

മുംബൈ ഇന്ത്യൻസിനെതിരേ യുപി വാര്യേഴ്സ് ബാറ്റർ ഹർലീൻ ഡിയോളിന്‍റെ ഷോട്ട്.
മുംബൈ: ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഡബ്ല്യുപിഎൽ (വനിതാ പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ്) മത്സരത്തിനിടെ മോശം സ്ട്രൈക്ക് റേറ്റിന്‍റെ പേരിൽ ഡഗ് ഔട്ടിലേക്ക് തിരിച്ചുവിളിച്ചതിന് മധുര പ്രതികാരം ചെയ്ത് യുപി വാരിയേഴ്സ് ബാറ്റർ ഹർലീൻ ഡിയോൾ. ഹർലീൻ ഡിയോളിന്‍റെ മികവിലാണ് ടൂർണമെന്‍റിലെ ആദ്യ ജയം കഴിഞ്ഞ ദിവസം വാരിയേഴ്സ് സ്വന്തമാക്കിയത്.
ഹർലീൻ അർധ സെഞ്ചുറിയുമായി കത്തിക്കയറിയപ്പോൾ കരുത്തരായ മുംബൈ ഇന്ത്യൻസിനെ ഏഴു വിക്കറ്റിനാണ് യുപി കീഴടക്കിയത്. 39 പന്തിൽ 12 ബൗണ്ടറി അടക്കം 64 റൺസുമായി പുറത്താകാതെ നിന്ന ഹർലീനാണ് മുംബൈ ഇന്ത്യൻസ് മുന്നിൽവച്ച 162 എന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാൻ യുപിയെ സഹായിച്ചത്.
ക്യാപ്റ്റൻ മെഗ് ലാനിങ് (25), ഫോബി ലിച്ച്ഫീൽഡ് (25), ക്ലോയെ ട്രയോൺ (27 നോട്ടൗട്ട്) എന്നിവരും യുപിയുടെ വിജയത്തിൽ നിർണായക സംഭാവനകൾ നൽകി. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി നാറ്റ് സ്കിവർ ബ്രന്‍റും (65) അമൻജോത് കൗറും (38) നിക്കോള ക്യാരിയും (32 നോട്ടൗട്ട്) തിളങ്ങി.
ഡൽഹിക്കെതിരായ മുൻ മത്സരത്തിൽ അർധ സെഞ്ചുറിക്ക് മൂന്ന് റൺസ് മാത്രം അകലെ നിൽക്കെയാണ് ഹർലീനെ കോച്ച് അഭിഷേക് നായർ ഡഗ് ഔട്ടിലേക്ക് തിരിച്ചുവിളിച്ചത്. ഹർലീൻ വേഗം സ്കോർ ചെയ്യുന്നില്ലെന്ന് വിലയിരുത്തിയായിരുന്നു നടപടി. ടീമിലെ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ ആത്മവിശ്വാസം തകർക്കുന്നതും മികവിനെ ചോദ്യംചെയ്യുന്നതുമായി മാനെജ്മെന്‍റിന്‍റെ നടപടി വിമർശിക്കപ്പെട്ടു.
ബാറ്റിങ് ശൈലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്നും മികച്ച രീതിയിൽ കളക്കാനായതാണ് വിജയത്തിന് കാരണമെന്നും മുംബൈയ്ക്കെതിരായ മത്സരശേഷം ഹർലീൻ പ്രതികരിച്ചു. ഡൽഹിയുമായുള്ള മത്സരത്തിലെ സംഭവം തന്നെ സമ്മർദത്തിലാക്കിയില്ലെന്നും താരം പറഞ്ഞു.