അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയൻ വിജയവും തന്‍റെ ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കിയ ശേഷം ഗ്ലെൻ മാക്സ്‌വെൽ.
അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയൻ വിജയവും തന്‍റെ ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കിയ ശേഷം ഗ്ലെൻ മാക്സ്‌വെൽ.

ആറ് അഫ്ഗാനികൾക്ക് അര മാക്സ്‌വെൽ

സൈമണ്ട്സിനെയും ഹസിയെയും ബെവനെയും ഒരുമിച്ചു കൂട്ടുമ്പോൾ കിട്ടുന്നതല്ല, ഒരുമിച്ചു ഗുണിക്കുമ്പോൾ കിട്ടുന്നതെന്തോ അതായിരുന്നു അഫ്ഗാനിസ്ഥാനു മുന്നിൽ പതറാതെ നിന്ന ഗ്ലെൻ മാക്സ്‌വെൽ

വി.കെ. സഞ്ജു

''അവന്‍റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ ബാധ കൂടിയതു പോലെയാണ് എനിക്കു തോന്നിയത്...''

2022ലെ ട്വന്‍റി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ പാക്കിസ്ഥാനെതിരേ അവസാന പന്തിൽ ബാറ്റ് ചെയ്യാനിറങ്ങിയ ആർ. അശ്വിൻ, ക്രീസിലുണ്ടായിരുന്ന വിരാട് കോലിയെക്കുറിച്ചു പിന്നീടു പറഞ്ഞതാണത്. പക്ഷേ, അഫ്ഗാനിസ്ഥാൻ എന്ന മഞ്ഞുമലയിലിടിച്ച് മുങ്ങിക്കൊണ്ടിരുന്ന ഓസ്ട്രേലിയൻ ടൈറ്റാനിക്കിനെ ഒറ്റയ്ക്ക് തുഴഞ്ഞ് കരയ്ക്കടുപ്പിക്കുമ്പോൾ ഗ്ലെൻ മാക്സ്‌വെലിന്‍റെ കണ്ണുകളിൽ ബാധയും ഭൂതവുമൊന്നുമായിരുന്നില്ല, നിറയുന്ന വേദന മാത്രമായിരുന്നു.

അദ്ഭുതമെന്നോ അമാനുഷികമെന്നോ അവിശ്വസനീയമെന്നോ വിളിക്കാവുന്ന ബാറ്റിങ് വിസ്ഫോടം. അതിന് കോലിയുടെ ടി20 ഇന്നിങ്സുമായെന്നല്ല, കപിൽ ദേവിന്‍റെ അനശ്വരമായ 175 റൺസുമായി പോലും താരതമ്യങ്ങളില്ല. കാരണം, നിവർന്നു നിൽക്കാൻ പോലും ബുദ്ധിമുട്ടിക്കുന്നിടത്തോളം വലച്ച പരുക്കുമായാണ് മാക്സ്‌വെൽ കളിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ഇന്നിങ്സ് എന്നു വിളിക്കാൻ വിഷമമുണ്ടെങ്കിൽ നമുക്കത് ചെറുതായൊന്നു ചുരുക്കാം, ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിങ്സ്!

ഓസ്ട്രേലിയയിലെ ഭൂതാവിഷ്ടർ

പാക്കിസ്ഥാനെതിരേ 2003 ലോകകപ്പിൽ 86/4 എന്ന നിലയിൽ തകർന്നപ്പോൾ ഒരു ആൻഡ്രൂ സൈമണ്ട്, ന്യൂസിലൻഡിനെതിരേ 84/7 എത്തിയപ്പോൾ ഒരു മൈക്കൽ ബെവനും ആൻഡി ബിക്കലും... അങ്ങനെ, തോൽവി ഉറപ്പിച്ച മത്സരങ്ങളിൽനിന്ന് അവിശ്വസനീയമാം വിധം ജയത്തിലേക്കു തിരിച്ചു വരുന്ന ടിപ്പിക്കൽ ഓസ്ട്രേലിയൻ പുനർജനികൾ ഒരുപാട് കണ്ടിട്ടുണ്ട് ലോകകപ്പുകളിൽ. പക്ഷേ, ഇങ്ങനെയൊന്ന് ഇതാദ്യം. ആൻഡ്രൂ സൈമണ്ട്സിനെയും മൈക്കൽ ഹസിയെയും മൈക്കൽ ബെവനെയും ഒരുമിച്ചു കൂട്ടുമ്പോൾ കിട്ടുന്നതല്ല, ഒരുമിച്ചു ഗുണിക്കുമ്പോൾ കിട്ടുന്നതെന്തോ അതായിരുന്നു അഫ്ഗാനിസ്ഥാനു മുന്നിൽ പതറാതെ നിന്ന ഗ്ലെൻ മാക്സ്‌വെൽ.

