
മത്സരത്തിനു മുൻപേ പത്ര സമ്മേളനം റദ്ദാക്കി; പാക്കിസ്ഥാൻ ഏഷ‍്യ കപ്പിൽ നിന്നും പിന്മാറുമോ?
ദുബായ്: ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ബുധനാഴ്ച നടക്കാനിരുന്ന യുഎഇക്കെതിരായ മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാക്കിസ്ഥാൻ. ഹസ്തദാന വിവാദത്തിനു പിന്നാലെയാണ് പുതിയ സമ്മർദ തന്ത്രവുമായി പാക്കിസ്ഥാനെത്തിയിരിക്കുന്നത്.
ഇന്ത‍്യ - പാക് മത്സരത്തിലെ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ‍്യം കഴിഞ്ഞ ദിവസം ഐസിസി തള്ളിയിരുന്നു. മാച്ച് റഫറിയെ നീക്കിയില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്നായിരുന്നു നേരത്തെ പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ, ഐസിസി നിലപാട് വ‍്യക്തമാക്കിയ ശേഷം പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരുപക്ഷേ പാക്കിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പിന്മാറിയാൽ ഏകദേശം 141 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് വിവരം. ബുധനാഴ്ച നടക്കുന്ന പാക്കിസ്ഥാൻ - യുഎഇ മത്സരത്തിൽ ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി. യുഎഇയെ തോൽപ്പിച്ചാൽ പാക്കിസ്ഥാന് സൂപ്പർ ഫോറിൽ പ്രവേശിക്കാം.