''4 മണിക്കൂർ കരഞ്ഞു!'' സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരൻ ആശുപത്രിയിൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചലിനെ വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വിവാഹം നേരത്തെ മാറ്റിവച്ചിരുന്നു
സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരൻ ആശുപത്രിയിൽ | Smriti Mandhana groom hospitalised

സ്മൃതി മന്ഥന, പലാഷ് മുച്ചൽ.

File photo

Updated on

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവച്ചതിന് പിന്നാലെ, പുതിയ ആരോഗ്യപ്രതിസന്ധി.

സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതത്തിനു സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചടങ്ങുകൾ നിർത്തിവെച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ, വരൻ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം സംഗ്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് പലാഷിന് വൈറൽ അണുബാധയും അമിതമായ അസിഡിറ്റിയും കാരണം അസുഖം വർധിക്കുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ല.

ചികിത്സയ്ക്കു ശേഷം അന്ന് വൈകുന്നേരം തന്നെ പലാഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ, ഞായറാഴ്ച ഉച്ചയോടെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ സംഗ്ലിയിലെ സർവ്ഹിത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതെത്തുടർന്ന് വിവാഹച്ചടങ്ങ് അനിശ്ചിതമായി നീട്ടിവയ്ക്കാനുള്ള തീരുമാനമെടുത്തത് പലാഷ് തന്നെയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ അമ്മ അമിത പറയുന്നത്.

സ്മൃതിയെക്കാൾ സ്മൃതിയുടെ അച്ഛനോടാണ് പലാഷിന് അടുപ്പമെന്നും, അദ്ദേഹത്തിന്‍റെ അസുഖ വിവരം അവനെ വല്ലാതെ ഉലച്ചു കളഞ്ഞെന്നും അമിത. ഹൽദി കഴിഞ്ഞതിനാൽ പലാഷിനെ പുറത്തേക്കു വിട്ടില്ല.

എന്നാൽ, അവൻ ശ്രീനിവാസ് മന്ഥനയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ തന്നെ കാത്തിരുന്നു. അവിടെയിരുന്ന് നാല് മണിക്കൂർ നിർത്താതെ കരയുകയായിരുന്നു എന്നും അമിത.

സംഗീത പരിപാടികൾക്കു വേണ്ടി വിശ്രമമില്ലാതെ നടത്തിയ നിരന്തര യാത്രകളാണ് പലാഷിന്‍റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതിനു പിന്നാലെ സ്മൃതിയുടെ അച്ഛന്‍റെ രോഗാവസ്ഥയെത്തുടർന്ന് ഇതു വഷളാകുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com