റൺ പൂർത്തിയാക്കി ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്ന ഗ്ലെൻ മാക്സ്‌വെൽ.
റൺ പൂർത്തിയാക്കി ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്ന ഗ്ലെൻ മാക്സ്‌വെൽ.

ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറിയടിച്ച പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്‍റെ അഭിനയം പോലെയായിരുന്നില്ല മാക്സിയുടെ പരുക്ക്. ഓവറുകളുടെ ഇടവേളകളിൽ പലപ്പോഴും അയാൾ ഗ്രൗണ്ടിൽ തളർന്നു വീണു, വേദന കൊണ്ടു പുളഞ്ഞു. പലവട്ടം ഓസ്ട്രേലിയൻ ഫിസിയോ നിക്ക് ജോൺസിനെ സഹായത്തിനു വിളിച്ചു, ചിലപ്പോൾ മുതുകിന് പരിചരണം, ചിലപ്പോൾ കാലിന്. ഇതൊന്നും പോരാഞ്ഞ് ഡീഹൈഡ്രേഷൻ. പകരം ബാറ്റ് ചെയ്യാൻ രണ്ടു വട്ടം ബൗണ്ടറി ലൈനോളം ഇറങ്ങിവന്നതാണ് പത്താം നമ്പർ ബാറ്റർ ആഡം സാംപ. പക്ഷേ, മാക്സിക്കറിയാമായിരുന്നു, ഗ്രൗണ്ടിൽ നിന്നു കയറിയാൽ പിന്നെയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന്. അയാൾക്കുറപ്പുണ്ടായിരുന്നു, താനൊന്നു മാറിനിന്നാൽ അതുവരെ വീണ ഏഴു വിക്കറ്റിനൊപ്പം രണ്ടെണ്ണം കൂടി കൂട്ടിച്ചേർക്കാൻ അഫ്ഗാൻ ബൗളർമാർക്ക് അധിക നേരം വേണ്ടിവരില്ലെന്ന്.

അങ്ങനെ അയാൾ വീണ്ടും എഴുന്നേറ്റു നിന്നു. കഷ്ടിച്ച് സ്റ്റമ്പിനു മുന്നിൽ വരെയെത്തി. അരയ്ക്കു മേലേയ്ക്കുള്ള ദ്രുത ചലനങ്ങളിലൂടെ മാത്രം ബാറ്റ് വീശി. സ്വിച്ച് ഹിറ്റുകളോ റിവേഴ്സ് ഹിറ്റുകളോ ആയി മാറിയ രണ്ടോ മൂന്നോ ഷോട്ടുകളിലല്ലാതെ അയാളുടെ കാലുകൾ ഗ്രൗണ്ടിൽനിന്ന് ഇളകിയതേയില്ല. ബേസിക് ഫുട്ട് വർക്ക് പോലുമില്ലാത്ത ബാറ്ററുടെ ഷോട്ടുകൾ എങ്ങോട്ടു പോകുമെന്ന് ബൗളർമാർക്കോ ഫീൽഡർമാർക്കോ ധാരണയില്ലാതാകുന്നതു പോലെ ബൗണ്ടറികളും സിക്സറുകളും അഫ്ഗാൻ ആരാധകരുടെ നെഞ്ചിൽ അശനിപാതങ്ങൾ പോലെ പതിച്ചുകൊണ്ടേയിരുന്നു. അത്യാവശ്യം നടക്കാമെന്നല്ലാതെ ഓടാനാവില്ലെന്ന് ഉറപ്പായ ശേഷം അഞ്ച് ഫോറും അഞ്ച് സിക്സറും കൂടി. പത്തോവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 60 റൺസും മാർക്സ്‌വെല്ലിന് ഇരട്ട സെഞ്ചുറിയിലേക്ക് 58 റൺസുമായിരുന്നു ദൂരം. അതു രണ്ടും അയാൾ സാക്ഷാത്കരിച്ചു, അനായാസമെന്ന് ആരും പറയാത്ത ഒരിന്നിങ്സിലൂടെ.

ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ഒരു റിവേഴ്സ് ഹിറ്റ് ശ്രമം.
ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ഒരു റിവേഴ്സ് ഹിറ്റ് ശ്രമം.

ചാർലി ചാപ്ലിൻ

ഓട്ടവും നടത്തവുമല്ലാത്തൊരു രൂപത്തിൽ തത്തിത്തത്തി സട്രൈക്ക് നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്ന മാക്സിയെ കമന്‍റേറ്റർമാർ ചാർലി ചാപ്ലിനോട് ഉപമിക്കുമ്പോൾ അതൊരു പരിഹാസമായിരുന്നില്ല. 16 ഫ്രെയിം റേറ്റിൽ ചിത്രീകരിച്ച ചാപ്ലിന്‍റെ നിശബ്ദ സിനിമകളെക്കാൾ നല്ലൊരു ഉപമ അതിനുണ്ടായിരുന്നില്ല എന്നതാണ് സത്യം.

