
മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കാലിനു പരുക്കേറ്റ പാണ്ഡ്യക്ക് ന്യൂസിലൻഡിനെതിരേ കളിക്കാനായിരുന്നില്ല.
വഴുതി വീണ് കാലിന് ഉളുക്കുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടോ മൂന്നോ മത്സരങ്ങളിൽ കൂടി പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബംഗളൂരുവിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലാണ് പാണ്ഡ്യ.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുൻപ് പാണ്ഡ്യ ലഖ്നൗവിലെത്തുമെന്നാണ് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതു സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇടതു കാൽക്കുഴയ്ക്ക് നീരുണ്ടായിരുന്നത് മാറിയെങ്കിലും മരുന്ന് തുടരുകയാണെന്നാണ് എൻസിഎയിൽ നിന്നറിയുന്നത്.
അതേസമയം, കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്താകണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. ഈ സാഹചര്യത്തിൽ പാണ്ഡ്യക്കു മതിയായ വിശ്രമം അനുവദിച്ച് നോക്കൗട്ട് മത്സരങ്ങൾക്കു മുൻപ് പൂർണ മത്സരസജ്ജനാക്കിയെടുക്കാനാവും ടീം മാനെജ്മെന്‍റ് ആലോചിക്കുക.