ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

35 പന്തിൽ 10 സിക്സും 4 ബൗണ്ടറിയും അടക്കം 93 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ഫിൻ അലനാണ് ടീമിന്‍റെ ടോപ് സ്കോറർ
gujarat titans vs kolkata knight riders ipl match updates

മത്സരത്തിൽ നിന്ന്

Updated on

കോൽക്കത്ത: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ‌ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 248 റൺസ് വിജയലക്ഷ‍്യം. കോൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 247 റൺസ് കോൽക്കത്ത അടിച്ചെടുത്തു. 35 പന്തിൽ 10 സിക്സും 4 ബൗണ്ടറിയും അടക്കം 93 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ഫിൻ അലനാണ് ടീമിന്‍റെ ടോപ് സ്കോറർ.

ഫിൻ അലനു പുറമെ അംഗ്കൃഷ് രഘുവംശി 44 പന്തിൽ 82 റൺസും കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസും നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ഹോംഗ്രൗണ്ടിൽ ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയും ഫിൻ അലനും നൽകിയത്.

മുഹമ്മദ് സിറാജ് എറിഞ്ഞ ആദ‍്യ ഓവർ ബഹുമാനിച്ചു കൊണ്ട് തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ കാഗിസോ റബാഡയെ ഓഫ് സൈഡിൽ സിക്സർ അടിച്ചുകൊണ്ട് രഹാനെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.

മറുവശത്ത് സിറാജിനെ രണ്ട് ബൗണ്ടറി പറത്തി കൊണ്ട് ഫിൻ അലനും നിലയുറപ്പിച്ചതോടെ ഗുജറാത്ത് ബൗളർമാർ വിയർത്തു. ഒടുവിൽ 4.3 ഓവറിൽ സിറാജാണ് രഹാനെയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. ഒന്നാം വിക്കറ്റിൽ 44 റൺസ് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.

പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു ടീം. രണ്ടാം വിക്കറ്റിൽ ഫിൻ അലനൊപ്പം ചേർന്ന് അംഗ്കൃഷ് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർബോർഡ് ഉയർന്നു. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് നിരയെന്ന് ആരാധകർ അവകാശവാദം ഉന്നയിക്കുന്ന ടീമിനെതിരേയാണ് ഫിൻ അലൻ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്.

ഫിൻ അലന്‍റെ രണ്ട് ക‍്യാച്ചുകൾ ഗുജറാത്ത് ഫീൽഡർമാർ‌ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണമായത്. 11.2 ഓവറിൽ സായ് കിഷോറിനെ സിക്സർ അടിക്കാൻ ശ്രമിച്ചാണ് ഫിൻ അലൻ പുറത്തായത്. 7 റൺസിന് താരത്തിന് സെഞ്ചുറി നഷ്ടമായി. ഫിൻ‌ അലൻ അടി നിർത്തിയിടത്ത് നിന്നും കാമറൂൺ‌ ഗ്രീൻ അടി തുടങ്ങി. മൂന്നാം വിക്കറ്റിൽ അംഗ്കൃഷിനൊപ്പം 50 റൺസ് കൂട്ടുകെട്ടുണ്ടായതോടെ 247 റൺസെന്ന കൂറ്റൻ സ്കോറിലേക്കെത്തി.

logo
Metro Vaartha
www.metrovaartha.com