സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ ഇന്നിങ്‌സിനുശേഷം കണ്ണീരടക്കാനാകാതെ ഹർമൻപ്രീത് കൗർ

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം
Harmanpreet Kaur unable to hold back tears after a spectacular innings against Zimbabwe.

സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ ഇന്നിങ്‌സിനുശേഷം കണ്ണീരടക്കാനാകാതെ ഹർമൻപ്രീത് കൗർ

Updated on: 

റായ്പുർ: മോശം ഫോമിൽ നിന്ന് കരകയറി സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കണ്ണീരടക്കാനാകാതെ വിതുമ്പിയത് ശ്രദ്ധേയമായി. 41 പന്തിൽ പുറത്താകാതെ 91 റൺസാണ് ഹർമൻപ്രീത് നേടിയത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം.

ഈ മാസം ആദ്യം എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ 37കാരിയായ ഹർമൻപ്രീതിന് അവസാന 10 മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലും നേടാനായിരുന്നില്ല. വനിതാ ടി20 ഏഷ്യാ കപ്പിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യ കിരീടം നേടിയെങ്കിലും ബാറ്റിങ്ങിൽ ഹർമൻപ്രീതിന് കാര്യമായ സംഭാവന നൽകാനായിരുന്നില്ല.

“വളരെ സന്തോഷം തോന്നുന്നു. കളി ആസ്വദിക്കുക മാത്രമായിരുന്നു ലക്ഷ്യം. ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാനും മൈതാനത്ത് ബാറ്റിങ് ആസ്വദിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്”- ഇന്നിങ്‌സ് ഇടവേളയിൽ ഹർമൻപ്രീത് പറഞ്ഞു.

ഇന്നിങ്‌സിനുശേഷം കമന്‍റേറ്റർമാരുമായുള്ള അഭിമുഖത്തിനിടെ താരത്തിന് കണ്ണീർ നിയന്ത്രിക്കാനായില്ല. ഇന്ത്യൻ വനിതാ ടീമിന്‍റെ മുൻ പരിശീലകൻ ഡബ്ല്യു.വി. രാമനുമായി സംസാരിക്കുന്നതിനിടെയാണ് ഹർമൻപ്രീത് വിതുമ്പിയത്.

“കഴിയുന്നത്ര നേരം ബാറ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിന് സാധിച്ചതിൽ സന്തോഷമുണ്ട്. ഡബ്ല്യു.വി. രാമനും ഇതിന്‍റെ ക്രെഡിറ്റ് നൽകണം. ഞങ്ങൾ എത്തിയപ്പോൾ തന്നെ അദ്ദേഹം ഇടപെട്ട്, ‘ഇനി നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യൂ’ എന്ന് പറഞ്ഞു. എനിക്ക് ചെയ്യേണ്ടിയിരുന്നതും അതുതന്നെയാണ്. കളി ആസ്വദിക്കണമെന്നായിരുന്നു ആഗ്രഹം. ആ വാക്കുകൾക്ക് നന്ദി”- ഹർമൻപ്രീത് പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതോടെ സമ്മർദങ്ങളില്ലാതെയാണ് ഇനി കളിക്കാനിറങ്ങുന്നതെന്നും താരം വ്യക്തമാക്കി.

“ഇപ്പോൾ സമ്മർദമൊന്നുമില്ലെന്നാണ് തോന്നുന്നത്. മൈതാനത്തിറങ്ങി കളി ആസ്വദിക്കുക എന്നതാണ് ഇനി പ്രധാനം. അതാണ് ഞാൻ ആഗ്രഹിക്കുന്നതും”- താരം പറഞ്ഞു.

10 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതായിരുന്നു ഹർമൻപ്രീതിന്‍റെ ഇന്നിങ്‌സ്.

logo
Metro Vaartha
www.metrovaartha.com