ബംഗ്ലാദേശിലെ മാസ് ഡയലോഗ്: ഇന്ത്യൻ ക്യാപ്റ്റനെ വിലക്കാൻ സാധ്യത

''ഒറ്റയ്ക്കാണോ വന്നത്, സഹായിച്ച അംപയറെ കൂടി കൂട്ടാമായിരുന്നില്ലേ?'', ബംഗ്ലാദേശ് ക്യാപ്റ്റനോട് ഹർമൻപ്രീത് കൗർ
അംപയറുടെ തെറ്റായ തീരുമാനത്തിൽ ഔട്ടായ ഹർമൻപ്രീത് കൗർ സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുന്നു (ഇടത്ത്).
അംപയറുടെ തെറ്റായ തീരുമാനത്തിൽ ഔട്ടായ ഹർമൻപ്രീത് കൗർ സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുന്നു (ഇടത്ത്).
Updated on

ദുബായ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ഐസിസി രണ്ടു മത്സരങ്ങളിൽ വിലക്കേർപ്പെടുത്താൻ സാധ്യത. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയും, മത്സരശേഷവും ഇന്ത്യൻ ക്യാപ്റ്റന്‍റെ പെരുമാറ്റം അച്ചടക്കലംഘനമായിരുന്നു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.

മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ബംഗ്ലാദേശും ജയിച്ചപ്പോൾ, മൂന്നാം മത്സരം ടൈയിലാണ് അവസാനിച്ചത്. മൂന്നാം മത്സരത്തിൽ തന്‍റെ പാഡിൽ തട്ടിയ പന്ത് സ്ലിപ്പിൽ ക്യാച്ചെടുത്തത് അംപയർ ഔട്ട് വിധിച്ചതാണ് ഹർമൻപ്രീതിനെ പ്രകോപിപ്പിച്ചത്. ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചു തെറിപ്പിച്ച ഹർമൻ, അംപയറോട് കയർത്തു സംസാരിച്ച ശേഷമാണ് പിച്ച് വിട്ടത്. ഗ്യാലറിക്കടുത്തെത്തിയപ്പോൾ ബംഗ്ലാദേശ് ആരാധകരെ നോക്കി തംബ്സ് അപ്പ് കാണിക്കുകയും ചെയ്തു.

മത്സരശേഷം ട്രോഫി വിതരണച്ചടങ്ങിൽ സംരാരിക്കുമ്പോൾ, പരമ്പരയിലെ പരിതാപകരമായ അംപയറിങ്ങിനെക്കുറിച്ച് പരസ്യമായി വിമർശനമുന്നയിക്കാനും ഹർമൻപ്രീത് മടിച്ചില്ല. പരമ്പര സമനിലയിലായതിനാൽ ട്രോഫി പങ്കുവയ്ക്കാൻ ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന എത്തിയപ്പോൾ, ''ഒറ്റയ്ക്കാണോ വന്നത്, സഹായിച്ച അംപയറെ കൂടി കൂട്ടാമായിരുന്നില്ലേ?'' എന്നു ചോദിക്കുകയും ചെയ്തിരുന്നു.

പിന്നീട്, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന വാർത്താസമ്മേളനത്തിൽ സംസാരിച്ചപ്പോൾ, ഡിആർഎസ് ഇല്ലാത്ത സാഹചര്യത്തിൽ ഇനിയെങ്കിലും നിഷ്പക്ഷ അംപയർമാരെ നിയമിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു.

നിലവിൽ രണ്ട് പെനൽറ്റി പോയിന്‍റുകളാണ് ഹർമൻപ്രീതിനു മേൽ ചുമത്തിയിരിക്കുന്നത്. ഉപകരണങ്ങൾക്ക് (സ്റ്റമ്പ്) കേടുപാട് വരുത്തിയ വകുപ്പിൽ മൂന്നു പോയിന്‍റും, മാച്ച് ഒഫീഷ്യലുകളെ പരസ്യമായി വിമർശിച്ചതിന് ഒരു പോയിന്‍റും. നേരത്തെ, ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ ഹെൽമെറ്റ് വലിച്ചെറിഞ്ഞതിനും ഹർമൻപ്രീതിന് പെനൽറ്റി പോയിന്‍റ് ലഭിച്ചിരുന്നു.

24 മാസത്തിനിടെ നാലിലധികം പോയിന്‍റ് ലഭിച്ചാൽ സസ്പെൻഷൻ പോയിന്‍റുകളാക്കി മാറ്റാൻ സാധിക്കും. അങ്ങനെ വന്നാൽ, ലെവൽ-2 കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ലോകത്തെ തന്നെ ആദ്യ വനിതാ ക്രിക്കറ്ററായി മാറും ഇന്ത്യൻ ക്യാപ്റ്റൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com