Hardik Pandya
Hardik Pandya

ഹാർദിക് പാണ്ഡ്യയുടെ മുംബൈ മോഹം ഫ്രീസറിൽ

ഗുജറാത്ത് ടൈറ്റൻസ് സമർപ്പിച്ച അന്തിമ പട്ടികയിൽ ക്യാപ്റ്റന്‍റെ സ്ഥാനത്ത് ഹാർദികിന്‍റെ പേര് തന്നെ
Published on

മുംബൈ: ഇന്ത്യൻ ടീമിന്‍റെ പ്രീമിയം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐപിഎൽ ടീം മാറാൻ നടത്തിയ ശ്രമം ത്രിശങ്കുവിലായി. മിനി ലേലത്തിനു മുൻപ് നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഞായറാഴ്ചയും ടീം മാറ്റം യാഥാർഥ്യമായിട്ടില്ല.

ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായ ഹാർദിക്, തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യൻസിലേക്കു മാറാനാണ് ശ്രമിക്കുന്നത്. ഹാർദികിന്‍റെ താത്പര്യപ്രകാരം ഇക്കാര്യത്തിൽ ഇരു ടീമുകളുടെയും അധികൃതർ തമ്മിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

കളിക്കാരെ പരസ്പരം വച്ചുമാറുന്ന രീതി ഐപിഎല്ലിൽ പതിവുള്ളതാണെങ്കിലും, ഗുജറാത്ത് ടൈറ്റൻസ് ഹാർദികിനു പകരം കളിക്കാരെ വേണ്ടെന്നും, അദ്ദേഹത്തിനു വേണ്ടി ലേലത്തിൽ മുടക്കിയ 15 കോടി രൂപ തിരിച്ചുകിട്ടിയാൽ മതിയെന്നുമാണ് മുംബൈ ഇന്ത്യൻസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഐപിഎൽ ചട്ടങ്ങൾ പ്രകാരം മുംബൈക്കു ചെലവാക്കാവുന്ന തുകയിൽ ആകെ അഞ്ച് ലക്ഷം രൂപ മാത്രമാണ് ശേഷിച്ചിരുന്നത്.

ടീമുകൾ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ അന്തിമ പട്ടിക വന്നപ്പോൾ ഹാർദികിനെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ എന്ന നിലയിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണിൽ തന്നെ ചാംപ്യൻമാരാക്കിയ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. രണ്ടാം സീസണിൽ ഫൈനലിലുമെത്തിച്ചിരുന്നു.

എന്നാൽ, തന്‍റെ കരിയറിന് വളക്കൂറു നൽകിയ മുംബൈയിലേക്കു മടങ്ങിപ്പോകാനാണ് ഹാർദികിന്‍റെ ആഗ്രഹം. അദ്ദേഹത്തെ തിരിച്ചുകിട്ടണമെന്ന് മുംബൈക്കും ആഗ്രഹമുണ്ട്. മെഗാ ലേലത്തിനു മുൻപ് നാലു കളിക്കാരെ മാത്രം നിലനിർത്താൻ അനുമതിയുണ്ടായിരുന്നപ്പോൾ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറൺ പൊള്ളാർഡ് എന്നിവരെ മുംബൈ നിലനിർത്തിയതു കാരണമാണ് ഹാർദികിന്‍റെ പേര് വീണ്ടും ലേലത്തിൽ വന്നത്. പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിന് പൂളിൽ നിന്ന് മൂന്നു പേരെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടായിരുന്നതിനാൽ 15 കോടി മുടക്കി ഹാർദികിനെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

മുംബൈയിലേക്കു മാറുമ്പോൾ ഭാവി ക്യാപ്റ്റൻസി കൂടിയാണ് ഹാർദിക് ആവശ്യപ്പെട്ടിരുന്നതെന്നാണ് സൂചന. നിലവിൽ ഐപിഎല്ലിൽ ഏറ്റവും വലിയ നേട്ടങ്ങൾക്കുടമയായി ക്യാപ്റ്റനാണ് മുംബൈയെ നയിക്കുന്നത്- രോഹിത് ശർമ. ഓപ്പണിങ് ബാറ്റർ എന്ന നിലയിലും രോഹിതിന്‍റെ സാന്നിധ്യം മുംബൈക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ഭാവി ക്യാപ്റ്റൻ എന്ന ഉറപ്പ് മാത്രമാണ് ഹാർദികിനു മുംബൈ നൽകിയിരുന്നത്.

Hardik Pandya
ഐപിഎൽ ടീമുകൾ നിലനിർത്തിയവരും ഒഴിവാക്കിയവരും

അതേസമയം, അന്തിമ പട്ടികകൾ പുറത്തുവന്നെങ്കിലും, ഹാർദികിന് ഇനിയും ടീം മാറാൻ അവസരമുണ്ട്. കളിക്കാരെ പരസ്പരം കൈമാറുന്ന പ്ലെയർ ട്രേഡ് വഴിയാണിത്. ഇതിനു പക്ഷേ, ഗുജറാത്ത് തയാറാകാൻ സാധ്യത കുറവാണ്. മുംബൈയും ഒഴിവാക്കേണ്ട കളിക്കാരെയെല്ലാം ഒഴിവാക്കിക്കഴിഞ്ഞ സാഹചര്യത്തിൽ, ഹാർദികിനു പകരം ആരെ വിട്ടുനൽകുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടാകും.

logo
Metro Vaartha
www.metrovaartha.com