

ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും
ന‍്യൂഡൽഹി: സമീപകാലത്ത് ഇന്ത‍്യൻ ടീം നേരിട്ട തോൽവികൾക്കു പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ സ്പിന്നറും ഗംഭീറിന്‍റെ സഹതാരവുമായ ഹർഭജൻ സിങ്.
ഗംഭീറിന്‍റെ ശൈലി എല്ലാവർക്കും സ്വീകാര‍്യമായി തോന്നണമെന്നില്ലെന്നും തനിക്കറിയാവുന്ന ഗംഭീർ വളരെയധികം ആവേശഭരിതനായ താരമാണെന്നും ഹർഭജൻ പറഞ്ഞു. ഗംഭീർ ഇത്രയധികം വിമർശനങ്ങൾ നേരിടുന്നത് എന്തുകൊണ്ടാണെന്നും ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തപ്പോൾ പരിശീലകനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ മനസ് തുറന്നത്. തനിക്ക് പരിചയമുള്ള ഗംഭീർ കളിയോട് വളരെയധികം അഭിനിവേശമുള്ള താരമാണെന്നും ടീമിനെപ്പോഴും അദ്ദേഹം മുൻഗണന നൽകിയിരുന്നുവെന്നും ഭാജി പറഞ്ഞു.
ആദ‍്യമായി ഇന്ത‍്യൻ ടീമിലെത്തിയ സമയം ഗംഭീർ ഒരു അന്തർമുഖനായിരുന്നുവെന്നും( ഇൻട്രോവെർട്ട്) ചുരുക്കം ചില താരങ്ങളോട് മാത്രമെ സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് വീരു( വീരേന്ദർ സേവാഗ്), അമിത് മിശ്ര, മുനാഫ് പട്ടേൽ എന്നിവരായിരുന്നു അവന്‍റെ സുഹൃത്തുക്കൾ.
അവൻ ഇപ്പോഴും അവരുമായി സൗഹൃദത്തിലാണോയെന്ന് എനിക്കറിയില്ല. ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഹർഭജൻ പറഞ്ഞു. അവൻ മികച്ചൊരു വ‍്യക്തിയാണ്. കാര‍്യങ്ങൾ തുറന്നടിച്ചു പറയും. മുഖം നോക്കി ഒരാളെ വിലയിരുത്തരുത്. അവൻ അതിസമർഥനായ വ‍്യക്തിയാണ്.
ക്രിക്കറ്റ് എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് അവന് വ‍്യക്തമായ ധാരണയുണ്ട്. ജയിക്കാൻ വേണ്ടി മാത്രം കളിക്കുക എന്ന ചിന്താഗതി ടീമിലേക്ക് കൊണ്ടുവരാൻ വേണ്ടി മാത്രമാണ് അവൻ ആഗ്രഹിക്കുന്നത്. മത്സരം പൊരുതി തോറ്റാലും അവൻ കാര‍്യമാക്കില്ല. പക്ഷേ സമനിലയ്ക്ക് വേണ്ടി കളിച്ചാൽ അവൻ മിക്കവാറും അംഗീകരിക്കില്ല. ഹർഭജൻ പറഞ്ഞു.
അതേസമയം, ഹർഭജൻ ശുഭ്മൻ ഗില്ലിനെയും പുകഴ്ത്തി. ഇന്ത‍്യൻ ടീമിനെ നയിക്കാൻ അനുയോജ‍്യനായ താരമാണ് ഗില്ലെന്നും വിജയം ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നത് അല്ലെന്നും ഹർഭജൻ പറഞ്ഞു.
ഗില്ലിന്‍റെ ക‍്യാപ്റ്റൻസിയിൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ (ഇന്ത‍്യ 2-2ന് സമനില പിടിച്ചു) അവൻ കഴിവ് തെളിയിച്ചത് നമ്മൾ കണ്ടതാണ്. ഒരു ക‍്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും അവന്‍റെ കഴിവുകളുടെ തെളിവായിരുന്നു അത്. മറ്റുള്ളവരെക്കാളും കൂടുതൽ റൺസ് അവൻ നേടി. ഞാൻ അവന് ഉയർന്ന മൂല‍്യം നൽകും. ഉയർച്ച താഴ്ചകളുണ്ടാകും. എന്നിരുന്നാലും അവൻ മികച്ച താരമാണ്. മാത്രമല്ല അവൻ വളരെ നല്ലൊരു മനുഷ‍്യനാണ്. അതിന് വലിയ പ്രാധാന‍്യമുണ്ട്. ഹർഭജൻ പറഞ്ഞു.