

അശോക് ശർമ
മുംബൈ: ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അതിവേഗത്തിൽ പന്തെറിഞ്ഞ് ആരാധകരെ അമ്പരപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമയെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിൽ ഉൾപ്പെടുത്തി.
പരുക്കേറ്റ പേസർ യുദ്ധ്‌വീർ സിങ്ങിന് പകരക്കാരനായിട്ടാണ് അശോക് ശർമയെ ടീമിലെടുത്തത്. പരമ്പരയിൽ നിരന്തരമായ തോൽവികൾ മൂലം ഇന്ത‍്യ എ ടീമിന്‍റെ ഫൈനൽ സാധ‍്യതകൾ മങ്ങിയ സാഹചര‍്യത്തിലാണ് സെലക്ഷൻ കമ്മിറ്റി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.
ഐപിഎല്ലിൽ 6 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുകൾ വീഴ്ത്താനായെങ്കിലും ഒരുപാട് റൺസ് വഴങ്ങുന്നതിനാൽ താരത്തിന് പിന്നീട് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എ ടീമിനെതിരേ നടക്കുന്ന മത്സരത്തിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമെ ഫൈനൽ മത്സരത്തിന് യോഗ‍്യത നേടാൻ ഇന്ത‍്യയ്ക്ക് ചെറിയ സാധ‍്യതയെങ്കിലും ഉണ്ടാകുകയുള്ളൂ.