

ഹർഭജൻ സിങ്, ഇഷാൻ കിഷൻ
ന‍്യൂഡൽഹി: ഇന്ത‍്യൻ ടീമിന്‍റെ ഏകദിന ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പകരം ഇഷാൻ കിഷനെ ഇത്തവണത്തെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ച സെലക്റ്റർമാരുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത‍്യൻ താരം ഹർഭജൻ സിങ്. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു ഹർഭജൻ പിന്തുണയുമായി രംഗത്തെത്തിയത്.
ഗില്ലിന് പകരം ഇഷാനെ ലോകകപ്പിലേക്ക് പരിഗണിച്ചത് അനീതിയായി തോന്നിയെങ്കിലും ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനാൽ ഇഷാൻ ടീമിലെത്തേണ്ടത് അനിവാര‍്യമായിരുന്നുവെന്നും ശ്രീലങ്കയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇഷാന്‍റെ പ്രകടനം ടീമിന് നിർണായകമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.
ശക്തമായ ബൗളിങ് നിരയുള്ള പാക്കിസ്ഥാനെതിരേ ഇഷാൻ നേടിയ 77 റൺസാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. പിന്നീട് ഇഷാൻ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി മലയാളി താരം സഞ്ജു സാംസണ് പിന്തുണ നൽകി മിന്നും പ്രകടനം കാഴ്ചവച്ചു. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനവും ശുഭ്മൻ ഗില്ലിന്‍റെ ഫോം ഇല്ലായ്മയുമാണ് ഇഷാന് ഇന്ത‍്യൻ ടി20 ടീമിലേക്കുള്ള വഴിതുറന്നത്. ടി20 ലോകകപ്പിൽ 317 റൺസാണ് ഇഷാൻ അടിച്ചെടുത്തത്.