കാഴ്ചക്കാരിലേക്കു കൂടി പടരുന്ന വേദന. പന്ത് ബാറ്റിലെത്തുന്ന നിമിഷാർധത്തിലേക്കു മാത്രം അയാളതു മറന്നിട്ടുണ്ടാവും. പക്ഷേ, ഇത്രയും കാലം പഠിച്ച ബാറ്റിങ് പാഠങ്ങളൊന്നും അനുസരിക്കാൻ കൂട്ടാക്കാതെ ആ ശരീരം ഒറ്റക്കാലിൽ ഉഴറിനിന്നു. കൈക്കുഴയിലേക്ക് ആവാഹിച്ച അഭൗമമായ ഏതോ കരുത്തിൽ എവിടെനിന്നെന്നറിയാതെ ബൗണ്ടറികൾ പിറന്നു.

മറുവശത്ത് വെറുമൊരു കാഴ്ചക്കാരനായി പാറ്റ് കമ്മിൻസ് എന്ന ബിഗ് ഹിറ്റർ. 202 റൺസിന്‍റെ റെക്കോഡ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ കമ്മിൻസിന്‍റെ സംഭാവന 68 പന്തിൽ നിന്നു നേടിയ 12 റൺസ്! മറുവശത്ത് രണ്ടു കാലും തികച്ചില്ലാതെ മാക്സി 128 പന്തിൽ 201 റൺസ്!

മത്സരത്തിനിടെ സ്ട്രെച്ച് ചെയ്ത് പേശിവലിവ് അകറ്റാൻ ശ്രമിക്കുന്ന ഗ്ലെൻ മാക്സ്‌വെൽ.
മത്സരത്തിനിടെ സ്ട്രെച്ച് ചെയ്ത് പേശിവലിവ് അകറ്റാൻ ശ്രമിക്കുന്ന ഗ്ലെൻ മാക്സ്‌വെൽ.

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും

ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ, രണ്ടാമിന്നിങ്സിൽ പിറക്കുന്ന ആദ്യത്തെ ഇരട്ട സെഞ്ചുറി. ഓസ്ട്രേലിയക്കാരന്‍റെ ഉയർന്ന വ്യക്തിഗത സ്കോർ, അതുമൊരു ആറാം നമ്പർ ബാറ്ററിൽനിന്ന്. വാംഖഡെ സ്റ്റേഡിയത്തിന്‍റെ ചരിത്രത്തിൽ ഇത്രയും വലിയ സ്കോർ പിന്തുടർന്ന് ഒരു ടീമും ജയിച്ചിട്ടില്ല, ലോകകപ്പിൽ ഓസ്ട്രേലിയ ഇത്രയും വലിയ ലക്ഷ്യം നേടിയ ചരിത്രവുമില്ല. പക്ഷേ, ക്യാച്ച് നഷ്ടപ്പെടുത്തിയതിനു പ്രായശ്ചിത്തം ചെയ്യാൻ അവസാന അവസരം പ്രതീക്ഷിച്ചെത്തിയ മുജീബ് ഉർ റഹ്മാന്‍റെ അഞ്ച് പന്തിൽ 22 റൺസെടുത്ത്, ഓസ്ട്രേലിയയുടെ ജയവും തന്‍റെ ഡബിൾ സെഞ്ചുറിയും പൂർത്തിയാക്കി, കൈകൾ വിടർത്തി, വേദന മറന്ന് ചിരിച്ച് നിൽക്കുമ്പോൾ, മാക്സ്‌വെൽ ഓർമിപ്പിക്കുകയായിരുന്നു, ചിലർ വരുമ്പോൾ ചരിത്രം വഴിമാറും....

ലോക നിലവാരമുള്ള നാലു സ്പിന്നർമാർ അടക്കം ആറ് അഫ്ഗാൻ ബൗളർമാർ അറിയുന്ന കളിയെല്ലാം കളിച്ചിട്ടും അരയ്ക്കു താഴേക്ക് നിശ്ചലനായിരുന്ന മാക്സ്‌വെൽ, അക്ഷരാർഥത്തിൽ, അനങ്ങിയില്ല. വന്യമായ സ്വപ്നങ്ങളിൽപ്പോലും ചിന്തിക്കാനാവാത്ത ഒരിന്നിങ്സ്. ക്രിക്കറ്റിന്‍റെ വീരേതിഹാസങ്ങളിൽ അയാളിന്നൊരു ചിരപ്രതിഷ്ഠയാണ്; വിട്ടുകളഞ്ഞ ആ ക്യാച്ച് മുജീബ് ഉർ റഹ്മാന്‍റെ ബയോഡേറ്റയിൽ കണ്ണീരുണങ്ങിയ പാട് പോലെ ഇനിയുള്ള കാലം മായാതെ കിടക്കുകയും ചെയ്യും....

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com