷയ് ദരേക്കർക്കും മാത്രം ഒരിക്കലും അങ്ങനെയൊരു അവസരം കൈവന്നില്ല. അന്നത്തെ വിൻഡീസ് എ ടീമിലുണ്ടായിരുന്ന കിരൺ പവൽ, കിർക്ക് എഡ്വേർഡ്സ്, ജേസൺ ഹോൾഡർ, നികിത മില്ലർ തുടങ്ങിയവരും അവരുടെ സീനിയർ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Aditya Sarwate and Jalaj Saxena celebrating a wicket
ആദിത്യ സർവാതെയും ജലജ് സക്സേനയും വിക്കറ്റ് ആഘോഷത്തിൽ.

2013-14 സീസണിൽ നടത്തിയ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് എ ടീമിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ആറ് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട് ജലജ് സക്സേന. എന്നാൽ, ഇതൊന്നും ദേശീയ ടീമിലേക്കുള്ള വിളി വരാൻ പര്യാപ്തമായില്ല. ടോം ലാഥം, ഡാരിൽ മിച്ചൽ, ജയിംസ് നീഷം, ഡഗ് ബ്രേസ്‌വെൽ, ഇഷ് സോധി തുടങ്ങിയവർ ന്യൂസിലൻഡിന്‍റെ അന്നത്തെ എ ടീമിലുണ്ടായിരുന്നു.

2013ൽ ഐപിഎൽ നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്നു ജലജ് സക്സേന. പക്ഷേ, ഒരു മത്സരത്തിൽപ്പോലും പ്ലെയിങ് ഇലവനിലെത്തിയില്ല. അന്നു ട്രോഫിയുമായി സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഫോട്ടൊ എടുക്കാൻ സാധിച്ചതിനെയോർത്താണ് ജലജ് ഇന്നു സന്തോഷിക്കുന്നത്.

ഇപ്പോഴിതാ, രഞ്ജി ട്രോഫി സെമി ഫൈനലിൽ ഒരൊറ്റ ഇന്നിങ്സിൽ ജലജ് സക്സേന എറിഞ്ഞത് 71 ഓവറാണ്. 149 റൺസ് വഴങ്ങി നേടിയ നാല് വിക്കറ്റുകൾ കേരളത്തിന്‍റെ ഫൈനൽ പ്രവേശനത്തിൽ നിർണായകവുമായി.

ഏറ്റവുമൊടുവിൽ, രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി ഗുജറാത്തിനു മുന്നിൽ പ്രതീക്ഷയുടെ നേർത്ത കിരണം തെളിഞ്ഞ നിമിഷങ്ങൾ. അവിടെ 90 പന്തിൽ 37 റൺസുമായി പ്രതിരോധത്തിന്‍റെ കോട്ട കെട്ടാനും ജലജ് തന്നെ വേണ്ടിവന്നു.

ആദിത്യ സർവാതെ

Aditya Sarwate
ആദിത്യ സർവാതെ

കേരളത്തിനു വേണ്ടി രഞ്ജി ട്രോഫി ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ആദിത്യ സർവാതെയ്ക്കു നേരിടാനുള്ളത് തന്‍റെ 'ഹോം' ടീമിനെയും പഴയ സഹതാരങ്ങളെയും തന്നെയായിരിക്കും. വിദർഭ ടീമിൽ നിന്നാണ് സർവാതെ ഈ സീസണിൽ പ്രൊഫഷണലായി കേരളത്തിനൊപ്പം ചേരുന്നത്.

ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമായ സർവാതെ 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ രണ്ടായിരത്തിലധികം റൺസും മുന്നൂറിലധികം വിക്കറ്റും നേടിക്കഴിഞ്ഞു. ഇതിൽ രണ്ട് സെഞ്ചുറിയും 12 അർധ സെഞ്ചുറികളും മൂന്ന് പത്ത് വിക്കറ്റ് നേട്ടങ്ങളും 21 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു.

Aditya Sarwate
ആദിത്യ സർവാതെ

സീസണിൽ പലപ്പോഴും ബാറ്റ് കൊണ്ട് മികച്ച സംഭാവനകൾ നൽകിയ സർവാതെയ്ക്ക് ബൗളിങ്ങിൽ അസാമാന്യ പ്രകടനമൊന്നും ഇതുവരെ നടത്താനായിരുന്നില്ല. എന്നാൽ, സെമി ഫൈനലിന്‍റെ അവസാന ദിവസം കേരളത്തിനു പ്രതിരോധിക്കാൻ വെറും 28 റൺസ് മാത്രമുള്ളപ്പോൾ, ഗുജറാത്തിന്‍റെ ശേഷിച്ച മൂന്ന് വിക്കറ്റും എറിഞ്ഞിട്ട് നാടകീയമായി ഫൈനൽ പ്രവേശനം ഉറപ്പാക്കിയത് സർവാതെ ആയിരുന്നു.

നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ സർവാതെ 101 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയിരുന്നതെങ്കിൽ, അഞ്ചാം ദിവസം ഗുജറാത്ത് ഓൾഔട്ടാകുമ്പോൾ 4/110 എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ബൗളിങ് അനാലിസിസ്. നേരത്തെ ജലജ് സക്സേന നേടിയ നാല് വിക്കറ്റ് കൂടിയായപ്പോൾ, ഗുജറാത്തിന്‍റെ എട്ട് വിക്കറ്റും പങ്കിട്ടെടുത്തത് നാട്ടുകാരെക്കാൾ മികവ് കാണിച്ച ഈ അതിഥികൾ തന്നെ.

അമയ് ഖുറാസിയ

Amay Khurasia
അമയ് ഖുറാസിയ

12 ഏകദിന മത്സരങ്ങൾ മാത്രം നീണ്ട അന്താരാഷ്ട്ര കരിയറാണ് അമയ് ഖുറാസിയയുടേത്. എന്നാൽ, കേരള ക്രിക്കറ്റ് പ്രേമികൾ ഇനി അദ്ദേഹത്തെ ഓർക്കുക, നമ്മുടെ ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ച കോച്ച് എന്ന നിലയിലായിരിക്കും.

ശ്രീലങ്കയെ ലോക ചാംപ്യൻമാരാക്കിയ ഡേവ് വാട്ട്മോറിനു കീഴിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. എന്നാൽ, അന്നത്തെ മുന്നേറ്റം അവിടെ അവസാനിച്ചു. ഇത്തവണ ഒരു പടി കൂടി കടന്ന്, ടീമിനെ ഫൈനൽ വരെയെത്തിച്ചു കഴിഞ്ഞു ഖുറാസിയ. കേരളത്തിനും രാജ്യത്തെ പരമോന്നത ക്രിക്കറ്റ് കിരീടത്തിനുമിടയിൽ ശേഷിക്കുന്നത് ഒരേയൊരു മത്സരം കൂടി!

Jalaj Saxena, Aditya Sarwate
UPSC പാസായ ഇന്ത്യൻ ക്രിക്കറ്റ് താരം, അരങ്ങേറ്റത്തിൽ 50, ഇപ്പോൾ കേരളത്തിന്‍റെ സൂപ്പർ കോച്ച്... | Video

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com